kannur local

ഡിവൈഎസ്പി ഓഫിസില്‍ വയോധികയുടെ കുത്തിയിരിപ്പ് സമരം

ഇരിട്ടി: വെളിമാനം കുറ്റിക്കാട്ടില്‍ ലക്ഷ്മിക്ക് മൂന്ന് ആണ്‍മക്കളും 20 സെന്റ് സ്ഥലവും വീടും ഉണ്ടെങ്കിലും ഒരുവര്‍ഷമായി സ്വന്തം വീട്ടില്‍ അന്തിയുറങ്ങാനുള്ള യോഗം അമ്മയ്ക്ക് മക്കള്‍ വിധിച്ചിട്ടില്ല. മക്കളുടെയും മരുമക്കളുടെയും ശല്യത്തില്‍നിന്ന് സംരക്ഷണം തേടി നീതിക്കായി ഇരിട്ടി ഡിവൈഎസ്പി ഓഫിസിന് മുന്നില്‍ കുത്തിയിരിക്കേണ്ടി വന്നു ഈ 67കാരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് കേരള വിധവ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കൊപ്പം ലക്ഷ്മി പോലിസ് സ്‌റ്റേഷനിലെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു കുത്തിയിരിപ്പ് സമരം. മൂന്നുമക്കളില്‍ ഇളയ മകനൊപ്പമാണ് ലക്ഷ്മി താമസിച്ചിരുന്നത്. നേരത്തെ ഭര്‍ത്താവ് മരിച്ചതോടെ വീട്ടുവേല ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഓണവേളയില്‍ ജോലിസ്ഥലത്തുനിന്ന് വീട്ടിലെത്തിയപ്പോള്‍ മകനും മരുമകളും മരുമകളുടെ അമ്മയും ചേര്‍ന്ന്് ഇറക്കിവിട്ടു. മര്‍ദിക്കുകയും കഴുത്തിലെ മാല പറിച്ചെടുക്കുകയും വീട്ടിന്റെ ആധാരം കൈക്കലാക്കുകയും ചെയ്തു. ഇതിനെതിരേ ആറളം പോലിസില്‍ പരാതി നല്‍കി. മക്കളെ വിളിച്ചുവരുത്തി നടത്തിയ ചര്‍ച്ചയില്‍ മൂന്നുമാസത്തിനകം മകനോട് വീട്ടില്‍നിന്ന് ഒഴിഞ്ഞുകൊടുക്കാന്‍ പോലിസ് നിര്‍ദേശിച്ചു. മൂന്നുമാസക്കാലം ബന്ധുക്കളുടെടയും സഹപ്രവര്‍ത്തകരുടെയും വീട്ടില്‍ കഴിഞ്ഞ ലക്ഷ്മി തിരിച്ചെത്തിയപ്പോഴും മര്‍ദിച്ചു. ഇതിനെതിരേ ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന് പരാതി നല്‍കി. നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് ഇന്നലെ കുത്തിയിരിപ്പ് സമരം നടത്തിയത്. എന്നാല്‍, ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നില്ല. സിഐ രാജീവന്‍ വലിയവളപ്പിലും എസ്‌ഐ പിസി സഞ്ജയ്കുമാറും ലക്ഷ്മിയുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരം ആറളം എസ്‌ഐയെ വിളിച്ചുവരുത്തി സംസാരിച്ചു. പ്രശ്‌നം ആര്‍ഡിഒയുടെ പരിഗണനയ്ക്കു വിട്ട് മക്കള്‍ക്ക് നല്‍കിയ സ്വത്ത് തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിച്ചു. മറ്റ് രണ്ടുമക്കളും വീടിന് സമീപം താമസിക്കുന്നുണ്ടെങ്കിലും അവരില്‍നിന്നും സഹായങ്ങള്‍ ലഭിക്കുന്നില്ലെന്ന് ലക്ഷ്മി പറഞ്ഞു.
Next Story

RELATED STORIES

Share it