ഡല്‍ഹി സര്‍ക്കാരിന് പരിമിത അധികാരം മാത്രം: ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഎപി സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മിലുള്ള അധികാരത്തര്‍ക്കം സംബന്ധിച്ച സുപ്രിംകോടതി വിധി ഉദ്യോഗസ്ഥര്‍ ലംഘിക്കുകയാണെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സുപ്രിംകോടതി ആരുടെയും അധികാരങ്ങള്‍ എടുത്തുമാറ്റുകയോ ആര്‍ക്കും കൂടുതലായി അധികാരങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല.
ഡല്‍ഹിക്ക് മറ്റു സംസ്ഥാനങ്ങള്‍ക്കുള്ളത് പോലെയുള്ള അധികാരങ്ങള്‍ ഇല്ലെന്ന് സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രിംകോടതി ഉത്തരവില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രാധാന്യത്തെപ്പറ്റി പറയുന്നുണ്ട്. എങ്കിലും ഒരു കേന്ദ്രഭരണ പ്രദേശമെന്ന നിലയില്‍ ഡല്‍ഹിയുടെ അധികാരം കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിനു കീഴില്‍ ചേര്‍ന്നുനില്‍ക്കുന്നതാണ്. ഡല്‍ഹി ഒരു പൂര്‍ണ സംസ്ഥാനമല്ല. അതുകൊണ്ടു തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഉണ്ടാവുമെന്നു കരുതുന്നത് ശരിയല്ല. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കാര്യമായ അധികാരമില്ലെന്നും കരുതാനാവില്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു.
ചോദ്യംചെയ്യപ്പെടാനാവാത്തവിധം ഡല്‍ഹി ഒരു കേന്ദ്രഭരണ പ്രദേശം തന്നെയാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇരിപ്പിടമാണത്. സുപ്രിംകോടതി, രാഷ്ട്രപതി ഭവന്‍, വിവിധ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദേശ രാജ്യങ്ങളുടെ എംബസികള്‍ തുടങ്ങിയവയും ഡല്‍ഹിയിലാണുള്ളത്. അടിക്കടി വിദേശരാജ്യ തലവന്‍മാര്‍ സന്ദര്‍ശനം നടത്തുന്നതും ഡല്‍ഹിയിലാണ്. ആ നിലയ്ക്ക് എങ്ങനെയാണ് പോലിസിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിന് നല്‍കാനാവുക. പോലിസ്, ക്രമസമാധാനം, ഭൂമി തുടങ്ങിയ വിഷയങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന് ഇപ്പോഴും അധികാരമില്ല. മുന്‍കാലങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പോലിസിനെ ചുമതലപ്പെടുത്താനും ഡല്‍ഹി സര്‍ക്കാരിന് അധികാരമില്ലെന്നും ജെയ്റ്റ്‌ലി ഫേസ്ബുക്കില്‍ കുറിച്ചു.
Next Story

RELATED STORIES

Share it