malappuram local

ഡ്രോണ്‍ വിപ്ലവം: നേട്ടങ്ങളുടെ നെറുകയില്‍ പൊന്നാനി നഗരസഭ

പൊന്നാനി: പൊന്നാനിയില്‍ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ ഡ്രോണ്‍ വിപ്ലവം. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ ഇടപെടലുകളാണ് ജിഐസ് ഡ്രോണ്‍ ആന്റ് ഫീല്‍ഡ് റിയല്‍ ടൈം സര്‍വേ നടത്തിയതിനു പിന്നില്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രളയത്തിലെ നഷ്ടങ്ങളുടെ കണക്കെടുത്തത്. ഏഴുദിവസമെടുത്ത് സമാഹരിച്ച റിയല്‍ ടൈം വിവരശേഖരണത്തിന്റെ പരിശോധനയും പരിഹാരനടപടികളും വേഗത്തിലാണ് നടന്നുവരുന്നത്. പ്രളയബാധിതരെ ഫോണില്‍ ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങളുടെ സാധുത ഉറപ്പുവരുത്തിയാണ് റിപോര്‍ട്ട് തയ്യാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നടപടികളുടെ ഭാഗമായാണ് ജനന സര്‍ട്ടിഫിക്കറ്റ് ഡ്രോണ്‍ മുഖേന വിതരണം ചെയ്തത്. കഴിഞ്ഞ ദിവസമാണ് പ്രളയത്തില്‍ ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ട കുട്ടിക്ക് ഡ്രോണ്‍ പറന്നു ചെന്ന് സര്‍ട്ടിഫിക്കറ്റും ഒപ്പം സ്പീക്കറുടെ കത്തും നല്‍കിയത്. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ഇത്തരത്തില്‍ ഡ്രോ ണ്‍ ഉപയോഗിച്ച് പ്രളയാനന്തരം സര്‍ട്ടിഫിക്കറ്റുകള്‍ വീടുകളിലെത്തിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സാങ്കേതിക വിഭാഗത്തിന്റെ പിന്തുണയോടെ അല്‍ഹം ബ്രിക്‌സ് നോളേജ് എന്‍ഡോവ്‌മെന്റ്, ഇന്‍ഫോസിസ് എന്നിവര്‍ ചേര്‍ന്നാണ് ഡ്രോണ്‍ മാപ്പിങ് നടത്തിയത്. പൊന്നാനി സ്വദേശിയായ പി വി യാസിറാണ് പ്രോജക്ടിന് നേതൃത്വം കൊടുക്കുന്നത്. പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനും ഈ മാസം 9ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പൊന്നാനിയിലെത്തും. ഇന്ത്യയില്‍ ആദ്യമായി പ്രളയാനന്തരം റെക്കോര്‍ഡ് വേഗത്തില്‍ ഡ്രോണ്‍ മാപ്പിങ് സംവിധാനമുപയോഗിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുക്കുന്നതും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതും പൊന്നാനി നഗരസഭയിലാണ്.

Next Story

RELATED STORIES

Share it