ഡിസ്റ്റ്‌ലറികളും ബ്രൂവറികളും പിന്‍വലിക്കണം: കെ വി തോമസ് എംപി

കൊച്ചി: മന്ത്രിസഭയുടെയോ എല്‍ഡിഎഫിന്റെയോ അനുവാദമില്ലാതെ നല്‍കിയിട്ടുള്ള ബ്രൂവറികളും ഡിസ്റ്റ്‌ലറികളും പിന്‍വലിക്കണമെന്ന് പ്രഫ. കെ വി തോമസ് എംപി.
പിണറായി സര്‍ക്കാര്‍ ഇടതുമുന്നണിയുടെ നയങ്ങളില്‍ ഉള്‍ക്കൊള്ളിക്കാതെയും മന്ത്രിസഭയുടെ അനുവാദം നേടാതെയുമാണ് സംസ്ഥാനത്ത് പുതിയ ഡിസ്റ്റ്‌ലറികളും ബ്രൂവറികളും അനുവദിച്ചതെന്ന് പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചപ്പോള്‍ അതിനു ബദലായി 2003ലെ എ കെ ആന്റണി മന്ത്രിസഭ മൂന്ന് ഡിസ്റ്റ്‌ലറികള്‍ അനുവദിച്ചുവെന്ന ആരോപണമാണ് ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ ഉന്നയിച്ചത്. ഇടതുമുന്നണിയിലെ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ അറിയാതെ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് നിയമവിരുദ്ധമായി ഇടതുമുന്നണി സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. എ കെ ആന്റണി സര്‍ക്കാര്‍ ആര്‍ക്കും പുതിയതായി ഡിസ്റ്റ്‌ലറികള്‍ നല്‍കിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാന്‍ അന്നത്തെ എക്‌ൈസസ് മന്ത്രിയായ എനിക്കു സാധിക്കുമെന്നും കെ വി തോമസ് പറഞ്ഞു.
അന്നത്തെ ഫയലുകളില്‍ കാണുന്നതുപോലെ 1998ലെ നായനാര്‍ സര്‍ക്കാര്‍ അനുവദിച്ചതു പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച മൂന്ന് ഡിസ്റ്റ്‌ലറി കള്‍ക്കു ലഭിക്കേണ്ട വകുപ്പുതല അനുവാദം നല്‍കുക മാത്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ നായനാര്‍ സര്‍ക്കാരിന്റെ അനുവാദം ലഭിച്ച പദ്ധതി എന്ന നിലയില്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റാണ് അന്തിമ അനുമതി നല്‍കിയത്. എ കെ ആന്റണിയുടെ ഭരണകാലത്ത് എക്‌സൈസുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും യുഡിഎഫിന്റെയും മന്ത്രിസഭയുടെയും അംഗീകാരത്തോടെ മാത്രമെ നടപ്പാക്കിയിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it