Flash News

ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേള : സത്യം തുറന്നുപറയാന്‍ ഒരു ഭരണകൂടത്തെയും ഭയപ്പെടേണ്ടതില്ല - മായ് മസ്രി



തിരുവനന്തപുരം: സത്യം തുറന്നുപറയാന്‍ ഒരു ഭരണകൂടത്തെയും ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഫലസ്തീന്‍ സംവിധായിക മായ് മസ്രി പറഞ്ഞു. മരണത്തെ മുഖാമുഖം കണ്ടുകൊണ്ടാണ് പല ഡോക്യുമെന്ററികളും ചിത്രീകരിച്ചതെന്നും അവര്‍ പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച് നിള തിയേറ്ററില്‍ ബീനാ പോളുമായി നടന്ന ഇന്‍ കോണ്‍വര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. മനുഷ്യജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ അഭ്രപാളിയിലെത്തിച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെയായിരുന്നു മേളയുടെ രണ്ടാംദിനം കടന്നുപോയത്. കാംപസ് മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അഞ്ച് ചിത്രങ്ങളില്‍ മനോജ് സി ഹരിദാസിന്റെ ആരോ ഓഫ് ടൈം രണ്ടാം ശൈശവത്തില്‍ പഴയകാല ഓര്‍മകളിലേക്കു പോവുന്ന മൈക്കിളിന്റെ കഥയാണു പറഞ്ഞത്. ഒറ്റപ്പെടലില്‍ കഴിഞ്ഞ ആഷ്‌ലിയുടെ ജീവിതത്തിലേക്ക് ഒരു അപരിചിതന്റെ കടന്നുവരവ് സൃഷ്ടിക്കുന്ന മാറ്റമാണ് വിവേക് ജോസഫിന്റെ ഫ്യൂഗ്. കാലത്തിനനുസരിച്ചുള്ള മനുഷ്യന്റെ ആഗ്രഹങ്ങളുടെ ആഴത്തിലേക്കായിരുന്നു വിഷ്ണു കെ വി മാധവിന്റെ എക്‌സോഡസ് എന്ന ചിത്രം കാമറ ചലിപ്പിച്ചത്. തന്നെ അലട്ടുന്ന പ്രശ്‌നത്തിന് ആത്മീയ ഉത്തരം തേടുന്ന ഒരു സ്ത്രീയുടെ കഥയാണ് ഭാവേന്ദു ഡി എല്‍, ബിജുലാല്‍ ഡി എല്‍, അക്രം മുസ്ബ എന്നിവര്‍ സംവിധാനം നിര്‍വഹിച്ച ദ്വന്ദ്വം. സ്വവര്‍ഗാനുരാഗത്തിന്റെ സങ്കീര്‍ണതകളിലേക്കായിരുന്നു ഹര്‍ഷിത് പച്ചൗരിയുടെ ബ്ലീഡിങ് ഹാര്‍ട്ട്‌സിലെ ഓരോ ഫ്രെയിമിന്റെയും സ്പന്ദനം. പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തെ സധൈര്യം നേരിട്ട കഥാപാത്രങ്ങളാണ് ഷോര്‍ട്ട് ഡോക്യുമെന്ററി മല്‍സരവിഭാഗത്തില്‍ നിറഞ്ഞുനിന്നത്.
Next Story

RELATED STORIES

Share it