Kottayam Local

തകരാര്‍ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍

പൊന്‍കുന്നം: മെഷീനുകള്‍ക്ക് ഇതുവരെയും ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നു ജില്ലാ സപ്ലൈ ഉദ്യോഗസ്ഥര്‍ പറയുന്നു. ബിഎസ്എന്‍എല്ലിന്റെയും സ്വകാര്യ കമ്പനിയുടെയും സിം കാര്‍ഡാണു മെഷീനില്‍ ഉപയോഗിക്കുന്നത്. ഇവയ്ക്കു മിക്ക സ്ഥലങ്ങളിലും ത്രീ ജി നെറ്റ്‌വര്‍ക്കുകള്‍ ലഭ്യമാണ്. ത്രീ ജി നെറ്റുവര്‍ക്കുകളില്ലാത്ത സ്ഥലങ്ങളില്‍ ആന്റിനാ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. മലയോര മേഖലകളിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലാണു നെറ്റ്‌വര്‍ക്കിനായി ആന്റിനകള്‍ സ്ഥാപിക്കുന്നത്. വ്യാപാരികളുടെ ഭാഗത്തു നിന്നു മെഷീന്‍ നശിപ്പിക്കുന്ന തരത്തില്‍ ശ്രമം നടന്നാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്.
സ്വകാര്യ കമ്പനിയെയാണു മെഷീനിന്റെ സര്‍വീസിനായി ടെന്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇവരുടെ പ്രതിനിധികള്‍ ജില്ലയിലെ എല്ലാ താലൂക്കുകളിലുമുണ്ട്്. കുറഞ്ഞത് നാലു മണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന ബാറ്ററിയാണു മെഷീനിലുള്ളതെങ്കിലും വൈദ്യുതി ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ ചില കടയുടമകള്‍ തയ്യാറാവുന്നില്ല. ബാറ്ററി ചാര്‍ജ് കുറവാണെങ്കില്‍ മെഷീനില്‍ നിന്ന് ഉപഭോക്താവിനു പ്രിന്റൗട്ട് ലഭിക്കില്ല. അതേസമയം മെഷീനില്‍ വിരലമര്‍ത്തി റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതായി രേഖപ്പെടുത്താനാവും. പ്രിന്റൗട്ടിലാണ് വാങ്ങിയ റേഷന്‍ സാധനങ്ങളുടെ യഥാര്‍ഥ വിലയുള്ളത്.
പ്രിന്റൗട്ട് ഇല്ലെങ്കില്‍ കടയുടമ പറയുന്ന വിലയാണ് ഈടാക്കുക. രാവിലെ മുതല്‍ ഉച്ചവരെയും തുടര്‍ന്ന് വൈകീട്ടു മുതല്‍ സന്ധ്യ വരെയുമാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തനം. ചില കടയുടമകള്‍ മനപൂര്‍വം മെഷീന്‍ ചാര്‍ജ് ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണെന്നും അത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it