ഡ്യൂട്ടിഫ്രീ ഷോപ്പ് തട്ടിപ്പ്: ലുക്കൗട്ട് നോട്ടീസ് നീക്കവുമായി കസ്റ്റംസ്

കൊച്ചി: തിരുവനന്തപുരം വിമാനത്താവള ഡ്യൂട്ടിഫ്രീ ഷോപ്പിലെ ആറു കോടിയുടെ തിരിമറിയുമായി ബന്ധപ്പെട്ട് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ കസ്റ്റംസ് ഡിപാര്‍ട്ട്‌മെന്റ് നടപടി തുടങ്ങി. മലേസ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലസ് മാക്‌സ് കമ്പനിയുടെ ഡയറക്ടര്‍ക്കെതിരേയാണ് നീക്കം. ചില കേസുകള്‍ അട്ടിമറിക്കാന്‍ സമ്മര്‍ദമുണ്ടെന്നു കസ്റ്റംസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പല കേസുകളിലും ഇടപെടുമ്പോള്‍ സമ്മര്‍ദവും ഭീഷണിയും നേരിടുന്നുണ്ടെങ്കിലും എല്ലാറ്റിനെയും അതിജീവിക്കുമെന്നായിരുന്നു കസ്റ്റംസ് കമ്മീഷണര്‍ സുമീത് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിമാനത്താവളത്തിലെ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നടന്ന മദ്യക്കച്ചവടത്തിലെ തിരിമറി കണ്ടെത്തിയതോടെ അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കാന്‍ ഉന്നതതല നീക്കം നടന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കേസിലെ പ്രധാന പ്രതിയും ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്ന മലേസ്യ ആസ്ഥാനമായ പ്ലസ് മാക്‌സ് കമ്പനിയുടെ ഡയറക്ടറുമായ ജഗദീഷിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ പിന്നീട് ഒളിവില്‍ പോയി. ഈ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നീക്കം ആരംഭിച്ചത്. ഇതിന്റെ ആദ്യപടിയായി കസ്റ്റംസ് അഭിഭാഷകരില്‍ നിന്നു നിയമോപദേശം തേടി. അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതിനാല്‍ ഉടനെത്തന്നെ കേസ് പൂര്‍ത്തിയാക്കാനാണ് കൊച്ചി കസ്റ്റംസ് യൂനിറ്റിന്റെ നീക്കം. ഇതിനിടെ ഡ്യൂട്ടിഫ്രീ ഷോപ്പ് അഴിമതിയിലെ അന്വേഷണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് ചീഫ് കസ്റ്റംസ് കമ്മീഷണര്‍ക്ക് കത്ത് നല്‍കിയിരുന്നു. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥനീക്കം നടന്ന പശ്ചാത്തലത്തില്‍ സമ്മര്‍ദം ഏറെയുണ്ടെന്നു കാണിച്ചാണ് കത്ത് നല്‍കിയതെന്നാണ് സൂചന.
Next Story

RELATED STORIES

Share it