kozhikode local

ഡോക്ടറില്ല; ആശുപത്രിയില്‍ ബഹളം

കൊയിലാണ്ടി: താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗികള്‍ ഡോക്ടര്‍മാരെ കാത്തിരുന്നു വലഞ്ഞു. ഒടുവില്‍ പൊട്ടിത്തെറിച്ചു. ഒപി വിഭാഗത്തില്‍ ആവശ്യമായ ഡോക്ടര്‍മാര്‍ ഇല്ലാത്തതാണ് ബഹളത്തിന് കാരണമായത്. രണ്ടായിരത്തിലധികം രോഗികള്‍ ചികില്‍സയ്ക്കായി എത്തുന്ന ആശുപത്രിയില്‍ ഇന്നലെ രണ്ടു ഡോക്ടര്‍മാര്‍ മാത്രമാണ് ജോലിക്കെത്തിയത്.പലരും പല കാരണങ്ങളാല്‍ അവധിയിലായിരുന്നു. പനി പടര്‍ന്നു പിടിക്കുന്ന സമയത്ത് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നായിരുന്നു രോഗികളുടെ ആവശ്യം.
ഡങ്കിപ്പനിയും എലിപ്പനിയും കൊയിലാണ്ടിയുടെ പല ഭാഗത്തും റിപോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് രോഗികള്‍ ബഹളം വെച്ചത്. ബഹളക്കാരെ അനുനയിപ്പിക്കാന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ സുന്ദരന്‍ ആശുപത്രിയിലെത്തിയിരുന്നു. സൂപ്രണ്ടുമായി നടന്ന ചര്‍ച്ചയ്ക്ക് ഒടുവില്‍ അടിയന്തരമായി ബദല്‍ സംവിധാനം ഒരുക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it