ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചു; മൃതദേഹം ലിഗയുടേതു തന്നെ

തിരുവനന്തപുരം: തിരുവല്ലം ചെന്തിലാക്കരിയില്‍ നിന്നു കണ്ടെത്തിയ മൃതദേഹം വിദേശ വനിത ലിഗയുടേതു തന്നെയാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ഡിഎന്‍എ പരിശോധനയിലാണു മൃതദേഹം ലിഗയുടേതെന്നു കണ്ടെത്തിയത്.  യുവതിയുടെ സഹോദരി ഇല്‍സയുടെ രക്തസാംപിള്‍ ഉപയോഗിച്ചായിരുന്നു പരിശോധന.
ഡിഎന്‍എ പരിശോധനയുടെ ഫലം മുദ്രവച്ച കവറില്‍ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി. ലിഗയുടെ മരണം ശ്വാസംമുട്ടിയാകാമെന്നു ഫോറന്‍സിക് ഡോക്ടര്‍മാര്‍ അന്വേഷണസംഘത്തെ അറിയിച്ചിരുന്നു. ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധന കൂടി ലഭ്യമാവുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തതവരുമെന്ന പ്രതീക്ഷയിലാണു പോലിസ്.  പോത്തന്‍കോട് ആയുര്‍വേദ സെന്ററില്‍ വിഷാദരോഗത്തിനു ചികില്‍സ തേടിയിരുന്ന ലിഗയെ മാര്‍ച്ച് 14നാണു കാണാതാവുന്നത്. ഒരാഴ്ച മുമ്പാണ് ചെന്തിലാക്കരി പനത്തുറയിലെ കണ്ടല്‍ക്കാടിനുള്ളില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകി ജീര്‍ണിച്ചിരുന്നതിനാല്‍ പെട്ടെന്നു തിരിച്ചറിയല്‍ സാധ്യമായിരുന്നില്ല. വസ്ത്രങ്ങളില്‍ നിന്ന് മൃതദേഹം ലിഗയുടേതു തന്നെയെന്ന് സഹോദരി ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രൂസും തിരിച്ചറിഞ്ഞിരുന്നു.
യുവതിയുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു പോലിസിന്റെ ആദ്യ നിഗമനം. എന്നാല്‍ മരണം ശ്വാസംമുട്ടിയാവാമെന്നു ഫോറന്‍സിക് ഡോക്ടര്‍മാര്‍ സൂചന നല്‍കിയതോടെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.
കൊലപാതക സാധ്യത തേടിയാണ് ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കോവളത്തെ യോഗ പരിശീലകനെ പോലിസ് ഇന്നലെ ചോദ്യംചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ഇയാള്‍ കോവളത്ത് ഇല്ലായിരുന്നു. സ്ഥിരമായി ഓവര്‍കോട്ട് ഉപയോഗിക്കുന്നതാണ് ഇയാളെ സംശയിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിച്ചത്. ലിഗയുടെ മൃതദേഹത്തില്‍ നിന്ന് ഒരു ഓവര്‍കോട്ട് പോലിസ് കണ്ടെടുത്തിരുന്നു. പോത്തന്‍കോട് നിന്ന് ഓട്ടോറിക്ഷയില്‍ കോവളത്ത് എത്തിയ ലിഗ ഓവര്‍കോട്ട് ധരിച്ചിരുന്നില്ലെന്നു ഡ്രൈവര്‍ ഷാജി മൊഴിനല്‍കിയിരുന്നു. മാത്രമല്ല ലിഗയുടെ മരണത്തിന് ശേഷം ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ ഗൈഡുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ലിഗയെ അപായപ്പെടുത്തിയ ശേഷം കണ്ടല്‍ ക്കാട് നിറഞ്ഞ ചതുപ്പില്‍ ഉപേക്ഷിച്ചതാണോയെന്ന സംശയവും പോലിസിനുണ്ട്. കോവളം ബീച്ചില്‍ ചെന്തിലക്കരയിലെ കണ്ടല്‍ക്കാട് വരെ ലിഗ വരുന്നതു കണ്ടതായി ആരില്‍ നിന്നും സൂചന ലഭിക്കാത്തതും ബീച്ചില്‍ നിന്ന് അകലെയുള്ള വിജനമായ സ്ഥലത്ത് തനിച്ചു വരാനുള്ള സാധ്യത വിരളമായതുമാണ് പോലിസ് ഇത്തരമൊരന്വേഷണത്തിലേക്കു കടന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തെളിവെടുപ്പ് നടത്തിയിട്ടും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിയാതെപോയത് അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കുന്നു. പുറത്ത് എവിടെ വച്ചെങ്കിലും അപായപ്പെടുത്തിയ ശേഷം മൃതദേഹം വള്ളത്തിലോ, മറ്റോ ഇവിടെ എത്തിച്ച് ഉപേക്ഷിച്ചതാവാമെന്ന സംശയവും പോലിസിനുണ്ട്.  മൃതദേഹം കാണപ്പെട്ട സ്ഥലം വൃത്തിയാക്കിയെങ്കിലും ചെറിയ കയര്‍ കഷണം മാത്രമാണ് ലഭിച്ചത്. ഇത് കൃത്യത്തിന് ഉപയോഗിച്ചതാണോയെന്നു വ്യക്തമല്ലെങ്കിലും പരിശോധനയ്ക്കായി പോലിസ് ശേഖരിച്ചിട്ടുണ്ട്. കഞ്ചാവ് കച്ചവടക്കാരുടെ താവളമായിരുന്ന ഇവിടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി കഞ്ചാവ് വില്‍പനക്കാരോ, ഉപയോഗിക്കുന്നവരോ എത്താതിരുന്നതും സംശയത്തിനിടയാക്കുന്നു.  നാട്ടുകാരില്‍ നിന്നു ലഭിച്ച ഇത്തരം സൂചനകളെ തുടര്‍ന്നു വാഴമുട്ടം, കുഴിവിളാകം, പനത്തുറ പ്രദേശങ്ങളിലുള്ള അര ഡസനോളം യുവാക്കളെ പോലിസ് വീണ്ടും ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, ലിഗയുടെ സഹോദരി ഇല്‍സ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും കൂടിക്കാഴ്ച നടത്തി. ലിഗയുടെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഇരുവരും ഇല്‍സയ്ക്ക് ഉറപ്പുനല്‍കി.
സര്‍ക്കാരിന്റെ ധനസഹായമായ അഞ്ചു ലക്ഷം രൂപയുടെ ചെക്കും കടകംപള്ളി കൈമാറി. തന്റെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും  പോലിസ് അന്വേഷണവും തൃപ്തികരമാണെന്ന് ഇരുവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇല്‍സ അറിയച്ചു.
Next Story

RELATED STORIES

Share it