ഡല്‍ഹി പോലിസിലെ മലയാളി ഇന്‍സ്‌പെക്ടറുടെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

കോഴിക്കോട്: ഡല്‍ഹി പോലിസിലെ മലയാളി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ടി പി അനിരുദ്ധന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം. അനിരുദ്ധന്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അതീവ സന്തോഷവാനായിരുന്നുവെന്നും അവര്‍ പറഞ്ഞു. അനിരുദ്ധന്റേത് കൊലപാതകമാണെന്നും കേസ് വിശ്വാസയോഗ്യമായ ഏജന്‍സി അന്വേഷിക്കണമെന്നും ഭാര്യ ശശികല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഡല്‍ഹി തേഡ് ബറ്റാലിയനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ബാലുശ്ശേരി പൂനത്ത് സ്വദേശി അനിരുദ്ധനെ കഴിഞ്ഞ 8നാണ് വെടിയേറ്റു മരിച്ച നിലയില്‍ ഡല്‍ഹിയിലെ ആളൊഴിഞ്ഞ പ്രദേശത്തു കണ്ടെത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് രാവിലെ 11നു വീട്ടില്‍ എത്തി വൈകീട്ട് 5 മണിയോടെ പുറത്തുപോവുകയായിരുന്നു. വീട്ടിലേക്ക് ഫോണ്‍ ചെയ്ത് 8 മണിക്കു തിരിച്ചെത്തുമെന്ന് അറിയിച്ചു. പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയി. പിറ്റേന്ന് ഫോണ്‍ ഓണായപ്പോള്‍ മൃതദേഹം തിരിച്ചറിയുന്നതിനായി സംഭവസ്ഥലത്തേക്ക് എത്താന്‍ പോലിസ് ആവശ്യപ്പെടുകയായിരു—ന്നുവെന്നു ഭാര്യ ശശികല പറഞ്ഞു.
അനിരുദ്ധന്‍ സ്വന്തം റിവോള്‍വര്‍ കൊണ്ട് ആത്മഹത്യ ചെയ്തുവെന്നാണ് പോലിസ് നല്‍കിയ വിവരം. എന്നാല്‍, ഡ്യൂട്ടിസമയത്തു മാത്രമേ റിവോള്‍വര്‍ കൈവശം വയ്ക്കാറുള്ളൂ. ഡ്യൂട്ടി കഴിഞ്ഞാല്‍ ഓഫിസില്‍ ഏല്‍പിച്ചു മടങ്ങുകയാണ് പതിവ്. അവധിക്കു സ്വദേശമായ ബാലുശ്ശേരിയില്‍ എത്തിയപ്പോള്‍ ഡല്‍ഹിയില്‍ തനിക്ക് ശത്രുക്കളുണ്ടെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മരണത്തില്‍ നീതിപൂര്‍വമായ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഡല്‍ഹി മുഖ്യമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും ഇടപെടണമെന്നും ജനകീയ കമ്മിറ്റി അംഗങ്ങളായ കെ കെ സുജിത്ത്, ജ്യോതി രാജന്‍, കെ കെ ബാലന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it