ernakulam local

തകര്‍ന്ന റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി വാഹനഗതാഗതം പുനസ്ഥാപിച്ചു

കൊച്ചി: കലൂരില്‍ കെട്ടിടം ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് തകര്‍ന്ന റോഡ് യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. അറ്റക്കുറ്റ പണികള്‍ പൂര്‍ത്തിയാക്കി ഇന്നലെ വൈകുന്നേരം ഏഴോടെയാണ് റോഡ് വീണ്ടും തുറന്നത്. 90 ശതമാനം പണി പൂര്‍ത്തിയാക്കിയ റോഡിലൂടെ ചെറുവാഹനങ്ങളെയാണ് ആദ്യഘട്ടത്തില്‍ കടത്തി വിടുന്നത്.
ശേഷിക്കുന്ന ജോലി രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ബസുകളുള്‍പ്പെടെയുള്ള വലിയ വാഹനങ്ങളെയും ഇതുവഴി കടത്തിവിടുമെന്ന് പിഡബ്ല്യൂഡി അധികൃതര്‍ അറിയിച്ചു. അപകടത്തെ കുറിച്ച് പഠിക്കുവാന്‍ ആദ്യം നിയോഗിച്ച സമിതി ഇന്നലെ റോഡ് പരിശോധിച്ച് കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു.
തുടര്‍ന്നാണ് റോഡ് ചെറുവാഹനങ്ങള്‍ക്കായി തുറന്ന് നല്‍കുവാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. അപകടം നടന്ന ഒരാഴ്ച്ച പിന്നിട്ടതിന് ശേഷമാണ് റോഡിന്റെ പണി പൂര്‍ത്തിയാക്കുവാന്‍ സാധിച്ചത്. കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്തെ കെട്ടിടം ഇടിഞ്ഞ് താണതിനെ തുടര്‍ന്നാണ് ഈ ഭാഗത്തെ റോഡും തകര്‍ന്നത്.
നാല് ദിവസത്തിനുള്ളില്‍ റോഡ് പണി പൂര്‍ത്തിയാക്കുമെന്നായിരുന്നു ജില്ലാ കലക്ടര്‍ അറിയിച്ചത്. എന്നാല്‍ തകര്‍ന്ന കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിലെ കാലതാമസമാണ് റോഡിന്റെ പണി പൂര്‍ത്തിയാക്കുവാന്‍ പ്രതീക്ഷിച്ചതിലും മൂന്ന് ദിവസം വൈകിപ്പിച്ചത്.
പഴയ റോഡ്, പുതിയ റോഡിനൊപ്പം ഉയര്‍ത്തിയത് വാഹനങ്ങള്‍ മറിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുവാനും സഹായിക്കും.
കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തിലാണു ജോലികള്‍ പൂര്‍ത്തിയാക്കിയത്. പൈല്‍ ചെയ്ത സ്ഥലത്തു വിദഗ്ധ സമിതി നിര്‍ദേശിച്ചതനുസരിച്ചു അഞ്ചു മീറ്റര്‍ ഉയരത്തില്‍ നിര്‍മാണ കമ്പനി ചുവന്ന മണ്ണും നിറച്ചിട്ടുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായതോടെ ഇന്ന് മുതല്‍ വാട്ടര്‍ അതോറിറ്റി വീണ്ടും നിര്‍മാണ ജോലികള്‍ ആരംഭിക്കും. ജലവിതരണം പുനസ്ഥാപിക്കുന്നതിനാവശ്യമായ പൈപ്പുകള്‍ നേരത്തെ ഇറക്കിയെങ്കിലും റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ആ ഭാഗത്ത് ജോലികള്‍ നീട്ടിവയ്ക്കുകയായിരുന്നു. 300 എംഎമ്മിന്റെയും 700 എംഎമ്മിന്റെയും രണ്ടു പൈപ്പ് ലൈനുകളാണ് തകര്‍ന്ന റോഡിന് സമീപത്ത് കൂടി കടന്നു പോയിരുന്നത്. ഇതില്‍ 700 എംഎം പൈപ്പിലൂടെ ഭാഗികമായാണ് ഇപ്പോള്‍ ജലം വിതരണം ചെയ്യുന്നത്. ഇതോടെ സമീപ പ്രദേശങ്ങളില്‍ ജലക്ഷാമവും രൂക്ഷമായി കൊണ്ടിരിക്കുന്നു. നിലവില്‍ ടാങ്കറുകളില്‍ കുടിവെള്ളമെത്തിച്ചാണ് ക്ഷാമം പരിഹരിച്ചത്. പൈപ്പ് പണി വൈകുന്നതിനാല്‍ ഇവിടേയ്ക്ക് മറ്റ് ലൈനുകളില്‍ നിന്ന് വെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
19 ന്  രാത്രിയിലാണു കലൂര്‍ മെട്രോ സ്റ്റേഷനു സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സംരക്ഷണ ഭിത്തിയുടെ പൈലുകള്‍ തകര്‍ന്ന് അപകടമുണ്ടായത്. ഇതേ തുടര്‍ന്നു അടിയന്തരമായി മെട്രോ സര്‍വീസും വാഹന ഗതാഗതവും നിര്‍ത്തി. പരിശോധനകള്‍ക്കു ശേഷം മെട്രോ സര്‍വീസ് പിന്നീട് പുനരാരംഭിച്ചെങ്കിലും റോഡ് നിര്‍മാണം പൂര്‍ത്തിയാവുന്നതു വരെ നോര്‍ത്തില്‍ നിന്ന് കലൂരിലേക്കുള്ള വാഹനങ്ങള്‍ മണപ്പാട്ടിപറമ്പ് വഴി തിരിച്ചു വിടുകയായിരുന്നു.
Next Story

RELATED STORIES

Share it