wayanad local

തടയണകള്‍ തീര്‍ത്ത് പടിഞ്ഞാറത്തറ മാതൃകയാവുന്നു

പടിഞ്ഞാറത്തറ: പുഞ്ചകൃഷിക്ക് താങ്ങായും കിണറുകള്‍ക്ക് ആശ്വാസമായും പടിഞ്ഞാറത്തറയില്‍ തടയണ നിര്‍മാണം പുരോഗമിക്കുന്നു. മുന്‍വര്‍ഷം തടയണ നിര്‍മാണത്തിലൂടെ കിണറുകളില്‍ വെള്ളം നിലനിര്‍ത്താനും പുഞ്ചകൃഷി പ്രോല്‍സാഹിപ്പിക്കാനും കഴിഞ്ഞതോടെയാണ് ഈ വര്‍ഷവും തടയണ നിര്‍മാണത്തിന് പഞ്ചായത്ത് ഭരണസമിതി മുന്നിട്ടിറങ്ങിയത്. പുതുശ്ശേരിക്കടവ് കുന്നുമംഗലം കടവിനോട് ചേര്‍ന്ന പതിനഞ്ച് ഹെക്ടറോളം വയലിലാണ് ഈ വര്‍ഷം പുതുതായി പുഞ്ചകൃഷിയിറക്കുന്നത്. ചൈതന്യ, പള്ളിത്താഴെ പാടശേഖരസമിതികളാണ് ഇവിടെ കൃഷിയിറക്കുന്നത്. ഈ കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്നത് കുന്നുമംഗലം കടവില്‍ തടയണ നിര്‍മിച്ച് വെള്ളം കെട്ടിനിര്‍ത്തി വെള്ളം ജനറേറ്റര്‍ ഉപയോഗിച്ച് പമ്പ് ചെയ്താണ്. മുന്‍വര്‍ഷം തടയണ നിര്‍മിച്ചതോടെ പ്രദേശത്തെ കിണറുകളില്‍ വെള്ളം താഴാതെ നിലനിര്‍ത്താന്‍ കഴിഞ്ഞതായും കൂടുതല്‍ നെല്‍കൃഷി നടത്താന്‍ കഴിഞ്ഞതായും കണ്ടെത്തിയിരുന്നു. ഇതോടെയാണ് നാട്ടുകാരും കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ചേര്‍ന്ന് കടവില്‍ തടയണ നിര്‍മാണം വിപുലീകരിച്ചത്. നേരത്തെയുണ്ടായിരുന്ന ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള തടയണയ്ക്കു മുകളില്‍ മണലും മണ്ണും നിറച്ച ചാക്കുകള്‍ നിരത്തിയാണ് കൂടുതല്‍ വെള്ളം കെട്ടിനിര്‍ത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പുഴയോട് ചേര്‍ന്നും തോടുകളിലും തടയണ നിര്‍മിക്കാന്‍ ഭരണസമിതി തീരുമാനിച്ചിരുന്നു.
Next Story

RELATED STORIES

Share it