kozhikode local

ട്രോളിങ് നിരോധനം 14ന് അര്‍ധരാത്രി മുതല്‍ ; ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കും



കോഴിക്കോട്: ഈ വര്‍ഷത്തെ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം ജില്ലയില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കലക്‌റേറ്റില്‍ എഡിഎം ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മത്സ്യത്തൊഴിലാളികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജൂണ്‍ 14 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 47 ദിവസം കേരള തീരക്കടലില്‍ കരയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ അല്ലെങ്കില്‍ 22 കിലോ മീറ്റര്‍ വരെ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം നടപ്പിലാക്കും. ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധന ബോട്ടുകള്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ല. എന്നാല്‍ മറ്റുവിഭാഗത്തില്‍പെട്ട യാനങ്ങള്‍ക്ക് ട്രോളിംഗ് ഒഴികെയുള്ള മത്സ്യബന്ധന രീതികള്‍ അനുവര്‍ത്തിക്കാവുന്നതാണ്. രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗ് നിരോധിച്ചിട്ടുള്ളതാണ്. എല്ലാ യാനങ്ങളിലും രജിസ്‌ട്രേഷന്‍ മാര്‍ക്ക് നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്. ജില്ലയില്‍ 857 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും 240 ഇന്‍ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളും 3669 ഔട്ട്‌ബോര്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ച വള്ളങ്ങളും 180 എന്‍ജിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം ആകെ 4946 യാനങ്ങള്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഇതരജില്ലകളില്‍നിന്നും ഏകദേശം 600ഓളം ബോട്ടുകള്‍ ജില്ലയിലെ തീരക്കടലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാല് പ്രധാന ഫിഷിംഗ് ഹാര്‍ബറുകളുള്ള ജില്ലയില്‍ ഏകദേശം 27500 തൊഴിലാളികള്‍ പ്രത്യക്ഷമായി മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.ഫിഷറീസ് വകുപ്പ് കടല്‍ പട്രോളിംഗിനും കടല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും മെയ് 15 മുതല്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ബേപ്പൂര്‍ ഫിഷറീസ് സ്‌റ്റേഷനില്‍ ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: ജില്ലാ കണ്‍ട്രോള്‍ റൂം0495 2371002, ഫിഷറീസ് കണ്‍ട്രോള്‍ റൂം0495 2414074. ബേപ്പൂര്‍, പുതിയാപ്പ, കൊയിലാണ്ടി എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ബോട്ടുകളും ചോമ്പാല്‍ കേന്ദ്രീകരിച്ച് ഒരു ഫൈബര്‍ വള്ളവും പ്രവര്‍ത്തിക്കും. കടല്‍ പട്രോളിംഗിനും രക്ഷാദൗത്യങ്ങള്‍ക്കുമായി ഫിഷറീസ് വകുപ്പ്, തുറമുഖ വകുപ്പ്, നേവി, കോസ്റ്റ് ഗാര്‍ഡ്, തീരദേശ പൊലീസ് എന്നിവ സഹകരിച്ച് പ്രവര്‍ത്തിക്കും. അടിയന്തിര ഘട്ടങ്ങളില്‍ ജില്ലാ ദുരന്ത നിവാരണ സമിതി, കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, ഫയര്‍ ഫോഴ്‌സ് എന്നിവ തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. ഇതരസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 14ന് മുമ്പേ കേരള തീരം വിട്ടു പോവേണ്ടതാണെന്നും ജൂണ്‍ 14ന് ശേഷം ഒരു കാരണവശാലും ഇവയെ കടലില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും മംഗലാപുരം, കന്യാകുമാരി ജില്ലാ കലക്ടര്‍മാര്‍ക്ക് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിപ്പ് നല്‍കും. ട്രോളിംഗ് നിരോധനം മൂലം തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറിലെ അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുമെന്നും അറിയിച്ചു.യോഗത്തില്‍ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ഹസീന, ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം) സി. ലില്ലി, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി. പ്രഭാകരന്‍, സിറ്റി ഡി.സി.പി പി.ബി. രാജീവ്, കോസ്റ്റ്ഗാര്‍ഡ്, മത്സ്യബോര്‍ഡ്, തുറമുഖ വകുപ്പ്, ഫയര്‍ ഫോഴ്‌സ് പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ബോട്ടുടമകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it