ഡോണള്‍ഡ് ട്രംപിന്റെ നൂറു ദിവസം

ഇംതിഹാന്‍  ഒ  അബ്ദുല്ല

അമേരിക്കേതരമായ സകലതിനോടും, വിശിഷ്യാ മുസ്‌ലിംകളുമായി ബന്ധപ്പെട്ടവയോട്, പുലര്‍ത്തുന്ന വെറുപ്പും വിദ്വേഷവും ഊതിവീര്‍പ്പിച്ച് ഇസ്‌ലാമോഫോബിയ, സെമിറ്റിക് വിരുദ്ധത, അന്യസമൂഹ വിദ്വേഷം, സ്ത്രീവിരുദ്ധത എന്നിവ വളര്‍ത്തിയായിരുന്നല്ലോ അമേരിക്കയുടെ 45ാമത് പ്രസിഡന്റായി ജനു. 20ന് ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയത്. ട്രംപിന്റെ വിജയം യൂറോ-അമേരിക്കന്‍ വംശീയതയില്‍ അധിഷ്ഠിതമായ തീവ്ര വലതുപക്ഷ തരംഗത്തെയും സങ്കുചിത ദേശീയതയുടെ മാളത്തിലേക്കുള്ള ഉള്‍വലിയലിനെ—യുമാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ ആ വിജയത്തെ ആപദ്കരമായ വിജയമെന്നാണ് പ്രമുഖ ബ്രിട്ടിഷ് മാധ്യമപ്രവര്‍ത്തകനായ ജൊനാഥന്‍ ഫീഡ്‌ലന്‍ഡ് അടക്കമുള്ളവര്‍ വിശേഷിപ്പിച്ചത്. എല്ലാറ്റിനെയും അടിച്ചൊതുക്കുകയും അടിമപ്പെടുത്തുകയും ചെയ്യുന്ന വംശീയ ശുദ്ധിവാദത്തില്‍ അധിഷ്ഠിതമായ പുതിയ ലോകക്രമത്തില്‍ യൂറോപ്യന്‍/അമേരിക്കന്‍ മനസ്സുകളില്‍ നൂറ്റാണ്ടുകളായി ഒളിഞ്ഞുകിടക്കുന്ന വംശീയ/മത അസഹിഷ്ണുത പച്ചയായി പ്രകടിപ്പിക്കുന്ന ട്രംപിന്റെ വിജയം അപ്രതീക്ഷിതമോ അദ്ഭുതപ്പെടുത്തുന്നതോ അല്ല. ട്രംപിന്റെ ആക്രമണത്തിന്റെ മുഖ്യ ഇര മുസ്‌ലിംകളാണെങ്കിലും മാധ്യമപ്രവര്‍ത്തകര്‍, മെക്‌സിക്കോകാര്‍, വംശീയ ന്യൂനപക്ഷങ്ങള്‍, അഭയാര്‍ഥികള്‍ തുടങ്ങി വംശീയ ശുദ്ധിവാദത്തിന് തടസ്സം നില്‍ക്കുന്ന എല്ലാവര്‍ക്കും അവരവരുടെ വിഹിതം ലഭിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ അമേരിക്കയുടെ യൂറോപ്യന്‍-ക്രിസ്ത്യന്‍ പാരമ്പര്യത്തിനോ സംസ്‌കാരത്തിനോ വിദൂരഭാവിയില്‍ പോലും ഭീഷണിയാവാനിടയുള്ള മുസ്‌ലിം സാന്നിധ്യം ആ രാജ്യത്തില്ല (വെറും 70 ലക്ഷമാണ് അമേരിക്കയിലെ മുസ്‌ലിം ജനസംഖ്യ). പക്ഷേ, യഥാര്‍ഥ ജനകീയപ്രശ്‌നങ്ങളോട് സംവദിക്കുന്നതിലും എളുപ്പത്തില്‍ അധികാരസോപാനങ്ങളിലേക്ക് എത്താനുള്ള വഴി രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ അപരവല്‍ക്കരിക്കുകയാണെന്ന് കൃത്യമായി ട്രംപ് മനസ്സിലാക്കി. വിഭാഗീയ നടപടികള്‍ സ്വീകരിക്കുന്ന എല്ലാ രാജ്യങ്ങളെയും അമേരിക്ക മുന്‍കാലങ്ങളില്‍ അപലപിച്ചിട്ടുണ്ട്. അതുകൊണ്ടും മതിയാക്കാതെ വിഭാഗീയ നടപടികളുടെ പേരില്‍ പല രാജ്യങ്ങള്‍ക്കുമെതിരേ ഉപരോധം അടക്കമുള്ള ശിക്ഷാനടപടികള്‍ സ്വീകരിച്ച ചരിത്രവും അമേരിക്കയ്ക്കുണ്ട്. പക്ഷേ, മുസ്‌ലിംകള്‍ക്ക് അമേരിക്ക അപ്രാപ്യമാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം എത്രയും പെട്ടെന്ന് നടപ്പാക്കുന്നതിന് ഈ പാരമ്പര്യമൊന്നും ട്രംപിന് തടസ്സമായില്ല. ആദ്യപടിയായി ജനുവരി 27ന് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഏഴു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ മുസ്‌ലിം പൗരന്‍മാര്‍ക്ക് (പൗരന്‍മാര്‍ തന്നെ ആവണമെന്നില്ല, പൈതൃകവേരുകള്‍ ആ രാജ്യങ്ങളിലായാലും മതി) ട്രംപ് ഭരണകൂടം ഉപരോധം ഏര്‍പ്പെടുത്തി. രാജ്യാന്തരതലത്തിലെ പ്രമുഖ മാധ്യമനിരൂപകനായ റോബര്‍ട്ട് ഫിസ്‌ക് നിരീക്ഷിക്കുന്നതുപോലെ, ട്രംപ് ഭരണകൂടം യുഎസിലേക്ക് നോ പറഞ്ഞ ഏഴു രാഷ്ട്രങ്ങളില്‍ അഞ്ചും അമേരിക്ക ബോംബിട്ട് നശിപ്പിച്ചവയാണ്. എന്നാല്‍, അറബ്-മുസ്‌ലിം ലോകം തങ്ങളോട് ചെയ്ത മാപ്പര്‍ഹിക്കാത്ത വന്‍ പാപമായും മാനവികതയ്‌ക്കെതിരായ യുദ്ധമായും അമേരിക്ക വിശേഷിപ്പിക്കുന്ന സപ്തംബര്‍ 11 ആക്രമണത്തില്‍ പങ്കെടുത്തവരെന്ന് ആരോപിക്കപ്പെടുന്നവരുടെ വേരുകളുള്ള രാജ്യങ്ങളിലുള്ളവര്‍ വിലക്കില്‍ ഉള്‍പ്പെടുന്നില്ല. ഇവയിലെ സമ്പന്നരാഷ്ട്രങ്ങളെ പണത്തെ മാത്രം സ്‌നേഹിക്കുന്ന ട്രംപിന് വെറുക്കാനാവില്ല. ഈജിപ്തിലാവട്ടെ, യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ടിന് പ്രിയങ്കരനായ അബ്ദുല്‍ ഫതാഹ് അല്‍സീസിയുമാണ് അധികാരത്തില്‍. ലബ്‌നാന്റെ കാര്യവും അങ്ങനെത്തന്നെ. അഭയാര്‍ഥികളെ സ്വീകരിക്കുന്നത് 120 ദിവസത്തേക്ക് (അഭയാര്‍ഥികള്‍ സിറിയക്കാരാണെങ്കില്‍ നിരോധനം അനിശ്ചിതകാലത്തേക്കാണ്) നിര്‍ത്തിവയ്ക്കാനും നടപ്പുവര്‍ഷം സ്വീകരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേതിന്റെ നേര്‍പകുതിയിലും താഴെയായി കുറയ്ക്കാനും ഈ ഉത്തരവില്‍ വ്യവസ്ഥ ചെയ്തിരുന്നു. ട്രംപും അനുയായികളും സൃഷ്ടിച്ചുവിടുന്ന വംശീയവിദ്വേഷ വിഷപ്രവാഹം അമേരിക്കയിലെ എല്ലാ വിഭാഗം ന്യൂനപക്ഷങ്ങളെയും ചകിതരാക്കുകയും ശ്വാസംമുട്ടിക്കുകയും ചെയ്യുന്നു. വിധിവൈപരീത്യമെന്നു പറയട്ടെ, വംശീയ സുനാമി മുസ്‌ലിംകളെ മാത്രം തിരഞ്ഞുപിടിക്കാന്‍ നിന്നില്ല. ട്രംപ് കാലത്തെ വംശീയ കൊലകളുടെ ആദ്യ ഇരകളില്‍ ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരുമായ ഹിന്ദു-സിഖ് വിഭാഗങ്ങളില്‍പ്പെട്ടവരും ഉള്‍പ്പെടുന്നു. 2011 മുതല്‍ വൈറ്റ് ഹൗസിലും ദേശീയ സുരക്ഷാ സമിതിയിലും ജോലി ചെയ്തിരുന്ന റുമാന അഹ്മദ്, ട്രംപ് അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ ജോലി രാജിവയ്‌ക്കേണ്ടിവന്നത് അദ്ദേഹത്തിന്റെ സ്ഥാനാരോഹണം സൃഷ്ടിച്ച അപരവല്‍ക്കരണത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ട്രംപിന്റെ ആദ്യ നൂറുദിനം പിന്നിടുമ്പോള്‍ കാണാനാവുന്നത് ലക്ഷണമൊത്തൊരു സര്‍ക്കാരിനെയല്ല; കോടതികളില്‍നിന്നു നിരന്തരം തിരിച്ചടികള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന, നിയമസാധുതയില്ലാത്ത ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഒരു സര്‍ക്കാരിനെയാണ് (വിദേശ ഭീകരവാദികള്‍ പ്രവേശിക്കുന്നതില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ കൊണ്ടുവന്ന, മുസ്‌ലിം വിലക്കിന് പ്രാബല്യം നല്‍കുന്ന ഉത്തരവ് രണ്ടു പ്രാവശ്യമാണ് പരാജയപ്പെട്ടത്. കോടതിയുടെ സ്‌റ്റേ മറികടക്കാന്‍ ട്രംപ് ഭരണകൂടത്തിന് ഇനിയുമായിട്ടില്ല). ജനാധിപത്യ സംവിധാനത്തിലെ ഫോര്‍ത്ത് എസ്‌റ്റേറ്റായ മാധ്യമങ്ങളുമായി ഏറ്റുമുട്ടിക്കൊണ്ടും അവയെ വ്യാജന്‍മാരെന്നു മുദ്രകുത്തിക്കൊണ്ടുമാണ് അതിന്റെ പ്രയാണം. ഇന്ത്യയിലെപ്പോലെ തന്നെ ദേശസുരക്ഷയെ തീവ്ര ദേശീയതയുമായി കൂട്ടിക്കെട്ടാനുള്ള നീക്കങ്ങള്‍ സമര്‍ഥമായി നടക്കുന്നുണ്ട്. പ്രസിഡന്റിന്റെ ദേശസുരക്ഷാ അധികാരത്തെ ചോദ്യംചെയ്യുന്നത് രാജ്യദ്രോഹമാണെന്നാണ് വാദം.അമേരിക്കന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് അമേരിക്കക്കാര്‍ മാത്രമാണെങ്കിലും തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ ലോക പോലിസിന്റെ ഡ്യൂട്ടി കൂടി തങ്ങള്‍ക്കുണ്ട് എന്ന മട്ടിലാണ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ പെരുമാറുക. പക്ഷേ, ട്രംപിന് തന്റെ മുന്‍ഗാമികള്‍ക്ക്, വിശിഷ്യാ ശീതയുദ്ധാനന്തര കാലഘട്ടത്തിലുള്ളവര്‍ക്ക്, സാധിച്ചതുപോലെ കയറി ഇടപെട്ട് അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാകത്തിലല്ല ആഗോള രാഷ്ട്രീയ സാഹചര്യങ്ങള്‍. ലോകത്തെ ഏറ്റവും വലിയ സൈനിക-സാമ്രാജ്യത്വശക്തി ഇപ്പോഴും അമേരിക്ക തന്നെയാണെങ്കിലും യാങ്കി ഹുങ്ക് നേരിടാന്‍ കെല്‍പുള്ള അനേകം ഇടത്തരം ശക്തികള്‍ പുതുതായി ഉദയംചെയ്തിരിക്കുന്നു. ചൈനയും റഷ്യയും ഇറാനും പോലെ നിരവധി സൈനിക-സാമ്പത്തികശക്തികള്‍ രാജ്യാന്തരതലത്തില്‍ രംഗപ്രവേശം ചെയ്തിരിക്കുന്നു. ഒരു വലിയേട്ടനും കുറേ സാമന്തന്‍മാരുമെന്ന അവസ്ഥയില്‍നിന്ന് ചെറുശക്തികളുടെ കൂട്ടായ്മകള്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്ന അവസ്ഥ നിലവില്‍വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ അങ്കിള്‍സാമിന്റെ കണ്ണുരുട്ടലുകള്‍ പണ്ടേപോലെ ഫലിക്കുന്നില്ല. രാജ്യാന്തരരംഗത്തെ അമേരിക്കയുടെ ഈ ബലക്ഷയം ആദ്യത്തെ നൂറുദിവസത്തിനുള്ളില്‍ തന്നെ ട്രംപിന് അനുഭവവേദ്യമായിട്ടുണ്ട്. രാജ്യാന്തരതലത്തിലുള്ള യാതൊരുവിധ ധാരണയെയും മാനിക്കാതെയും അന്താരാഷ്ട്ര സമൂഹത്തിന്റെ മുറവിളികള്‍ക്ക് പുല്ലുവില കല്‍പിക്കാതെയും നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ വഴി പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉത്തരകൊറിയ അമേരിക്കയുടെ ആവര്‍ത്തിച്ചുള്ള താക്കീതുകള്‍ക്കോ കണ്ണുരുട്ടലുകള്‍ക്കോ തെല്ലും വഴങ്ങിയില്ല. ഉത്തരകൊറിയയുമായി യാതൊരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നു പ്രഖ്യാപിച്ചിരുന്ന ട്രംപിന് പക്ഷേ, തന്റെ പ്രഖ്യാപിത നിലപാട് തിരുത്തേണ്ടിവന്നു. ഉത്തരകൊറിയയെ തൊട്ടുകളിക്കാന്‍ ധൈര്യമില്ലാതെ ഐഎസ് വേട്ടയുടെ മറപിടിച്ച് യാതൊരു തിരിച്ചടിയും പ്രതീക്ഷിക്കേണ്ടതില്ലാത്ത അഫ്ഗാനിസ്താനില്‍ ബോംബുകളുടെ മാതാവിനെ വര്‍ഷിച്ച് അരിശംതീര്‍ക്കുകയായിരുന്നു വൈറ്റ്ഹൗസ്. അഫ്ഗാനിസ്താനിലെ ബോംബ്‌വര്‍ഷം കൊറിയക്കൊരു താക്കീതാണത്രേ. ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ അധികാരമേല്‍ക്കുന്നതു വരെയും തുടര്‍ന്നും നടന്നുകൊണ്ടിരിക്കുന്ന പ്രസിഡന്റ് വിരുദ്ധ പ്രകടനങ്ങള്‍ വഴിതെറ്റിപ്പോയ ജനഹിതത്തെയും അതുവഴി അധികാരത്തിലേറിയ നേതൃത്വത്തെയും ശരിയായ ദിശയിലേക്ക് തിരിച്ചുവിടുമെന്നു കരുതുന്ന ശുഭാപ്തിവിശ്വാസികളായ രാഷ്ട്രീയനിരീക്ഷകര്‍ ഏറെയുണ്ട്. പ്രസിഡന്റ് ട്രംപിന്റെ ആദ്യ നൂറുദിനം അദ്ദേഹത്തിന്റെ വംശീയവൈരവും ഔദ്ധത്യവും വിളിച്ചറിയിക്കുന്ന എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളാലും അവ ഉയര്‍ത്തിവിട്ട ജനകീയ പ്രതിഷേധങ്ങളും കോടതി ഇടപെടലുകളും കാരണമായും പ്രശ്‌നസങ്കീര്‍ണവും സംഭവബഹുലവുമായിരുന്നു. ഒരുപക്ഷേ, അവ വരാനിരിക്കുന്ന നാളുകളുടെ സൂചകങ്ങളാവാം. അതല്ല, അധികാരാരോഹണം സുഗമമാക്കാന്‍ നടത്തിയ വൈകാരിക വാചാേടാപങ്ങള്‍ കേവലം തിരഞ്ഞെടുപ്പ് തന്ത്രം മാത്രമായി കണക്കാക്കി ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ രാഷ്ട്രത്തിന്റെ പരമാധികാരി എന്ന പക്വതയോടെ മധ്യമനിലപാടിലേക്ക് ചുവടുമാറ്റാന്‍ അനുഭവങ്ങള്‍ ട്രംപിനെ പാകപ്പെടുത്തിയിട്ടുണ്ടോ എന്നു കാത്തിരുന്നു കാണാം.
Next Story

RELATED STORIES

Share it