തടവുകാര്‍ക്ക് ശിക്ഷയിളവ്: ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചതായി സര്‍ക്കാര്‍

കൊച്ചി: വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് സംസ്ഥാനത്തെ ജയിലുകളില്‍ കഴിയുന്ന 739 പേര്‍ക്ക് ശിക്ഷാ ഇളവ് നല്‍കണമെന്ന ശുപാര്‍ശ ഗവര്‍ണര്‍ തിരിച്ചയച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ ഹൈക്കോടതിയില്‍ കേസ് നിലവിലുള്ളതു ചൂണ്ടിക്കാട്ടിയാണ് പട്ടിക ഗവര്‍ണര്‍ തിരിച്ചയച്ചതെന്ന് ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ സുഭാഷ് സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തില്‍ പറയുന്നു.
രാഷ്ട്രീയ കൊലപാതക കേസുകളിലെയടക്കം പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം തടണമെന്നാവശ്യപ്പെട്ട് തൃശൂരിലെ പൊതു പ്രവര്‍ത്തകന്‍ പി ഡി ജോസഫ് സമര്‍പ്പിച്ച ഹരജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം. തടവുകാരില്‍ ശിക്ഷായിളവ് ലഭിക്കേണ്ടവരുടെ അപേക്ഷ പരിഗണിച്ച് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കണമെന്നും ഗവര്‍ണറുടെ തീരുമാനം അറിയിക്കണമെന്നും 2017 ജൂലൈ 17ന് ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ തടവുകാരെ വിട്ടയക്കാവൂ എന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഭരണഘടനാപരമായ അധികാരം വിനിയോഗിച്ചു കഴിഞ്ഞാല്‍ ഒരു പരിധിക്കപ്പുറം കോടതി ഇടപെടല്‍ സാധ്യമല്ലെന്നും പട്ടിക തിരിച്ചയച്ചുള്ള കുറിപ്പില്‍ ഗവര്‍ണര്‍ രേഖപ്പെടുത്തിയിട്ടുള്ളതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഗവര്‍ണര്‍ പട്ടിക മടക്കി അയച്ച സാഹചര്യത്തില്‍ ശിക്ഷയിളവ് നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോവാനാവാത്ത അവസ്ഥയാണ്. കോടതിയുടെ ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നു സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ശിക്ഷായിളവിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. നേരത്തെ ജയില്‍ ഡിജിപി തയാറാക്കിയ ലിസ്റ്റിലെ 1264 തടവുകാരില്‍ 739 പേര്‍ മാത്രമാണു മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യരെന്നു കണ്ടെത്തിയതെന്നും ഇവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it