Idukki local

തദ്ദേശ സ്ഥാപനങ്ങളില്‍ അട്ടിമറി തുടരുന്നു

തോമസ് ജോസഫ്

ഇടുക്കി: ഇടുക്കിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അട്ടിമറികളുടെ പരമ്പര തന്നെയാണ് ഇപ്പോള്‍. അഴുത ബ്ലോക്ക് പഞ്ചായത്തും പീരുമേട് ഗ്രാമപ്പഞ്ചായത്തും പിടിച്ചെടുത്തതിനു പുറമേ കൊന്നത്തടി പഞ്ചായത്തും എല്‍ഡിഎഫിന്റെ കൈപ്പിടിയില്‍ ഒതുങ്ങുമെന്ന സ്ഥിതിയിലേക്കുള്ള രാഷ്്ട്രീയ സാഹചര്യമാണുള്ളത്. ഇതിനിടെ പകരത്തിനു പകരമെന്ന നിലയില്‍ വെള്ളിയാമറ്റത്ത് യുഡിഎഫും ഗോളടിച്ചു. വെള്ളിയാമറ്റത്ത് സ്വതന്ത്ര അംഗം പിന്തുണ പിന്‍വലിച്ചതോടെ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. 15 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ ആറ് എല്‍ഡിഎഫ് അംഗങ്ങളും കര്‍ഷകക്കൂട്ടായ്മയുടെ ഒരു അംഗവുമായിരുന്നു ഉണ്ടായിരുന്നത്. സ്വതന്ത്രനായി വിജയിച്ച എ കെ അനൂപ്കുമാറിന്റെ പിന്തുണയോടെയായിരുന്നു വെള്ളിയാമറ്റത്ത് ഇടതുമുന്നണി ഭരണത്തിലെത്തിയത്. പിന്തുണ പിന്‍വലിച്ചതിനോടൊപ്പം വികസന സ്ഥിരംസമിതി അധ്യക്ഷസ്ഥാനവും അനൂപ് രാജിവച്ചിരിക്കുകയാണ്. യുഡിഎഫില്‍ കോണ്‍ഗ്രസ് രണ്ട്, കേരള കോണ്‍ഗ്രസ് (എം) ഒന്ന്, കോണ്‍ഗ്രസ് റിബല്‍ രണ്ട്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. നിലവിലെ പഞ്ചായത്ത് ഭരണസമിതിക്കെതിരേ പ്രതിപക്ഷം ഒറ്റക്കെട്ടായി നീക്കം ആരംഭിച്ചിട്ടുള്ളതായി സൂചനയുണ്ട്. പ്രതിപക്ഷാംഗങ്ങള്‍ ഒരുമിച്ചുള്ള നീക്കമാണ് അനൂപിന്റെ പിന്തുണ പിന്‍വലിച്ചതിനു പിന്നിലെന്നു സൂചനയുണ്ട്. കൊന്നത്തടി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി പ്രസിഡന്റ് മോഹനന്‍നായര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയം 20നു ചര്‍ച്ചയ്‌ക്കെടുക്കും. എന്നാല്‍, ഇതിനു മുമ്പ് പ്രസിഡന്റ് രാജിവച്ചേക്കുമെന്നാണു സൂചന. യുഡിഎഫില്‍നിന്ന് കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ വിട്ടുപോയി സിപിഎമ്മുമായി ചേര്‍ന്നാണ് അവിശ്വാസപ്രമേയത്തിനു നോട്ടിസ് നല്‍കിയിട്ടുള്ളത്. പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച പഞ്ചായത്ത് അംഗങ്ങളുടെയും മറ്റു പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെയും യോഗം ചേര്‍ന്നിരുന്നു. 19 അംഗ പഞ്ചായത്ത് ഭരണസമിതിയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് അഞ്ചും സിപിഎമ്മിന് അഞ്ചും അംഗങ്ങളാണുള്ളത്. ഇവര്‍ ഒന്നിച്ചതോടെ അവിശ്വാസപ്രമേയം വിജയിക്കുമെന്ന സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ മോഹനന്‍നായരുടെ രാജിവാങ്ങി കേരളാ കോണ്‍ഗ്രസ് എമ്മുമായി ചര്‍ച്ചനടത്തി യുഡിഎഫ് സംവിധാനം ശക്തിപ്പെടുത്താനാവുമോ എന്ന് കോണ്‍ഗ്രസില്‍ ശ്രമം നടക്കുന്നുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ പ്രസിഡന്റുപദം രാജിവയ്ക്കുമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. മോഹനന്‍നായര്‍ രാജിവച്ചാല്‍ത്തന്നെ പിന്നീടുള്ള കാര്യങ്ങളെ സംബന്ധിച്ചും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. അവിശ്വാസം വിജയിച്ചാല്‍ അടുത്ത പ്രസിഡന്റ് സ്ഥാനത്തേക്കു കേരള കോണ്‍ഗ്രസ് പ്രതിനിധിക്കു പിന്തുണ നല്‍കാനാണു സിപിഎം തീരുമാനം. ഈ സാഹചര്യത്തില്‍ മോഹനന്‍നായര്‍ രാജിവച്ചാലും കേരള കോണ്‍ഗ്രസ് (എം) പിന്തുണ കോണ്‍ഗ്രസിനു ലഭിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അഴുത ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫിലെ കേരള കോണ്‍ഗ്രസ് എമ്മിന്റെയും ആര്‍എസ്പിയുടെയും പ്രതിനിധികള്‍ ഇടതുപക്ഷത്തേക്ക് കൂറുമാറിയതാണ് അപ്രതീക്ഷിതമായി ഇടതുമുന്നണിക്ക് ലോട്ടറിയടിച്ചത്. തൊട്ടുപിന്നാലെ പീരുമേട് പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റും വൈസ് പ്രസിഡന്റും കോണ്‍ഗ്രസിന് കൈവിട്ടുപോയി. രണ്ടുപേരും ഇടതുമുന്നണിയില്‍ ചേക്കേറിയതോടെ ഭരണവും ഇടതുമുന്നണിക്ക് ലഭിച്ചു. വിപ്പ് ലംഘിച്ചതായി പരാതി പോയതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തെളിവെടുപ്പു നടക്കുകയാണ് അഴുത ബ്ലോക്ക് പഞ്ചായത്തില്‍. ഒരുതവണ സിറ്റിങ് നടന്നുകഴിഞ്ഞു. പീരുമേട് ഗ്രാമപ്പഞ്ചായത്തിലെ അട്ടിമറിക്കെതിരേയും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it