malappuram local

ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് അവഗണന: എസ്ഡിപിഐ

മലപ്പുറം:  തിരൂരില്‍ പുതിയ ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കാതെ അവഗണന തുടരുന്നത് ജില്ലയിലെ പൊതുജനങ്ങളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. അതിവേഗ ട്രെയിനായ ശതാബ്ദി എക്‌സ്പ്രസിന് ഷൊര്‍ണൂര്‍ കഴിഞ്ഞാല്‍ പിന്നെ കോഴിക്കോട് മാത്രമാണ് സ്‌റ്റോപ്പുള്ളത്. ആധുനിക സൗകര്യങ്ങളുള്ള ശീതീകരിച്ച കോച്ചുകളുള്ള ട്രെയിനുകള്‍ക്ക് എല്ലാ ജില്ലകളിലും ഒരു കേന്ദ്രത്തില്‍ സ്‌റ്റോപ്പുകള്‍ ഉണ്ടായിട്ടും മലപ്പുറം ജില്ലയില്‍ സ്‌റ്റോപ്പ് അനുവദിക്കാത്തത് വിവേചനമാണ്. കാലങ്ങളായി ജില്ലയിലെ യാത്രക്കാര്‍ ആശ്രയിക്കുന്ന തിരൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിക്കാന്‍ കഴിയാത്തത് ജനപ്രതിനിധികളുടെ കാര്യശേഷിയില്ലായ്മയായി വിലയിരുത്തുന്നു. കഴിഞ്ഞ യുപിഎ ഭരണ കാലത്ത് ജില്ലയില്‍നിന്ന് റെയില്‍വേ സഹ മന്ത്രി ഉണ്ടായിട്ടും തിരൂരിനെ അവഗണിക്കുകയായിരുന്നു. അന്ന് പതിനെട്ട് ട്രെയിനുകള്‍ക്കു സ്‌റ്റോപ്പ് അനുവദിച്ചിരുന്നില്ല. ജനകീയാവശ്യങ്ങളെ അവഗണിക്കുന്ന ജില്ലയിലെ ജനപ്രതിനിധികളുടെ നിലപാട് മാറ്റി തിരൂരില്‍ ട്രെയിനുകള്‍ക്കു സ്‌റ്റോപ്പ് അനുവദിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ സമരങ്ങള്‍ക്ക് തുടക്കം കുറയ്ക്കുമെന്ന് എസ്ഡിപിഐ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ മജീദ്, വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി, സൈദലവി ഹാജി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, മുസ്തഫ, ഹംസ മഞ്ചേരി, ഹംസ അങ്ങാടിപ്പുറം, ഉസ്മാന്‍ കരുളായി സംസാരിച്ചു.
Next Story

RELATED STORIES

Share it