ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കൊച്ചി: മരടില്‍ പ്ലേ സ്‌കൂളില്‍ നിന്നു കുട്ടികളുമായി മടങ്ങിയ സ്‌കൂള്‍ വാഹനം നിയന്ത്രണംവിട്ട് ക്ഷേത്രക്കുളത്തിലേക്ക് മറിഞ്ഞു രണ്ടു കുട്ടികളും ആയയും മരിച്ച സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ അനില്‍ കുമാറിന്റെ ലൈസന്‍സ് സസ്‌പെ ന്‍ഡ് ചെയ്യും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചുവെന്നു മോട്ടോര്‍ വാഹന വകുപ്പ് തൃപ്പൂണിത്തുറ ജോയിന്റ് ആര്‍ടിഒ കെ സി ആന്റണി തേജസിനോട് പറഞ്ഞു.
അപകട കാരണം അശ്രദ്ധമായ ഡ്രൈവിങും വേഗവുമാണ്. അപകടത്തില്‍ അനില്‍ കുമാര്‍ പരിക്കേറ്റ് ചികില്‍സയിലായതിനാല്‍ വിശദീകരണം ചോദിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 10 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ്  ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം ലഭിച്ച ശേഷം ലൈസസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. എത്ര നാളത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയെന്നതു മറുപടി കിട്ടയ ശേഷം മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും ജോയിന്റ് ആര്‍ടിഒ പറഞ്ഞു.  ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാഹനം വേഗതയിലായിരുന്നുവെന്നാണു വ്യക്തമായിരിക്കുന്നത്. അനില്‍കുമാര്‍ സ്ഥിരമായി ഇതുവഴി കുട്ടികളെയുമായി വാഹനത്തില്‍ പോകാറുള്ളതാണ്. അതുകൊണ്ട് തന്നെ റോഡിന്റെ അവസ്ഥ അദ്ദേഹത്തിന് നന്നായി അറിയാവുന്നതാണ്. എന്നിട്ടും അത് പരിഗണിക്കാതെയാണു വാഹനം ഓടിച്ചതെന്നും ജോയിന്റ് ആര്‍ടിഒ കെ സി ആന്റണി പറഞ്ഞു.
പരിശോധനയില്‍ വാഹനത്തിന് മറ്റു തകരാറുള്ളതായി കണ്ടെത്തിയിട്ടില്ല. ടയറുകള്‍ക്ക് തേയ്മാനം ഉണ്ട്. നിലവില്‍ വാഹനത്തിന് ഫിറ്റനസ് സര്‍ട്ടിഫിക്കറ്റുള്ളതാണ്. വാഹനത്തിന്റെ തകരാറു കൊണ്ടല്ല അപകടം ഉണ്ടായിരിക്കുന്നതെന്നും കെ സി ആന്റണി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് കിഡ്‌സ് വേള്‍ഡ് ഡേ കെയര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ വീടുകളിലാക്കുന്നതിനായി പോകവേയാണ്  വാഹനം അപകടത്തില്‍ പെട്ടത്. അനില്‍ കുമാറിനെതിരേ പോലിസ് കഴിഞ്ഞ ദിവസം തന്നെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
Next Story

RELATED STORIES

Share it