World

ട്രംപ് മാഫിയാ തലവന്‍: ജയിംസ് കോമി

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഫ്ബിഐ മുന്‍ ഡയറക്ടര്‍ ജയിംസ് കോമി. പൂര്‍ണമായ വിധേയത്വം ലഭിക്കണമെന്നാഗ്രഹിക്കുന്ന ഒരു മാഫിയാ തലവനെയാണ് ട്രംപ് ഓര്‍മിപ്പിക്കുന്നതെന്ന് എ ഹയര്‍ ലോയല്‍റ്റി: ട്രൂത്ത്, ലൈസ് ആന്റ് ലീഡര്‍ഷിപ്പ് എന്ന പുസ്തകത്തില്‍ കോമി അഭിപ്രായപ്പെടുന്നു. അടുത്തവാരം പുറത്തിറങ്ങാനിരിക്കുന്ന പുസ്തകത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ യുഎസ് മാധ്യമങ്ങള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു.
ലോകം മൊത്തം തനിക്കെതിരാണെന്നാണ് ട്രംപ് കരുതുന്നതെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം കള്ളം പറയുകയാണെന്നും കോമി തന്റെ പുസ്തകത്തില്‍ പറയുന്നു. അയഥാര്‍ഥമായ കാര്യങ്ങളുടെ കൂട്ടിനുള്ളിലാണ് ട്രംപ് കഴിയുന്നത്. അതിലേക്ക് തനിക്ക് ചുറ്റുമുള്ളവരെയും വലിച്ചിടാന്‍ ട്രംപ് ശ്രമിക്കുകയാണ്. തെറ്റും ശരിയും എന്താണെന്നത് സംബന്ധിച്ചു മനസ്സിലാക്കാനുള്ള കഴിവ് ട്രംപിനില്ലെന്നും കോമി പറയുന്നു. ധാര്‍മികതയും സത്യസന്ധതയും വച്ചുപുലര്‍ത്താത്തയാളാണ് പ്രസിഡന്റെന്നും പുസ്തകത്തില്‍ പറയുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു.
കോമിയെ എഫ്ബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നു 11 മാസം മുമ്പ് ഡോണള്‍ഡ് ട്രംപ് പുറത്താക്കിയിരുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു കോമിയെ പുറത്താക്കിയത്. കോമി വെറുക്കപ്പെട്ടവനും ദുര്‍ബലനും സത്യസന്ധതയില്ലാത്തവനുമാണെന്നു പുസ്തകത്തിലെ പരാമര്‍ശങ്ങളോട് ട്രംപ് പ്രതികരിച്ചു. വിവരങ്ങള്‍ ചോര്‍ത്തുന്നവനും കള്ളം പറയുന്നവനുമാണ് താനെന്നു കോമി തെളിയിച്ചിരുന്നതായും ട്രംപ് പറയുന്നു.
Next Story

RELATED STORIES

Share it