ernakulam local

ഡെങ്കിപ്പനി പരിശോധനയ്‌ക്കെന്ന പേരിലെത്തിയ സംഘം ഭീതി ഉയര്‍ത്തി

പള്ളുരുത്തി: തോപ്പുംപടി പ്യാരി ജങ്ഷനു സമീപം വേലിക്കെട്ടുപറമ്പിലെ വീടുകളിലെത്തിയ മൂന്നംഗ സംഘം പ്രദേശത്തെ വീടുകള്‍ കയറിയിറങ്ങി അലങ്കോലമാക്കിയതായി പരാതി.
ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് മാസ്‌ക് ധരിച്ചെത്തിയ മൂന്നുപേര്‍ ഡെങ്കിപനി പരിശോധനയ്‌ക്കെന്ന പേരില്‍ എത്തിയത്.
സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ ഇവര്‍ വീടുകളുടെ അകത്തേക്ക് കയറി മുറികളില്‍ പരിശോധന ആരംഭിക്കുകയായിരുന്നു. ഈസമയം വീട്ടുകാരെ പുറത്തിറക്കി നിര്‍ത്തുകയും ചെയ്തതായി ഇവര്‍ പറയുന്നു. മുറികള്‍ക്കകത്തെ തുണികളും പുസ്തകങ്ങളുംവരെ വലിച്ചു വാരിയിട്ട നിലയിലാണ്.
ചെറു ഫോഗിങ് യന്ത്രം ഉപയോഗിച്ച് പുകയുയര്‍ത്തിയതായും പറയുന്നു. ആറോളം വീടുകളില്‍ ഇത്തരം പരിശോധന നടത്തിയ ഇവരോട് ചിലര്‍ തിരിച്ചറിയല്‍ രേഖ കാണിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും ഇവര്‍ തയ്യാറായില്ല. ചിലര്‍ ഇവരെ വീടുകളില്‍ കയറാന്‍ അനുവദിച്ചുമില്ല. നാട്ടുകാര്‍ കൂട്ടംകൂടിയെത്തിയതോടെ സംഗതി പന്തിയല്ലെന്ന് കണ്ട് ഇവര്‍ മുങ്ങുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൗണ്‍സിലര്‍ കെ കെ കുഞ്ഞച്ചന്‍ പോലിസില്‍ പരാതി നല്‍കി. സമീപങ്ങളിലെ ആശുപത്രി അധികൃതര്‍ ഇപ്രകാരം ആരെയും തങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ലായെന്നാണ് പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it