ഡിജിപി നിയമോപദേശം തേടും

തിരുവനന്തപുരം: പി കെ ശശി എംഎല്‍എക്കെതിരായ പീഡന ആരോപണത്തില്‍ കേസെടുക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി നിയമോപദേശം തേടും. യുവതി നേരിട്ട് പരാതി നല്‍കാത്തതിനാല്‍ തുടര്‍നടപടികള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കാനാണ് നിയമോപദേശം തേടുന്നത്. ആരോപണത്തില്‍ കെഎസ്‌യുവും യുവമോര്‍ച്ചയും നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാറിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് പാലക്കാട് ജില്ലാ പോലിസ് മേധാവിയുടെ ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാറിന് ഉത്തരവ് കൈമാറി. എന്നാല്‍ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെയോ കുടുംബത്തിന്റെയോ പരാതി ഇതുവരെ പോലിസിന് ലഭിച്ചിട്ടില്ലാത്തതിനാല്‍ മാധ്യമവാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രാഥമികാന്വേഷണം നടത്തി ഐജിക്ക് റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്പിയുടെ നീക്കം.
പ്രായപൂര്‍ത്തിയായ ഇര നേരിട്ട് പരാതി നല്‍കാത്തതിനാല്‍ ശശിക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാനുള്ള സാധ്യത വിരളമാണ്.
പാര്‍ട്ടി നേതൃത്വത്തിന് ലഭിച്ച പരാതി പോലിസിന് കൈമാറിയാലും ഇതുസംബന്ധിച്ച് മൂന്നാമതൊരു വ്യക്തി പരാതി കൊടുത്താലും കേസെടുത്ത് അന്വേഷിക്കാമെങ്കിലും പെണ്‍കുട്ടിയുടെ സഹകരണമില്ലാതെ നിയമനടപടിക്ക് സാധ്യതയില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it