തകര്‍ത്തെറിഞ്ഞു; വയനാടിന്റെ വികസനത്തെ

വിളകളുടെ വിലക്കുറവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നു പതിയെ കരകയറാനുള്ള ശ്രമത്തിലായിരുന്നു വയനാടിന്റെ നട്ടെല്ലായ കാര്‍ഷികമേഖല. കൃഷി അനുബന്ധ മേഖലകളുടെ തകര്‍ച്ചയില്‍ കടപുഴകിയ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ പകരം നിര്‍ദേശിക്കപ്പെട്ടത് വിനോദസഞ്ചാര മേഖലയുടെ വികസനമായിരുന്നു. എന്നാല്‍ ഈ രണ്ടു മേഖലകളെയും തകര്‍ത്തെറിഞ്ഞാണ് പ്രളയം ചുരത്തിന് മുകളിലൂടെ ഒഴുകിയത്.....
നിലയ്ക്കാത്ത കര്‍ഷകവിലാപങ്ങളുടെ നാടിന്റെ അതിജീവനത്തിനുള്ള അവസാന ശ്വാസവും നിലച്ചോ എന്നു ശങ്കിച്ചുപോവുംവിധം വീണ്ടും വിഷപാത്രത്തിന്റെയും ഒരു മുഴം കയറിന്റെയും കഥകള്‍ കേട്ടുതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ കര്‍ഷക ആത്മഹത്യയെന്ന വാര്‍ത്തയില്‍ ഇടം പിടിച്ചത് മൂന്നു പേര്‍. 'എത്രയെത്ര പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും കേട്ടതാണ്. അതിലൊന്നും മനം മയങ്ങിയല്ല, വീണ്ടും നിലമൊരുക്കി വിത്തിറക്കിയത്. കുലത്തൊഴിലിനൊപ്പം കൈമാറി വന്നതാണ് മണ്ണ് ചതിക്കില്ലെന്ന വിശ്വാസം. പക്ഷേ ഇനി, വിത്തെറിയാനുള്ള നിലംപോലും ബാക്കിവച്ചില്ലല്ലോ'-പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ട പടിഞ്ഞാറത്തറ തരിയോട് സ്വദേശി രവീന്ദ്രന് നിരാശ മാത്രം.
കൃഷിവകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുപ്രകാരം 1008.64 കോടിയാണ് കാര്‍ഷികമേഖലയ്ക്കുണ്ടായ നഷ്ടം. പ്രാഥമിക കണക്കെടുപ്പില്‍ നഷ്ടം 331.44 കോടിയായിരുന്നു. കൂടുതല്‍ പരിശോധനകളിലാണ് നഷ്ടം 1000 കോടി കവിഞ്ഞത്. വിളനാശം, കൃഷിയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, കൃഷി ഓഫിസുകളുടെ തകര്‍ച്ച, സംരംഭങ്ങളുടെ നാശം എന്നിവ ഉള്‍പ്പെടെയാണ് നഷ്ടം കണക്കാക്കിയത്.
100060.7 ഹെക്ടര്‍ വിളനാശമാണ് ജില്ലയിലുണ്ടായത്. 82100 കര്‍ഷകര്‍ കെടുതികള്‍ക്കിരയായി. വാഴകൃഷിയിലാണ് കൂടുതല്‍ നാശമുണ്ടായത്. 2420 ഹെക്ടറിലെ 60,50,000 കുലച്ച വാഴകളും 605 ഹെക്ടറിലെ 15,12,500 കുലയ്ക്കാത്ത വാഴകളും നശിച്ചു. കുലച്ച വാഴകള്‍ നശിച്ച് 16050 ലക്ഷത്തിന്റെയും കുലയ്ക്കാത്ത വാഴകള്‍ നശിച്ച് 2100 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി. കായ്ഫലമുള്ള 90 ലക്ഷം കമുകുകള്‍ നശിച്ച് 878.16 ലക്ഷത്തിന്റെയും കായ്ഫലമില്ലാത്ത മൂന്ന് ലക്ഷം കമുകുകള്‍ നശിച്ച് 101.14 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി.
കായ്ഫലമുള്ള 73,500 തെങ്ങുകള്‍ നശിച്ചു. 85.5 ലക്ഷമാണ് ഈ ഇനത്തിലെ നഷ്ടം. കായ്ക്കാത്ത 51800 തെങ്ങുകള്‍ നശിച്ച് 28.5 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കാപ്പി കര്‍ഷകര്‍ക്കും കനത്ത നഷ്ടമാണുണ്ടായത്. 67200 ഹെക്ടറില്‍ കാപ്പികൃഷി നശിച്ചതായാണ് കണക്കാക്കുന്നത്. കായ്ക്കുന്ന 6.72 കോടി കാപ്പിത്തൈകളാണ് നശിച്ചത്്. 66321.6 ലക്ഷത്തിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. 373 ഹെക്ടറില്‍ ഇഞ്ചികൃഷി നശിച്ച് 735 ലക്ഷത്തിന്റെ നഷ്ടമുണ്ടായി.
നെല്‍കൃഷി 2010 ഹെക്ടറില്‍ നശിച്ച് 1250 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്്. കുരുമുളകു ചെടികള്‍ കായ്ഫലമുള്ളത് 7700 ഹെക്ടറില്‍ 770000 എണ്ണം നശിച്ച് 5155 ലക്ഷത്തിന്റെയും തൈക്കൊടികള്‍ 1252 ഹെക്ടറില്‍ 1252000 എണ്ണം നശിച്ച് 451 ലക്ഷത്തിന്റെയും നഷ്ടം സംഭവിച്ചു.
ടാപ്പ് ചെയ്യുന്ന 3050 ഹെക്ടര്‍ റബര്‍ നശിച്ച് 2622 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. 150 ഹെക്ടറില്‍ തൈ റബറുകളും നശിച്ചു. 66 ലക്ഷത്തിന്റെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. 3762.84 ഹെക്ടര്‍ തേയിലകൃഷി നശിച്ച് 2314.475 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. 450 ഹെക്ടറില്‍ പച്ചക്കറി നശിച്ച് 675.3 ലക്ഷത്തിന്റെ നഷ്ടവും സംഭവിച്ചു.
കിഴങ്ങുവര്‍ഗ വിളകള്‍ 400 ഹെക്ടറില്‍ നശിച്ചു. 800 ലക്ഷമാണ് നഷ്ടം. മഞ്ഞള്‍ 15 ഹെക്ടറില്‍ നശിച്ച് 32 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 10 ഹെക്ടറില്‍ പാഷന്‍ഫ്രൂട്ട് കൃഷി നശിച്ചു. 50 ലക്ഷമാണ് നഷ്ടം. ജാതി കായ്ഫലമുള്ളത് 1.3 ഹെക്ടറില്‍ 228 എണ്ണം നശിച്ച് 8.2 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. പൂച്ചെടികള്‍ 30 ഹെക്ടറില്‍ നശിച്ച് 135 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. 30 ഹെക്ടറില്‍ കായ്ഫലമുള്ള 3000 കശുമാവുകള്‍ നശിച്ച് ആറു ലക്ഷത്തിന്റെ നഷ്ടമുണ്ടായി. ഏലം കായ്ച്ചത് 60 ഹെക്ടറില്‍ നശിച്ച് 38.40 ലക്ഷത്തിന്റെയും കായ്ക്കാത്തത് 580 ഹെക്ടറില്‍ നശിച്ച് 174 ലക്ഷത്തിന്റെയും നഷ്ടമുണ്ടായി.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മറ്റുമുണ്ടായ സ്ഥലങ്ങള്‍ വീണ്ടും കൃഷിയോഗ്യമാക്കുന്നതിന് 5.53 കോടിയുടെ ചെലവാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്. പോളിഹൗസുകള്‍, റെയിന്‍ ഷെല്‍റ്ററുകള്‍, പമ്പ്‌സെറ്റുകള്‍, പമ്പ്ഹൗസുകള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ നശിച്ച് 74 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കൃഷി ഓഫിസുകള്‍ തകര്‍ന്ന് 18 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. വൈത്തിരി, പൊഴുതന കൃഷിഭവനുകളും പനമരം കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫിസിലും വെള്ളം കയറിയാണ് നാശനഷ്ടമുണ്ടായത്. ഓഫിസുകളിലെ കംപ്യൂട്ടറുകളും രേഖകളും ഫര്‍ണിച്ചറുമെല്ലാം നഷ്ടപ്പെട്ടു.
വയലില്‍ നട്ട വാഴയും നെല്ലും ഇഞ്ചിയും കപ്പയും പച്ചക്കറികളും വെള്ളം കെട്ടിനിന്നു നശിച്ചതോടെ തെറ്റിയത് ഉപജീവനത്തിനു കൃഷിയെ ആശ്രയിക്കുന്നവരുടെ കണക്കുകൂട്ടല്‍. നിലവില്‍ ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോവുമെന്നറിയാതെ ഉഴലുകയാണ് കര്‍ഷകരും ആദിവാസികള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകത്തൊഴിലാളികളും. സമഗ്രമായ പാക്കേജ് വേണമെന്നാണ് ആവശ്യമുയരുന്നത്. എന്നാല്‍ മുന്‍വര്‍ഷത്തെ നഷ്ടപരിഹാരം പോലും പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല. വിളകളുടെ വിലസ്ഥിരതയും വളമുള്‍പ്പെടെ അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവും പഴങ്കഥകള്‍ മാത്രമായിരിക്കുന്നു. പഴയ കാര്‍ഷിക പ്രൗഢിയിലേക്ക് തിരികെയെത്താന്‍ വേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലാണ്. ഒപ്പം പദ്ധതികളെന്ന പേരില്‍ പ്രഖ്യാപിക്കപ്പെടുന്ന കോടികള്‍ കൃഷിയിടങ്ങളിലെത്തുന്നുവെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനവും.
പ്രളയത്തിനിടയാക്കിയ സാഹചര്യവും വിനോദസഞ്ചാര മേഖലയിലെ വികസന പദ്ധതികളും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നും ഇല്ലെന്നുമുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ് പ്രളയാനന്തര വയനാട്ടില്‍. ഒന്നുറപ്പാണ് കടല്‍ കടന്ന പ്രൗഢിയിലേക്ക് വയനാടന്‍ ടൂറിസം മേഖല തിരികെയെത്താന്‍ കാലമേറെയെടുക്കും. പ്രളയവും ഉരുള്‍പൊട്ടലും ജില്ലയുടെ ടൂറിസം മേഖലയില്‍ 4.58 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്.
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് മാത്രമുണ്ടായ നഷ്ടക്കണക്കാണിത്. സ്വകാര്യ മേഖലയിലെ കണക്കുകൂടിയെടുത്താല്‍ നഷ്ടം ഇരട്ടിയിലധികമാവും. കനത്ത മഴയില്‍ ജില്ലയിലെ പ്രധാന വിനോദകേന്ദ്രങ്ങളെല്ലാം വെള്ളത്തിനടിയിലായിരുന്നു. പഴശ്ശി പാര്‍ക്കും കുറുവ ദ്വീപും ആഴ്ചകളോളം വെള്ളത്തിനടിയിലായി. ബാണാസുര ഡാമില്‍ മാത്രം 44 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്. കാരാപ്പുഴയില്‍ 10 ലക്ഷത്തിന്റെ നഷ്ടമുണ്ടായി. പൂക്കോട് തടാകത്തില്‍ മഴയില്‍ കുടുങ്ങിപ്പോയ ആനക്കൂട്ടം നിരവധി ഉപകരണങ്ങള്‍ നശിപ്പിച്ചു. വയനാട് ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് 13 ബോട്ടുകളാണ് ഡിടിപിസി വിട്ടുനല്‍കിയത്. 11 ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഈയിനത്തില്‍ 2 ലക്ഷത്തിന്റെ നഷ്ടമാണ് ഡിടിപിസിക്കുണ്ടായത്. ലൈഫ് ജാക്കറ്റുകള്‍ നശിച്ച് ഒന്നേമുക്കാല്‍ ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കാര്‍ഷികമേഖല കഴിഞ്ഞാല്‍ ടൂറിസം മേഖലയാണ് ജില്ലയിലെ പ്രധാന വരുമാന മേഖല. സന്ദര്‍ശകരുടെ എണ്ണം കുറഞ്ഞതോടെ ടൂറിസം മേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരും ദുരിതത്തിലായിരിക്കുകയാണ്. രണ്ടു കേന്ദ്രങ്ങളൊഴികെ മറ്റ് കേന്ദ്രങ്ങളെല്ലാം തുറന്നു. കാന്തന്‍പാറയും ചെമ്പ്ര മലയും മാത്രമാണിനി തുറക്കാനുള്ളത്. റോഡ് തകര്‍ന്നതിനാലാണ് ചെമ്പ്ര അടച്ചിട്ടത്. ചെമ്പ്രയില്‍ ഉടന്‍ തന്നെ ബദല്‍ റോഡുണ്ടാക്കി സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. നിലവില്‍ ചെമ്പ്രമലയിലും ഇടക്കല്‍ ഗുഹയിലും മാത്രമാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുള്ളത്. മറ്റു കേന്ദ്രങ്ങള്‍ തുറന്നെങ്കിലും സന്ദര്‍ശകരുടെ എണ്ണം നന്നേ കുറവാണ്. രണ്ടു ലക്ഷത്തിന്റെ വരുമാനമുണ്ടായിരുന്ന കേന്ദ്രങ്ങളില്‍ ഇപ്പോള്‍ 5000 രൂപയില്‍ താഴെ മാത്രമാണ് വരുമാനം. ടൂറിസത്തിലൂടെ വരുമാനം കണ്ടെത്തുന്ന ടാക്‌സി, ഹോം സ്‌റ്റേ, കച്ചവടക്കാര്‍ എന്നിവരും വഴിയാധാരമായി. രേഖകളില്‍ വരാത്ത ഇത്തരത്തിലുള്ളവരുടെ കണക്കുകള്‍ കൂടി കൂട്ടുമ്പോള്‍ ആകെ നഷ്ടം കോടികള്‍ കവിയും. എന്നാല്‍, മഴക്കെടുതിയില്‍ തകര്‍ന്ന ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ ജില്ലാ ടൂറിസം വകുപ്പ് ചോദിച്ച 2.9 കോടിയും ടൂറിസം വകുപ്പ് അനുവദിച്ചു. ജില്ലാ ടൂറിസം വകുപ്പ് തയ്യാറാക്കിയ നാശനഷ്ടങ്ങളുടെ റിപോര്‍ട്ട് അതേപടി അംഗീകരിച്ച് നഷ്ടമായ തുക അനുവദിക്കുകയായിരുന്നു. ഇനി യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയാണ് ആവശ്യം. ആവശ്യത്തിന് ഫണ്ട് ലഭിച്ചു കഴിഞ്ഞു, പതിവ് ചുവപ്പുനാടകള്‍ വയനാടിന്റെ ടൂറിസം വികസനപദ്ധതികളെ കുരുക്കിയിടാതിരിക്കാനുള്ള ജാഗ്രതയാണ് ആവശ്യം. ഒപ്പം അശാസ്ത്രീയ ടൂറിസം നയങ്ങള്‍ തിരുത്തിയെഴുതാനുള്ള ആര്‍ജവവും.
വയനാട് ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 100 വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും 300 എണ്ണം ഭാഗികമായും നശിച്ചു. 200 ചെറുകിട വ്യാപാരികള്‍ക്കു കെട്ടിടവും ചരക്കുകളും പൂര്‍ണമായും നഷ്ടമായി. 30 കോടിയുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറല്‍ സെക്രട്ടറി ഒ വി വര്‍ഗീസ് പറഞ്ഞു. കടയും ഉല്‍പന്നങ്ങളും നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ കച്ചവടക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം പകരുന്നതിനു സമിതി പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. നഷ്ടത്തിന്റെ തോതനുസരിച്ച് വ്യാപാരികള്‍ക്ക് ഒരു ലക്ഷം വരെ തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന വ്യവസ്ഥയില്‍ വായ്പ നല്‍കുന്നതാണ് പദ്ധതി. വ്യപാരികളുടെ പുനരധിവാസത്തിനു സര്‍ക്കാര്‍ നടപടി വൈകുന്ന സാഹചര്യത്തിലാണ് സമിതി താല്‍ക്കാലിക ആശ്വാസപദ്ധതി ആവിഷ്‌കരിച്ചത്.

(അവസാനിക്കുന്നില്ല)

സയോജനം: ഇ ജെ ദേവസ്യ
റിപോര്‍ട്ട്: ജംഷീര്‍ കൂളിവയല്‍

Next Story

RELATED STORIES

Share it