thiruvananthapuram local

തട്ടുകടകള്‍ക്ക് റേറ്റിങ് നടപ്പാക്കാന്‍ തീരുമാനം

തിരുവനന്തപുരം: നഗരത്തിലെ തട്ടുകടകള്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കാന്‍ പോലിസ് അനുമതി നല്‍കി. വൃത്തിയും വെടിപ്പുമുള്ള സാഹചര്യത്തില്‍ പാചകം  ചെയ്തു ശുചിത്വമുള്ള ഭക്ഷണം നല്‍കാന്‍ നഗരത്തിലെ തട്ടുകടകള്‍ക്കു  റേറ്റിങ് കൊണ്ടുവരാന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് തീരുമാനിച്ചു. തട്ടുകടകള്‍ക്കു  വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കും.
പരമാവധി തട്ടുകടകളില്‍ സിസി ടിവി കാമറ വയ്ക്കണമെന്ന നിര്‍ദേശം തട്ടുകടക്കാര്‍ അംഗീകരിച്ച സാഹചര്യത്തിലാണു സമയം ദീര്‍ഘിപ്പിച്ചത്. നഗരസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ പോലിസിനെ അറിയിക്കണം. തട്ടുകടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചുവെങ്കിലും സ്ഥിതിഗതികള്‍ മോശമായാല്‍ പിന്‍വലിക്കുമെന്നു കമ്മിഷണര്‍ പി പ്രകാശ് പറഞ്ഞു. നേരത്തേ രാത്രി 11ന് തട്ടുകടകള്‍ അടയ്ക്കണമായിരുന്നു. അവസാനനിമിഷത്തെ കച്ചവടവും അത് അടപ്പിക്കാന്‍ പോലിസ് ഇടപെടുന്നതും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. തുടര്‍ന്നാണു തട്ടുകടക്കാരുടെ പ്രതിനിധികള്‍ കമ്മിഷണറെ കണ്ടത്.  നിലവിലെ സാഹചര്യത്തില്‍ വാഹനങ്ങളിലും കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന തട്ടുകടകളില്‍ മാത്രമേ സിസിടിവി സ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ. 10വര്‍ഷം മുമ്പാണു തട്ടുകടകളുടെ രാത്രി പ്രവര്‍ത്തനസമയം 11 വരെയായി നിശ്ചയിച്ചത്. ഗുണ്ടകളുടെ സ്ഥിരം താവളമായി തട്ടുകടകള്‍ മാറുന്നുവെന്ന പരാതിയെത്തുടര്‍ന്നായിരുന്നു തീരുമാനം.
രാത്രി വൈകി ട്രെയിനിലും ബസ്സിലും എത്തുന്നവര്‍ക്കു ഭക്ഷണം ലഭിക്കാറില്ല. ഈ പരാതിക്കു പരിഹാരം കൂടിയാണു സമയം ദീര്‍ഘിപ്പിച്ചത്. നൈറ്റ് ലൈഫ് ശീലം കൂടിവരുന്നതും പോലിസ് പരിഗണിച്ചിരുന്നു.
ഹോട്ടലുകള്‍ക്കും  റസ്റ്റോറന്റുകള്‍ക്കും നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന വ്യവസ്ഥകളാണ് ഇനിമുതല്‍ നഗരത്തിലെ തട്ടുകടകള്‍ക്കും നിര്‍ബന്ധമാക്കാന്‍  ഭക്ഷ്യസുരക്ഷ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.  നഗരത്തിലെ  പലതട്ടുകടകളും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നെന്ന പരാതികളുടെ അടിസ്ഥാനത്തിലാണു കര്‍ശന നടപടികളിലേക്കു  കടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യപടിയായി ജില്ലയിലെ  തട്ടുകട ഉടമകള്‍ക്കു ബോധവല്‍കരണ ക്ലാസുകള്‍ നല്‍കും.
Next Story

RELATED STORIES

Share it