Flash News

ഡിജിപി ജേക്കബ് തോമസ് അവധി വീണ്ടും നീട്ടി



തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസ് അവധി വീണ്ടും നീട്ടി. അവധി ഇന്ന് അവസാനിച്ച സാഹചര്യത്തില്‍ 17 ദിവസത്തേക്കുകൂടി അവധി നീട്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് അപേക്ഷ നല്‍കുകയായിരുന്നു. ഇതു രണ്ടാംതവണയാണ് ജേക്കബ് തോമസ് അവധി നീട്ടുന്നത്. ഒരുമാസത്തെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് പിന്നീട് ഒരുമാസം കൂടി നീട്ടുകയായിരുന്നു. ഡിജിപി സ്ഥാനത്തേക്ക് സെന്‍കുമാര്‍ തിരിച്ചുവരികയും ഡിജിപിയായിരുന്ന ലോക്‌നാഥ് ബഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നല്‍കുകയും ചെയ്ത സാഹചര്യത്തില്‍ ജേക്കബ് തോമസിന്റെ സ്ഥാനം സംബന്ധിച്ചു തീരുമാനമാവാത്തതിനാലാണ് അവധി വീണ്ടും നീട്ടിയതെന്നാണു സൂചന. ഹൈക്കോടതിയില്‍ നിന്നുള്ള തുടര്‍ച്ചയായ വിമര്‍ശനവും ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ അമര്‍ഷവും കണക്കിലെടുത്ത് സര്‍ക്കാര്‍ ജേക്കബ് തോമസിനെ നീക്കുകയായിരുന്നു. എന്നാല്‍ അവധിയില്‍ പ്രവേശിച്ചുവെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ജേക്കബ് തോമസിനെതിരേ പ്രതിപക്ഷം നിയമസഭയില്‍ വിമര്‍ശനം ഉയര്‍ത്തിയപ്പോള്‍ ആ കട്ടില്‍ കണ്ട് ആരും പനിക്കണ്ട എന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാഴ്ച തികയും മുമ്പേ അദ്ദേഹത്തെ കൈവിട്ടതിനു പിന്നില്‍ സിപിഎമ്മിന്റെ ശക്തമായ ഇടപെടലുണ്ടായിരുന്നു. തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഡയറക്ടറെ സര്‍ക്കാര്‍ മാറ്റാത്തത് എന്താണെന്നുവരെ ഹൈക്കോടതി  ചോദിച്ചിരുന്നു. ഇ പി ജയരാജന്റെ ബന്ധുനിയമനക്കേസ്, ടി പി ദാസന്‍ ഉള്‍പ്പെട്ട സ്‌പോര്‍ട്‌സ് ലോട്ടറി കേസ്, കെ എം മാണിക്കെതിരായ ബാര്‍കേസ് എന്നിവ സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ ചില നിര്‍ദേശങ്ങളോടു ജേക്കബ് തോമസ് യോജിച്ചില്ല. ഇ പി ജയരാജനെതിരേ അഴിമതി നടത്തിയെന്ന വകുപ്പിലാണ് കേസെടുത്തത്. ഇത് അഴിമതിക്കു ശ്രമിച്ചുവെന്ന വകുപ്പിലേക്കു മാറ്റിക്കൂടേയെന്ന നിര്‍ദേശത്തോടു ജേക്കബ് തോമസ് വിയോജിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ ഇടപെട്ടിട്ടും വഴങ്ങിയില്ല. ഇതു സിപിഎമ്മിനുള്ളില്‍ അതൃപ്തി സൃഷ്ടിച്ചു. തുടര്‍ന്നു ഡയറക്ടറെ മാറ്റണമെന്നു മുഖ്യമന്ത്രിയോടു പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു നീക്കംചെയ്യല്‍.
Next Story

RELATED STORIES

Share it