malappuram local

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താറുമാറാവുന്നു

പൊന്നാനി: പ്ലാന്‍ ഫണ്ടുകള്‍ ലഭിക്കുന്നതിലെ കാലതാമസം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ട്രഷറിയില്‍ നിന്ന് ഫണ്ട് ലഭിക്കാന്‍ വൈകുന്നതിനാല്‍ റോഡ് നിര്‍മാണത്തിനുള്ള ടാര്‍ വാങ്ങല്‍, ഭവന നിര്‍മാണം എന്നീ പദ്ധതികളാണ് മുടങ്ങുന്നത്.
നാല് മാസത്തോളമായി ഫണ്ട് കിട്ടാന്‍ വൈകാന്‍ തുടങ്ങിയിട്ട്. ഹെഡ് ഓഫ് അക്കൗണ്ടില്‍ വന്ന മാറ്റമാണ് ഫണ്ട് നല്‍കുന്നതിന് കാലതാമസം വരാനുള്ള കാരണമായി ട്രഷറി അധികൃതര്‍ പറയുന്നത്. പുതിയ നിര്‍ദ്ദേശ പ്രകാരമുള്ള ഹെഡ് ഓഫ് അക്കൗണ്ട് നല്‍കിയിട്ടും ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ഭരണകര്‍ത്താക്കള്‍ പറയുന്നത്. നേരത്തേ വിവിധ ഹെഡ് ഓഫ് അക്കൗണ്ടുകളിലായി ഫണ്ടുകള്‍ അനുവദിച്ചിരുന്നു. ഈ രീതിയിലുളള ഫണ്ട് വിനിയോഗത്തില്‍ അപാകതകള്‍ വര്‍ധിച്ചെന്ന് ധനകാര്യ വകുപ്പ് ആക്ഷേപം ഉന്നയിച്ചതോടെ തുക അനുവദിക്കുന്നത് ട്രഷറി സേവിങ്ങ് ബാങ്ക് മുഖേനയുള്ള അക്കൗണ്ട് വഴിയാക്കി. ഇതു വഴിയായതോടെ ഫണ്ടു വിനിയോഗത്തിന്റെ ഓരോ ഘട്ടവും വിലയിരുത്താനാവുമെന്ന് ധനകാര്യ വകുപ്പ് പറയുന്നു. പുതിയ സംവിധാന പ്രകാരം ചെക്കുകള്‍ വഴി മാത്രമെ ഇടപാടുകള്‍ നടത്താനാവൂ. അതേസമയം, കേന്ദ്രത്തിന്റെതുള്‍പ്പെടെയുള്ള പല പദ്ധതികള്‍ക്കും വെവ്വേറെ അക്കൗണ്ടുകള്‍ വഴി തന്നെയാണ് ഇപ്പോഴും ഫണ്ട് ലഭിക്കുന്നത്. സാങ്കേതിക നടപടികള്‍ ലഘൂകരിച്ച് ഉടന്‍ ഫണ്ടുകള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ആവശ്യം. ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും പദ്ധതി വിഹിതത്തിന്റെ 30 ശതമാനം തുക മാത്രമാണ് ഇതിനകം ചെലവാക്കിയിട്ടുള്ളത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ അവശേഷിക്കുന്നത് മൂന്ന് മാസം മാത്രമാണ്. ഇതിനുള്ളില്‍ പരമാവധി ഫണ്ടുകള്‍ വിനിയോഗിക്കാനുള്ള തിരക്കിലാണ് തദ്ധേശ ഭരണ സ്ഥാപനങ്ങള്‍. ഈ സാമ്പത്തിക വര്‍ഷം ലഭിച്ച ഫണ്ട് വിനിയോഗിച്ചതിന് ആനുപാതികാമായി മാത്രമെ അടുത്ത സാമ്പത്തിക വര്‍ഷം ഫണ്ട് അനുവദിക്കൂ.
Next Story

RELATED STORIES

Share it