ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

കൊണ്ടോട്ടി: മോങ്ങത്തു വച്ച് വാഹനത്തില്‍ നിന്നും ഗോഡൗണില്‍ നിന്നുമായി സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘത്തെ നിയമിച്ചു. തൃശൂര്‍ റേ—ഞ്ച് ഐജിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച സംഘത്തില്‍ കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫയും ജില്ലാ പോലിസ് മേധാവിയുടെ പ്രത്യേകാന്വേഷണസംഘാംഗങ്ങളും ഉള്‍പ്പെടും. ഇവരുടെ നേതൃത്വത്തില്‍ പൂക്കോട്ടൂര്‍ മൈലാടിയിലുള്ള ഗോഡൗണ്‍ ഉടമയുടെ സുഹൃത്തിന്റെ വീട്ടില്‍ പരിശോധന നടത്തി.
കേസിലെ സൂത്രധാരന്‍ മോങ്ങത്തെ ഗോഡൗണ്‍ ഉടമയെന്നു സംശയിക്കുന്ന ആലത്തൂര്‍പടി സ്വദേശി ബാസിത്തിനെ പിടികൂടാനായിട്ടില്ല. ഇയാളുടെ മോങ്ങം, ആലത്തൂര്‍പടി വീടുകളില്‍ പോലിസ് പരിശോധന നടത്തി. ഇയാളെ പിടികൂടാന്‍ സൈബര്‍ സെല്ലിന്റെ സഹായവും തേടി. പ്രതി വിദേശത്തേക്കു കടക്കുന്നതു തടയാനും പോലിസ് നിരീക്ഷണം ശക്തമാക്കി. ഗോഡൗണ്‍ ഉടമ ബാസിത്തിനെ കൂടാതെ മജീദ് എന്നയാളെയും പോലിസ് അന്വേഷിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്ന ട്രക്ക് ഡ്രൈവര്‍ ജോര്‍ജിനെ ഏര്‍പ്പാടാക്കിനല്‍കിയത് മജീദാണെന്ന നിഗമനത്തിലാണ് പോലിസ്.
അതേസമയം, പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച സ്‌ഫോടകവസ്തുക്കള്‍ ഇതുവരെ മാറ്റിയിട്ടില്ല. മാറ്റാന്‍ കോടതി ഉത്തരവു നല്‍കിയിട്ടുണ്ടെങ്കിലും ഉത്തരവ് കൈയില്‍ കിട്ടാത്തതാണു മാറ്റാന്‍ വൈകുന്നത്. ജൈവവളത്തിന്റെ മറവില്‍ കടത്തിയ ഏഴ് ടണ്‍ അത്യുഗ്ര സ്‌ഫോടകവസ്തുക്കളാണു കൊണ്ടോട്ടി പോലിസ് സ്റ്റേഷനില്‍ കിടക്കുന്നത്. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കാന്‍ ലൈസന്‍സുള്ള കരിങ്കല്ല് ക്വാറികളിലെ സുരക്ഷിതമേഖലയിലേക്കു മാറ്റാനാണു നിര്‍ദേശമുള്ളത്. ഇതു വില്‍ക്കണോ നിര്‍വീര്യമാക്കണോ എന്നു പിന്നീട് തീരുമാനിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണു മോങ്ങത്തെ മര ഗോഡൗണില്‍ നിന്നും ലോറിയില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയത്. ലോറി ഡ്രൈവര്‍ കാസര്‍കോട് സ്വദേശി ജോര്‍ജ്(40), കര്‍ണാടക സ്വദേശി ഹക്കീം(32) എന്നിവരെ സംഭവദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മലപ്പുറം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ വിഷ്ണു പവര്‍ കമ്പനിയില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ എത്തിച്ചിരിക്കുന്നത്. കരിങ്കല്ല് ക്വാറികളിലും മറ്റും ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളാണെങ്കിലും ഇത്ര വലിയ ശേഖരത്തിനു പിറകില്‍ മറ്റു സഹായങ്ങളുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്.
Next Story

RELATED STORIES

Share it