Flash News

ട്രാവല്‍ കാര്‍ഡിന് മികച്ച പ്രതികരണം : കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് 1.48 കോടി രൂപ



ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: മുന്‍കൂര്‍ പണമടച്ച് നേടാവുന്ന കെഎസ്ആര്‍ടിസിയുടെ ടിക്കറ്റിങ് സമ്പ്രദായമായ ട്രാവല്‍ കാര്‍ഡിന് മികച്ച പ്രതികരണം. പദ്ധതി ആരംഭിച്ച് മൂന്നുമാസം പിന്നിടുമ്പോള്‍ 1.48 കോടി രൂപയുടെ വരുമാനമാണ് ട്രാവല്‍ കാര്‍ഡ് വില്‍പനയിലൂടെ കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ട്, റെയില്‍വേ സീസണ്‍ ടിക്കറ്റ് മാതൃകയില്‍ നടപ്പാക്കിയ പദ്ധതി വിജയംകണ്ടെന്നാണ് ട്രാവല്‍കാര്‍ഡ് വില്‍പനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 24നാണ് ട്രാവല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള യാത്ര കെഎസ്ആര്‍ടിസി ആരംഭിച്ചത്. 10,234 കാര്‍ഡുകള്‍ ഈ കാലയളവില്‍ വിറ്റുപോയി. പദ്ധതിപ്രകാരം 1,48,87,500 രൂപ വരുമാനം ലഭിച്ചെങ്കിലും കെഎസ്ആര്‍ടിസിയുടെ സാമ്പത്തികബാധ്യതകള്‍ തീര്‍ക്കുന്നതിന് ലഭ്യമായിത്തുടങ്ങിയിട്ടില്ല.നോട്ടുക്ഷാമം രൂക്ഷമായ സമയത്ത് ആരംഭിച്ച ട്രാവല്‍ കാര്‍ഡ് യാത്രക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ബ്രോണ്‍സ്, സില്‍വര്‍, ഗോള്‍ഡ്, പ്രീമിയം എന്നിങ്ങനെ വിവിധ തുകയ്ക്കുള്ള നാലുതരം കാര്‍ഡുകളാണ് നല്‍കുന്നത്. ബ്രോണ്‍സ് കാര്‍ഡുകള്‍ ജില്ലയ്ക്കുള്ളിലെ യാത്രയ്ക്കു മാത്രം ഉപയോഗിക്കാം. ഇവയ്ക്ക് 1,000 രൂപയാണ് ഈടാക്കുന്നത്. സില്‍വര്‍ കാര്‍ഡ്- 1,500, ഗോള്‍ഡ് കാര്‍ഡ്- 3,000, എസി ബസ്സുകളില്‍ ഉള്‍പ്പെടെയുള്ള യാത്രയ്ക്ക് പ്രീമിയം കാര്‍ഡ്- 5,000 രൂപ എന്നിങ്ങനെയാണ് തുക ഈടാക്കുന്നത്. ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ സൈ്വപ് ചെയ്താണ് കാര്‍ഡില്‍ നിന്ന് തുക ഈടാക്കുന്നത്. ജില്ലയ്ക്കകത്തെ യാത്രയ്ക്ക് മാത്രം ഉപയോഗിക്കാവുന്ന ബ്രോണ്‍സ് കാര്‍ഡിനാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. 5,000 രൂപ വരുന്ന പ്രീമിയം കാര്‍ഡിന് ആവശ്യക്കാര്‍ കുറവാണ്. അതേസമയം, കാര്‍ഡ് കിട്ടാനില്ലാത്ത അവസ്ഥ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പദ്ധതി നടപ്പാക്കി ഒരുമാസക്കാലത്തിനു ശേഷം തന്നെ കാര്‍ഡ് സ്റ്റോക്കില്ലാത്ത അവസ്ഥയായിരുന്നു. പുതിയ കാര്‍ഡ് അടിക്കാന്‍ നിര്‍ദേശം നല്‍കിയതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്കു മാറ്റാത്തതിനാല്‍ പദ്ധതി തുടരുന്നതു സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ഓരോ കാര്‍ഡിനും 20.54 രൂപ എന്ന നിരക്കില്‍ ചെലവഴിക്കേണ്ടതിനാല്‍ ഇത് കോര്‍പറേഷന് നഷ്ടം വരുത്തുമോ എന്ന ആശങ്കയുമുണ്ട്. സ്മാര്‍ട്ട് കാര്‍ഡ് രീതിയില്‍ ഇറക്കിയാല്‍ റീചാര്‍ജിങ് സംവിധാനത്തിലൂടെ പ്രതിമാസമുണ്ടാവുന്ന ചെലവ് പരിഹരിക്കാനാവും. ഓരോ മാസത്തേക്കും പുതിയ കാര്‍ഡ് ഇറക്കുമ്പോള്‍ ഇതുവഴി നേടുന്ന ലാഭം നഷ്ടപ്പെടും. ഇക്കാര്യം ജീവനക്കാരുടെ സംഘടനകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓരോ ഡിപ്പോകളിലേക്കും ആവശ്യമായ കാര്‍ഡ് എത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. കോര്‍പറേഷന് വരുമാനമുണ്ടാക്കുന്നതും യാത്രക്കാര്‍ക്ക് സൗകര്യപ്രദവുമായ പദ്ധതി തുടരണമെന്നതാണ് ജീവനക്കാരുടെയും നിലപാട്.
Next Story

RELATED STORIES

Share it