thiruvananthapuram local

തടവുകാര്‍ക്കായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുല്യതാ പഠനകേന്ദ്രം തുറന്നു

തിരുവനന്തപുരം: തടവുകാര്‍ക്കു പഠനത്തിനായി സാക്ഷരതാമിഷന്റെ പത്താംതരം - ഹയര്‍സെക്കന്‍ഡറി തുല്യതാ പഠനകേന്ദ്രം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തുറന്നു. നിരക്ഷരരില്ലാത്ത ജയില്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പാക്കുന്ന “ജയില്‍ ജ്യോതി’ പദ്ധതിയുടെ തുടര്‍ച്ചയാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ജയിലില്‍ സാക്ഷരാതമിഷന്‍ പഠന കേന്ദ്രം ആരംഭിക്കുന്നത്.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പഠനകേന്ദ്രം സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുഴുവന്‍ ജനവിഭാഗങ്ങളെയും മുഖ്യധാരയിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ജയിലില്‍ പഠനകേന്ദ്രം ആരംഭിച്ചതെന്ന് അവര്‍ പറഞ്ഞു. കേവലം അക്ഷരങ്ങളിലൂടെയുള്ള സാക്ഷരതക്കുപരി ആരോഗ്യകരമായ സാമൂഹികജീവിതം നയിക്കാന്‍ വ്യക്തികളെ പ്രാപ്തരാക്കുന്ന സാമൂഹികബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പഠനകേന്ദ്രം ആരംഭിച്ചതെന്ന് അവര്‍ പറഞ്ഞു.
മറ്റു ജയിലുകളിലും സാക്ഷരതാമിഷന്റെ പഠനകേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. സെന്‍ട്രല്‍ ജയിലില്‍ പത്താംതരം പരീക്ഷയെഴുതി വിജയിച്ച എട്ടു പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ഡോ. പി എസ് ശ്രീകല നിര്‍വഹിച്ചു. ദക്ഷിണമേഖല ജയില്‍ ഡിഐജി ബി പ്രദീപ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എസ് സന്തോഷ്, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പ്രശാന്ത്കുമാര്‍ പങ്കെടുത്തു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പത്താംതരത്തിന് 19 പേരും ഹയര്‍സെക്കന്‍ഡറിക്ക് 10 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ ജയിലുകളിലായി സാക്ഷരതയ്ക്ക് 365 പേരും നാലാംതരത്തിന് 191 പേരും ഏഴാംതരത്തില്‍ 98 പേരും നിലിവല്‍ പഠിച്ചുവരുന്നു.
പത്താംതരത്തിന് 62 പേരും ഹയര്‍ സെക്കന്‍ഡറിക്ക് 31 പേരും പഠിതാക്കളായുണ്ട്. എല്ലാ വിഭാഗത്തിലും പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ പഠിതാക്കളുള്ളത്. ഇവിടെ സാക്ഷരത - 93, നാലാംതരം- 58, ഏഴാംതരം- 24, പത്താംതരം- 19, ഹയര്‍ സെക്കന്‍ഡറി- 10 എന്നിങ്ങനെയാണ് കണക്ക്. ജയില്‍ ജ്യോതി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി നേരത്തെ 297 പേര്‍ സാക്ഷരതാ പരീക്ഷയും 60 പേര്‍ നാലാംതരം തുല്യതാപരീക്ഷയുമെഴുതിയിരുന്നു.
Next Story

RELATED STORIES

Share it