Kottayam Local

തപാല്‍വകുപ്പ് സ്ഥലം നല്‍കിയില്ല : എംസി റോഡ് വികസനം വഴിമുട്ടുന്നു



ചങ്ങനാശ്ശേരി: ചെങ്ങന്നൂര്‍- മൂവാറ്റുപുഴ എംസി റോഡുവികസനത്തിന്റെ ഭാഗമായി പണികള്‍ പുരോഗമിക്കുമ്പോഴും ഓടനിര്‍മാണം പൂര്‍ത്തിയാക്കാനാവാതെ കെഎസ്ടിപി കുഴങ്ങുന്നു. റോഡ് കടന്നുപോവുന്ന ഭാഗത്തെ തപാല്‍ വകുപ്പില്‍നിന്നും സ്ഥലം ലഭ്യമാവാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. ചങ്ങനാശ്ശേരി, പള്ളം, ഏറ്റുമാന്നൂര്‍, കുറവിലങ്ങാട്, കടുത്തുരുത്തി എന്നീ തപാല്‍ ഓഫിസുകളുടെ സ്ഥലമാണ് റോഡു വികസനത്തിനായി വിട്ടുതരണമെന്ന് അപേക്ഷിച്ചിട്ടും ലഭിക്കാതെ വന്നിരിക്കുന്നത്. എംസി റോഡിന്റെ ഓരം ചേര്‍ന്നാണ് ഈ അഞ്ചു തപാല്‍ ഓഫിസുകളും പ്രവര്‍ത്തിക്കുന്നത്. റോഡിന്റെ മറ്റ് ഭാഗങ്ങളിലെ സ്ഥലമെടുപ്പും പണികളും ഏകദേശം പൂര്‍ത്തിയായെങ്കിലും തപാല്‍ ഓഫിസുകള്‍ക്ക് മുന്നിലെ പ്രവൃത്തികള്‍ നിലച്ചമട്ടാണ്. അഞ്ചിടങ്ങൡലെയും ഓടകള്‍ കടന്നുപോവേണ്ടത് ഈ ഓഫിസുകളുടെ അതിര്‍ത്തികളിലൂടെയാണ്്. ഓടനിര്‍മാണത്തിനാവശ്യമായ സ്ഥലം വിട്ടുനല്‍കണമെന്ന് പണികള്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ കെഎസ്ടിപി കേന്ദ്ര തപാല്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവരുടെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ലഭിച്ചില്ലെന്ന് കെഎസ്ടിപി അധികൃതര്‍ പറയുന്നു. ചങ്ങനാശ്ശേരി നഗരത്തില്‍ പെരുന്ന മുതല്‍ സെന്‍ട്രല്‍ ജങ്ഷന്‍വരെ മൂന്നുഘട്ടങ്ങളിലായാണ് പണികള്‍ നടന്നുവരുന്നത്. ഇതില്‍ ഒന്നും രണ്ടുംഘട്ട പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മൂന്നാംഘട്ടവും അവസാനത്തേതുമായ പണികള്‍ നടക്കുന്നിടത്താണ് ച—ങ്ങനാശ്ശേരി ഹെഡ് പോസ്‌റ്റോഫിസ് സ്ഥിതിചെയ്യുന്നത്. പുതിയ റോഡുവികസനം വന്നപ്പോള്‍ ഈ ഓഫിസിനരികില്‍ക്കൂടി ഓടസ്ഥാപിക്കേണ്ട സ്ഥിതിയുണ്ടായി. എന്നാല്‍, ഓഫിസ് മതിലിനുള്ളില്‍ക്കൂടിയാണ് പുതിയ റോഡെന്നുള്ളതുകൊണ്ട് മതില്‍ പൊളിക്കേണ്ടതായിട്ടുണ്ട്. സ്ഥലം നല്‍കാത്തതുകാരണം മതിലിനോട് ചേത്ത് ഓട നിര്‍മിച്ച് ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതിന് സമാനമായ നിലയിലാണ് മറ്റ് നാലു തപാല്‍ ഓഫിസുകളുടെ അവസ്ഥയെന്നും  അധികൃതര്‍ പറയുന്നു. മഴ ശക്തമാവുന്നതോടെ ഈ ഭാഗത്തെ ഓടകളില്‍ വെള്ളം കെട്ടിനില്‍ക്കുകയും നീരൊഴുക്ക് തടസ്സപ്പെട്ട് റോഡിലേക്കു വെള്ളമൊഴുകി ഗതാഗത തടസ്സമുണ്ടാവാനുള്ള സാധ്യതയുമേറെയാണ്.
Next Story

RELATED STORIES

Share it