wayanad local

തകര്‍ന്ന റോഡുകളില്‍ വെള്ളക്കെട്ട്: യാത്രക്കാരെ കാത്തിരിക്കുന്നത് ചതിക്കുഴികള്‍

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ പ്രധാന റോഡുകള്‍ പലതും പൊട്ടിപൊളിഞ്ഞിട്ടും നന്നാക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. ഇപ്രാവശ്യം വേനല്‍ സമൃദ്ധമായി ലഭിച്ചതോടെ റോഡുകളില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുകയാണ്.
സംസ്ഥാനപാതയില്‍ പുല്‍പ്പള്ളി-സുല്‍ത്താന്‍ ബത്തേരി റൂട്ടില്‍ താഴെയങ്ങാടിയില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടു. ബൈക്ക് യാത്രക്കാരടക്കം ഇവിടെ അപകടത്തില്‍പെടുന്നു. അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ക്രീറ്റ് ചെയ്ത് ഈ കുഴി അടച്ചിരുന്നു. താന്നിത്തെരുവ്-ചെറ്റപ്പാലം റൂട്ടിലും വന്‍ ഗര്‍ത്തങ്ങളാണ് രൂപപ്പെട്ടിട്ടുള്ളത്. മഴ പെയ്യുമ്പോള്‍ ഇവിടത്തെ ഗര്‍ത്തങ്ങളില്‍ വെള്ളം കെട്ടികിടക്കുന്നതില്‍ ചെറുവാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും പതിവ് കാഴ്ച്ചയാണ്. ജലനിധി പൈപ്പ് സ്ഥാപിക്കലുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി ടൗണിലെ പല ഭാഗങ്ങളിലും റോഡ് കുത്തിപൊളിച്ചിട്ടിരിക്കുകയാണ്. ജലനിധി അധികൃതര്‍ ഒരുകോടിയോളം രൂപ റോഡിന്റെ അറ്റകുറ്റ പണികള്‍ക്കായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റില്‍ അടച്ചിട്ടും റോഡുകള്‍ നന്നാക്കാന്‍ നടപടി സ്വീകരിക്കുന്നില്ല.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാടിച്ചിറ-സീതാമൗണ്ട്-കൊളവള്ളി റോഡും പാടെ തകര്‍ന്ന് കിടക്കുകയാണ്. മഴ പെയ്യുന്നതോടെ ഇവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞ് റോഡിലൂടെയുള്ള യാത്ര ദുരിതമാകും. മഴ തുടങ്ങുന്നതിനു മുമ്പുതന്നെ റോഡിന്റെ അറ്റകുറ്റപണികളെങ്കിലും പൂര്‍ത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it