Flash News

തച്ചങ്കരിക്കെതിരേ നടപടി വേണ്ടെന്ന നളിനി നെറ്റോയുടെ കത്ത് പുറത്ത്



തിരുവനന്തപുരം: അഴിമതിക്കേസില്‍ ടോമിന്‍ തച്ചങ്കരിയെ സംരക്ഷിക്കുന്നതരത്തിലുള്ള നളിനി നെറ്റോയുടെ കത്ത് പുറത്ത്. പൊതുപ്രവര്‍ത്തകനായ കെ എം ഷാജഹാനാണ് വാര്‍ത്താസമ്മേളനത്തിലൂടെ രേഖകള്‍ പുറത്തുവിട്ടത്. പാലക്കാട് ആര്‍ടിഒയോട് കൈക്കൂലി വാങ്ങിയ കേസുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം. വിജിലന്‍സ് ഡയറക്ടറുടെ കത്തിന് നളിനി നെറ്റോ നല്‍കിയ മറുപടിയാണ് വിവാദമായിരിക്കുന്നത്. ടോമിന്‍ തച്ചങ്കരിക്കെതിരേ നടപടി വേണ്ടെന്ന സമീപനമാണ് കത്തിലുള്ളത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ പാലക്കാട് ആര്‍ടിഒ ശരവണനോട് മൂന്നുലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസില്‍ ടോമിന്‍ തച്ചങ്കരിയെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന നളിനി നെറ്റോയ്ക്ക് കത്ത് നല്‍കിയിരുന്നു. തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ റിപോര്‍ട്ടില്‍ സസ്‌പെന്റ് ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ നടപടി വേണ്ടെന്നായിരുന്നു നളിനി നെറ്റോയുടെ മറുപടി. അന്വേഷണം തുടങ്ങി ആറുമാസം കഴിഞ്ഞെന്നും തച്ചങ്കരി ഇപ്പോള്‍ കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപിയുടെ ചുമതല വഹിക്കുന്നതിനാല്‍ സസ്‌പെന്റ് ചെയ്യേണ്ടതില്ലെന്നും നളിനി നെറ്റോ മറുപടി നല്‍കി. നിരവധി അച്ചടക്ക നടപടി നേരിടേണ്ടിവന്ന തച്ചങ്കരിയെ പിണറായി സര്‍ക്കാര്‍ സംരക്ഷിക്കുന്നതായും ആക്ഷേപമുണ്ട്.    തച്ചങ്കരിയെ  എഡിജിപിയാക്കിയതില്‍ ദുരൂഹതയുണ്ടെന്നും തല്‍സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഉടന്‍ മാറ്റണമെന്നും കെ എം ഷാജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it