palakkad local

ട്രെയിനുകള്‍ നിര്‍ത്തലാക്കുന്നത് മാഫിയകള്‍ക്ക് വേണ്ടി



കെ വി സുബ്രമണ്യന്‍

കൊല്ലങ്കോട്:  ഡിവിഷനു കീഴിലെ ആറു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ പാലക്കാട് -പൊള്ളാച്ചി പുതുക്കി പണിത ബ്രോഡ് ഗേജ് ലൈനിലൂടെ നിരവധി ട്രെയിനുകള്‍ അനുവദിക്കുമെന്ന പ്രതീക്ഷ  ഇല്ലാതാകുന്നു. ലാഭകരമല്ലാത്ത കാരണം പറഞ്ഞ് ഇതുവഴി ഓടിയിരുന്ന ട്രെയിനുകളെ നിര്‍ത്തലാക്കാനും പുതിയ ട്രെയിനുകള്‍ അനുവദിക്കാതിരിക്കാനുമുള്ള ഗൂഡാലോചനയുടെ ഫലമാണ് ട്രെയിനുകള്‍ നിര്‍ത്തലാക്കലിലൂടെ റെയില്‍വേ നടപ്പിലാക്കുന്നത്. മീറ്റര്‍ ഗേജിലൂടെ  ഓടിക്കൊണ്ടിരുന്ന ട്രെയിനുകളില്‍ മികച്ച വരുമാനം ഉണ്ടായതായിരുന്നതായുള്ള കണക്കുകള്‍ റെയില്‍വേ തന്നെ സമ്മതിക്കുന്നുണ്ട്.  എന്നാല്‍ ബ്രോഡ് ഗേജ് ലൈന്‍ വന്നതോടെ സമയക്രമത്തില്‍ ഉണ്ടായ മാറ്റം വരുമാനത്തിന് കുറവുണ്ടായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. യാത്രക്കാരുടെ സൗകര്യത്തിന്  ട്രെയിന്‍ സമയം ക്രമീകരിക്കാതെ സര്‍വീസ് നടത്തി നഷ്ടത്തിന്റെ കണക്ക് പറയുന്ന റേയില്‍വേ മാഫിയകള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്നാണ് റെയില്‍വേ യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ തമിഴ്‌നാട് ലോബികളുടെ പ്രവര്‍ത്തനമാണ് ഏറ്റവും ശക്തമായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. കൂടാതെ സംസ്ഥാനത്തെ എറണാകുളം ആസ്ഥാനമായുള്ള ടൂറിസ്റ്റ് ബസ്സ് സര്‍വീസ് ഉടമകളുടെ സ്വാധീനവും ട്രയിന്‍ സര്‍വീസ് നിര്‍ത്തലാക്കുന്നതിന്റെ പുറകിലുണ്ടെന്നും യാത്രക്കാര്‍ ആരോപിക്കുന്നു. വെള്ളിയാഴ്ച രാത്രിയില്‍ തമിഴ്‌നാട്ടിലേക്ക് നൂറില്‍ കൂടുതല്‍ വാഹനമാണ് അതിര്‍ത്തി ചെക്ക് പോസ്റ്റ് വഴി കടന്നു പോകുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് ചരക്ക് കടത്ത് ട്രെയിനിലൂടെ ആയാല്‍ ലോറി ഉടമസ്ഥര്‍ക്കു വന്‍ നഷ്ടവും സംഭവിക്കുന്നുണ്ട്. അതിനാല്‍ ഇത്തരം മാഫിയകളാണ് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ട്രെയിന്‍ ഗതാഗതം ഇവരുടെ സ്വാധീനത്തില്‍ കണ്ടുവരാനുള്ള ശ്രമം നടത്തുന്നതെന്നാണ് പരക്കെ ആക്ഷേപമുയരുന്നത്. ട്രെയിനുകള്‍ റദ്ദാക്കിയതോടെ പാലക്കാട് ടൗണ്‍ സ്‌റ്റേഷനില്‍നിന്നു പൊള്ളാച്ചിയിലേക്കുള്ള മൂന്ന് സ്‌പെഷല്‍ ട്രെയിനുകള്‍ ഇനി മുതല്‍ സര്‍വീസ് നടത്തില്ല. മധ്യകേരളത്തിലേക്കുള്ള യാത്രക്കാര്‍ ഏറെ ആശ്രയിച്ചിരുന്ന കൊച്ചി സിറ്റി മെമു ട്രെയിനിന്റെ രണ്ട് സര്‍വീസുകള്‍ ഒഴിച്ചു ബാക്കിയുള്ളവ റെയില്‍വേ ഇന്നലെ മുതല്‍ നിര്‍ത്തലാക്കി. പഴനി- പൊള്ളാച്ചി പാസഞ്ചര്‍, കാസര്‍കോട്-  കണ്ണൂര്‍ സ്‌പെഷല്‍, കാസര്‍കോട് -ബൈന്തൂര്‍ പാസഞ്ചര്‍ തുടങ്ങിയവയാണ് റദ്ദാക്കിയ മറ്റു ട്രെയിനുകള്‍. ഇതോടെ 600 കോടിയിലേറെ മുടക്കി കമ്മിഷന്‍ ചെയ്ത പാലക്കാട് പൊള്ളാച്ചി പാത യാത്രക്കാര്‍ക്കു പ്രയോജനപ്പെടാതെ പോവുകയാണ്. പാത നവീകരണത്തിനു ശേഷം ഈ റൂട്ടില്‍ കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ ഭാഗത്തു നിന്നും നിരന്തര ആവശ്യമുയരുന്ന സാഹചര്യത്തിലാണ് നാമമാത്രമായ സര്‍വീസുകള്‍ കൂടി വെട്ടിക്കുറച്ചിരിക്കുന്നത്.  കാസര്‍കോടു നിന്നു മൂകാംബിക ഉള്‍പ്പെടെയുള്ള യാത്രകള്‍ക്കു മലയാളികള്‍ ആശ്രയിച്ചിരുന്ന ട്രെയിനാണ് കാസര്‍കോട് ബൈന്തൂര്‍ പാസഞ്ചര്‍.  യാത്രക്കാരുടെ കുറവു കണക്കിലെടുത്താണ് ഈ സര്‍വീസുകള്‍ റദ്ദ് ചെയ്തതതെന്നാണ്  റെയില്‍വേയുടെ വിശദീകരണം.
Next Story

RELATED STORIES

Share it