ഡോക്ടര്‍മാരോട് സര്‍ക്കാര്‍ വിശദീകരണം തേടി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ ലഭിക്കാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോട് വിശദീകരണം തേടി.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. പാട്രിക് പോള്‍, ഡോ. ശ്രീകാന്ത് വലസപ്പള്ളി എന്നിവരോടാണ് ആരോഗ്യ വകുപ്പ് സെക്രട്ടറി വിശദീകരണം തേടിയത്.
മുരുകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാതിരുന്നത് എന്തുകൊണ്ട്, ചികില്‍സ തേടിയ വിവരം എന്തുകൊണ്ട് രേഖകളില്‍ ഉള്‍പ്പെടുത്തിയില്ല തുടങ്ങിയ കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കേണ്ടത്. ഡോക്ടര്‍മാര്‍ വിചാരിച്ചിരുന്നെങ്കില്‍ മുരുകനെ രക്ഷിക്കാമായിരുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
മുരുകന്റെ കാര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഗുരുതരമായ അലംഭാവമാണ് കാട്ടിയത്. ഒരു വിവിഐപി വെന്റിലേറ്ററും 16 സ്റ്റാന്റ്‌ബൈ വെന്റിലേറ്ററും ഒഴിവുണ്ടായിരുന്നിട്ടും മുരുകനെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. മുരുകന്റെ തലയ്‌ക്കേറ്റ മാരകമായ പരിക്ക് മരണകാരണമാവുമെന്ന് അറിഞ്ഞിട്ടും ചികില്‍സ നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ആഗസ്ത് 16നാണ് അപകടത്തില്‍ മുരുകന്‍ മരിച്ചത്. മുരുകനെ ആദ്യം പോലിസ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി അതിഗുരുതരമായതിനാല്‍ മേവറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അവിടെ നിന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. അവിടെ വെന്റിലേറ്റര്‍ സൗകര്യമില്ലെന്നു പറഞ്ഞതിനാല്‍ തിരികെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it