kozhikode local

ഡോക്ടര്‍മാരുടെ സമരം; രോഗികള്‍ വലഞ്ഞു

കോഴിക്കോട്: അപ്രതീക്ഷിതമായി ഡോക്ടര്‍മാര്‍ നടത്തിയ സമരം രോഗികളെ ദുരിതത്തിലാക്കി. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെയാക്കി പുനക്രമീകരിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ അനിശ്ചികാലസമരം തുടങ്ങിയിരിക്കുന്നത്.
ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ 350ഓളം ഡോക്ടര്‍മാരാണ് സമരത്തിന്റെ ഭാഗമായി സേവനത്തില്‍ നിന്ന് വിട്ടുനിന്നത്.
ഒപി സേവനമില്ലാതിരുന്നതിനാല്‍ കുട്ടികളും സ്ത്രീകളും വൃദ്ധരും ഉള്‍പ്പെടെയുള്ള രോഗികളില്‍ പലര്‍ക്കും മടങ്ങിപ്പോകേണ്ടിവന്നു. പൊടുന്നനെയുള്ള സമരത്തിനെതിരേ പലയിടങ്ങളിലും രോഗികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആകെ തുറന്ന് പ്രവര്‍ത്തിച്ച അത്യാഹിത വിഭാഗത്തിലെ ഒപികളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമാണ് കിടത്തി ചികിത്സ നല്‍കിയത്.ബീച്ച് ജനറല്‍ ആശുപത്രിയില്‍ ഇന്നലെ അത്യാഹിതവിഭാഗം ഒപിയില്‍ മാത്രമാണ് ഡോക്ടര്‍മാരുണ്ടായിരുന്നത്.
മെഡിക്കല്‍ ഓഫിസര്‍മാരും ഹൗസ് സര്‍ജന്മാരും ചേര്‍ന്ന് അത്യാഹിത ഒപിയിലെത്തിയ രോഗികള്‍ക്ക് ചികില്‍സ ലഭ്യമാക്കി. മറ്റ് ഒപികളൊന്നും പ്രവര്‍ത്തിക്കാതിരുന്നതോടെ പലരും പ്രതിഷേധിച്ചു. മകള്‍ക്ക് ചികില്‍സ ലഭിക്കാത്തതിനെതിരേ നരിക്കുനി കൊട്ടയോട്ട്താഴത്ത് കനിവ് ഹൗസില്‍ ഷംസുദ്ദീന് ഒറ്റയാള്‍ സമരവുമായി രംഗത്തെത്തിയത് പ്രതിഷേധത്തിന് ആക്കം കൂട്ടി.
പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ മകളെ ഡോക്ടറെ കാണിക്കുന്നതിനായി രാവിലെ 9.30ന് എത്തിയ ഷംസുദ്ദീന്‍ നേത്രരോഗവിഭാഗം ഒപിയില്ലെന്ന് അറിഞ്ഞതോടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. മകളെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം ബീച്ച് ആശുപത്രി വരാന്തയ്ക്ക് മുന്നില്‍ ഷംസുദ്ദീന്‍ കുത്തിയിരിപ്പ് സമരം നടത്തി.
Next Story

RELATED STORIES

Share it