ഡോ. ജേക്കബ് വടക്കുംചേരി ജയിലിലും ഉപവാസം തുടരുന്നു

തിരുവനന്തപുരം: ഡോക്‌സി സൈക്ലിന്‍ ഗുളിക പനിക്കുള്ള പ്രതിരോധ മരുന്നല്ലെന്നും ഗര്‍ഭിണികളും 12 വയസ്സിനു താഴെയുള്ള കുട്ടികളും ഇതു കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും അലോപ്പതി ചികില്‍സാ ഗ്രന്ഥങ്ങള്‍ പറഞ്ഞിരിക്കുന്ന സത്യം നവ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചതിന് ആരോഗ്യ മന്ത്രി കേസെടുപ്പിച്ചത് അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേയുള്ള ഭരണകൂട ഭീകരതയാണെന്നു ജേക്കബ് വടക്കുംചേരി . ശനിയാഴ്ച തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച തൃപ്പൂണിത്തുറയില്‍ വച്ച് അറസ്റ്റ് ചെയ്തതു മുതല്‍ താന്‍ ആരംഭിച്ച ഉപവാസം തിരുവനന്തപുരം ജില്ലാ ജയിലിലും തുടരും. പനി ചികില്‍സ നടത്തി രോഗികളെ കൊല്ലുന്ന അലോപ്പതി ചികില്‍സാ സമ്പ്രദായത്തിനെതിരേയും ഐഎംഎ- മരുന്ന് കമ്പിനി അവിശുദ്ധ വ്യാപാര ബന്ധങ്ങള്‍ക്കെതിരേയുള്ള പോരാട്ടം കൂടുതല്‍ ശക്തിയോടെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.ചരിത്രത്തിലെവിടെയും ആന്റിബയോട്ടിക്‌സ് ഒരു പ്രതിരോധ മരുന്നായി കണക്കാക്കപ്പെട്ടിട്ടില്ല. ഡോക്‌സി സൈക്ലിന്‍ ഒരു പ്രതിരോധ മരുന്നാണെന്ന് ആധികാരിക ഗവേഷണ പഠനങ്ങള്‍ പോലും അവകാശപ്പെടുന്നില്ല. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ പനികളുടെ പേരുണ്ടാക്കി ജനങ്ങളില്‍ രോഗ-മരണ ഭയങ്ങള്‍ ജനിപ്പിച്ച്, രോഗ പ്രതിരോധ ചികില്‍സാ രംഗത്ത് വളരെയധികം ഫലപ്രദമെന്നു തെളിയിച്ചിട്ടുള്ള ഹോമിയോപ്പതി, സിദ്ധ, ആയുര്‍വേദ, നാട്ടുചികില്‍സാ സമ്പ്രദായങ്ങളെ മാറ്റിനിര്‍ത്തി കുത്തക കമ്പിനികളുടെ കോടികളുടെ മരുന്ന് കച്ചവടത്തിനു സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഒത്താശ ചെയ്യുന്ന മരുന്ന് കമ്പനി ഏജന്റുമാരായ ഐഎംഎയുടെ ഇടപാടുകളെക്കുറിച്ചും അലോപ്പതി ആശുപത്രികളില്‍ മാത്രം നടക്കുന്ന പനിമരണങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണമുള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാരിനോടും മറ്റുള്ളവരോടും ആവശ്യപ്പെടാന്‍ പ്രബുദ്ധ കേരളം തയ്യാറാവണമെന്നും വടക്കഞ്ചേരി അഭ്യര്‍ഥിച്ചു. അലോപ്പതി ചികില്‍സാ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങള്‍ മാത്രമാണ് ജനങ്ങളുമായി പങ്കുവച്ചതെന്നും സത്യം ജനങ്ങളോട് പറഞ്ഞതിന് സര്‍ക്കാര്‍ എന്തു ശിക്ഷ നല്‍കിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും വടക്കുംചേരി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it