ഡ്യൂട്ടി നഴ്‌സിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

മൂവാറ്റുപുഴ: കുട്ടികള്‍ക്ക് എടുക്കേണ്ട കുത്തിവയ്പ് മരുന്നുകള്‍ തലേദിവസം രാത്രി സിറിഞ്ചില്‍ നിറച്ചുവച്ചതു വിവാദമാവുന്നു. സംഭവത്തില്‍ ഡ്യൂട്ടി നഴ്‌സിനോടു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ഡിഎംഒ ഉത്തരവിട്ടു.
മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ആറു മാസം മുതല്‍ 15 വയസ്സ് വരെയുള്ള 17 കുട്ടികളാണ് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്. ഞായറാഴ്ച രാത്രി എട്ടിന്  കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കിയിരുന്നു. അതിന് ശേഷം ഇന്നലെ രാവിലെ അഞ്ചിനാണ് കുത്തിവയ്പ് നല്‍കേണ്ടത്.
എന്നാല്‍ രാത്രി 10ഓടെ തന്നെ സിറിഞ്ചുകളില്‍ മരുന്നു നിറച്ചു വച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കുട്ടികളുടെ അമ്മമാര്‍ നടപടി ചോദ്യംചെയ്തതോടെയാണ് സംഭവം വിവാദമായത്. വിവരം അറിഞ്ഞ് കൂടുതല്‍ ബന്ധുക്കളും ആശുപ്രതിയിലെത്തി. ഇതോടെ ആശുപത്രി അധികൃതര്‍ നിറച്ചു വച്ച മരുന്നുകള്‍ നശിപ്പിക്കുകയും ഡ്യൂട്ടി നഴ്‌സിനെ മാറ്റി പകരം ആളെ നിയമിക്കുകയും ചെയ്തു.
ചികില്‍സയിലുള്ള കുട്ടിയുടെ മാതാവു കൂടിയായ നഴ്‌സ് ആണു സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ഡിഎംഒ എ കെ കുട്ടപ്പന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഡ്യൂട്ടി നഴ്‌സിനോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചു.
നഴ്‌സിന്റെ നടപടിക്കെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. മരുന്നു നിറച്ച സിറിഞ്ചുകള്‍ യാതൊരു സുരക്ഷയും ഇല്ലാതെ തുറസ്സായ സ്ഥലത്താണു വച്ചിരുന്നത്. അണുബാധയുണ്ടായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാവുന്നതാണു നഴ്‌സിന്റെ നടപടി.
അതേ€സമയം ഡ്യൂട്ടി നഴ്‌സിന് ശാരീരിക അസ്വസ്ഥതകളുള്ളതിനാലാണ് സിറിഞ്ചില്‍ നേരത്തെ മരുന്ന് നിറച്ചു വച്ചതെന്നാണ് ആശുപത്രി അധികൃരുടെ വിശദീകരണം
Next Story

RELATED STORIES

Share it