തപാല്‍ വകുപ്പിന്റെ ഡാക് സേവക് നിയമനത്തിന് സ്‌റ്റേ

പൊന്നാനി: കേരള സര്‍ക്കിളില്‍ തപാല്‍ വകുപ്പിന്റെ അഞ്ച് ഡിവിഷനുകളിലെ ഡാക് സേവക് നിയമനം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ തടഞ്ഞു. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം നോര്‍ത്ത്, സൗത്ത്, തിരുവല്ല കൊല്ലം ഡിവിഷനുകളിലെ നിയമനമാണ് നിര്‍ത്തിവച്ചത്. കേരളത്തില്‍ തപാല്‍ ഓഫിസുകളില്‍ കൂടുതല്‍ നിയമനം ഉത്തരേന്ത്യക്കാര്‍ക്കാണെന്നാരോപിച്ച് കൊല്ലം സ്വദേശിയായ ഉദ്യോഗാര്‍ഥി നല്‍കിയ പരാതിയിലാണ് ഉത്തരവുണ്ടായത്. തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും 95 ശതമാനം മാര്‍ക്കാണു കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപിച്ചാണു പരാതി.
അതേസമയം, വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്നാണു തപാല്‍വകുപ്പിന്റെ നിയമനവിഭാഗത്തിന്റെ വിശദീകരണം.
പോസ്റ്റ് ഓഫിസുകളില്‍ ഉത്തരേന്ത്യയില്‍നിന്നുള്ളവര്‍ക്ക് കൂട്ട നിയമനമെന്നാണു പ്രധാന ആരോപണം. മലയാളം നന്നായി അറിഞ്ഞിരിക്കേണ്ട പോസ്റ്റല്‍ സോര്‍ട്ടിങ് അസിസ്റ്റന്റ്, പോസ്റ്റ്മാന്‍ തസ്തികകളിലാണ് ബിഹാര്‍, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ എത്തുന്നത്. 2015ല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തിയ പോസ്റ്റല്‍ സോര്‍ട്ടിങ് അസിസ്റ്റന്റ് പരീക്ഷ പ്രകാരം കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച രണ്ടാംഘട്ട നിയമന പട്ടികയില്‍ കേരളത്തില്‍ നിയമനം നേടിയ 31 പേരില്‍ രണ്ടുപേര്‍ മാത്രമാണ് മലയാളികള്‍. കേരളത്തില്‍ മാത്രമല്ല, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളില്‍ നിയമിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഉത്തരേന്ത്യക്കാരാണ്. പ്രാദേശികഭാഷ നന്നായി അറിഞ്ഞിരിക്കേണ്ട ഇത്തരം തസ്തികകളില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ളവരുടെ വരവിനെ സംശയത്തോടെയാണ് ഉദ്യോഗാര്‍ഥികള്‍ കണ്ടിരുന്നത്.
ഇതേ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ 1037 പേരെ നിയമിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ 373 പേരെയും ഡല്‍ഹിയില്‍ 463 പേരെയും നിയമിച്ചുകഴിഞ്ഞു. ഇതിനു പുറമെയാണ് ദക്ഷിണേന്ത്യയിലെ ഒഴിവുകള്‍ കൂടി ഉത്തരേന്ത്യക്കാര്‍ കൈയടക്കുന്നത്.
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷകള്‍ക്ക് കേരളത്തില്‍ നിന്നു വന്‍തോതില്‍ അപേക്ഷകരുണ്ടാവാറുണ്ടെങ്കിലും നിയമനം ലഭിക്കുന്നത് വിരലിലെണ്ണാവുന്നവര്‍ക്ക് മാത്രമാണ്. മികവില്ലായ്മയാണ് കാരണമെന്നാണു പൊതുവേ അധികൃതരുടെ മറുപടി.
എന്നാല്‍ എസ്എസ്‌സി പരീക്ഷകളില്‍ ഉത്തരേന്ത്യന്‍ സംഘങ്ങള്‍ നടത്തുന്ന ക്രമക്കേട് പുറത്തുവന്നതോടെ മുന്‍ പരീക്ഷകളുടെ ഫലങ്ങളിലും ഉദ്യോഗാര്‍ഥികളില്‍ സംശയം ഉയരുകയാണ്.
Next Story

RELATED STORIES

Share it