malappuram local

ഡെങ്കിപ്പനി വീണ്ടും തിരിച്ചെത്തുന്നു; ആരോഗ്യവകുപ്പിന് ആശങ്ക

തേഞ്ഞിപ്പലം: ആരോഗ്യ വകുപ്പും ചേലേമ്പ്ര ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് തീവയജ്ഞ പ്രയത്‌നത്തിലൂടെ നിയന്ത്രണ വിധേയമാക്കിയിരുന്ന പകര്‍ച്ചപ്പനി ചേലേമ്പ്രയില്‍ വീണ്ടും തിരിച്ചെത്തിയത് ആരോഗ്യ പ്രവര്‍ത്തകരില്‍ ആശങ്കക്കിടയാക്കി. കഴിഞ്ഞ വര്‍ഷം ചേലേമ്പ്രയില്‍ പനി ബാധിച്ച് പത്ത് പേര്‍ മരണപ്പെട്ടിരുന്നു.
ഒരു മാസം മുമ്പ് ചേലേമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ ഡങ്കി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഒരു വീട്ടില്‍ ഒരു വളണ്ടിയര്‍ എന്നതനുസരിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി  വാര്‍ഡ്തല ബോധവല്‍ക്കരണങ്ങള്‍ നടന്നുവരുന്നതിനിടയിലാണ് വീണ്ടും ഡെങ്കിപ്പനി ലക്ഷണത്തോടെ ആശുപത്രിയില്‍ ചികില്‍സ തേടിയിരിക്കുന്നത്.
ഇത് വീണ്ടും ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ഡെങ്കിപ്പനി ബാധിച്ച ഒരാളെ  കോഴിക്കോട് ബീച്ച് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാര്‍ഡുകള്‍ തോറും ശുചിത്വ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണം, ആരോഗ്യ വകുപ്പിന്റെ പരിശോധനകള്‍, ഫോഗിങ്് എന്നിവ പൂര്‍ത്തിയാക്കിയിട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഭീഷണിയായി പകര്‍ച്ചപ്പനി നിലനില്‍ക്കുകയാണ്. കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ ചേലേമ്പ്ര പിഎച്ച്‌സിയില്‍ അടിയന്തിരമായി കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. ചേലേമ്പ്ര പനയപ്പുറം ഭാഗത്തും ഒറ്റപ്പെട്ട വീടുകളില്‍ വ്യാപകമായി പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില വീടുകളില്‍ കൂട്ടത്തോടെ പനി ബാധിച്ച് ചികില്‍സ തേടിയവരുണ്ട്.
ഇപ്പോള്‍ പനി ബാധിച്ച വീടുകളുടെ പരിസരങ്ങള്‍ ശുചിത്വ കുറവുള്ളതായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതേ സമയം നേരത്തെ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലല്ല ഇപ്പോള്‍ ഡെങ്കിയുള്ളതായി സ്ഥിരീകരിച്ചത്.
Next Story

RELATED STORIES

Share it