Articles

ട്രംപിന്റെ പാക് നയത്തിനു പിന്നില്‍

അപ്പുക്കുട്ടന്‍  വള്ളിക്കുന്ന്

ഡോണള്‍ഡ് ട്രംപ് പാകിസ്താനോട് പറയുന്നതു കേട്ട് ഇന്ത്യക്കാര്‍ കൈയടിക്കാന്‍ വരട്ടെ. അമേരിക്കയില്‍ നിന്നു നമുക്കെന്തു കിട്ടി, എന്തു പകരം കൊടുക്കേണ്ടിവരും എന്നുകൂടി പരിശോധിച്ച് ആഹ്ലാദിക്കുന്നതായിരിക്കും ബുദ്ധി. കഴിഞ്ഞ 15 കൊല്ലത്തിനിടയില്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് പാകിസ്താനും അമേരിക്കയുമായുള്ള കൊള്ളക്കൊടുക്കലുകളെക്കുറിച്ചു മാത്രമാണ് ട്രംപ് പരാമര്‍ശിച്ചത്. ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ചതിനു ശേഷമുള്ള കാലത്ത് ഭീകരപ്രവര്‍ത്തനം തടയുന്നതിനുള്ള സഹായമായാണ് 3300 കോടി ഡോളര്‍ പാകിസ്താന് ഈ കാലയളവില്‍ അമേരിക്ക കൊടുത്തത്. തിരിച്ചുകിട്ടിയത് ചതിയും നുണയുമാണെന്നു പറഞ്ഞാണ് സഹായം കുറച്ചതും നിര്‍ത്തുമെന്നു ഭീഷണിപ്പെടുത്തുന്നതും. അഫ്ഗാനിസ്താനില്‍ അമേരിക്ക ഭീകരരെ വേട്ടയാടുമ്പോള്‍ പാകിസ്താന്‍ അവര്‍ക്ക് അഭയം കൊടുക്കുകയായിരുന്നെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്. നാലു പതിറ്റാണ്ട് പഴക്കമുള്ളതാണ് അഫ്ഗാനിസ്താന്‍ കേന്ദ്രീകരിച്ചുള്ള ഭീകരപ്രവര്‍ത്തനം. ആ ചരിത്രത്തിന്റെ പൊതി തുറക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. അതിനു വേണ്ടി അമേരിക്ക നല്‍കിയ സഹായത്തിന്റെയും പാകിസ്താന്റെ പങ്കാളിത്തത്തിന്റെയും വിവരം വെളിപ്പെടുത്താന്‍ ട്രംപിനു സാധ്യവുമല്ല. 1979ലാണ് സോവിയറ്റ് യൂനിയന്‍ അഫ്ഗാനിസ്താന്‍ കടന്നാക്രമിച്ചതും ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ അവിടെ അവരോധിച്ചതും. ആ ഗവണ്മെന്റിനെ തകര്‍ക്കാനുള്ള പ്രതിജ്ഞയുമായാണ് ബിന്‍ലാദിന്‍ സൗദി അറേബ്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേക്കു പോയത്. സോവിയറ്റ് യൂനിയന്റെ അധിനിവേശത്തിനെതിരായ ഈ ഭീകരപ്രവര്‍ത്തനത്തിനു സഹായവും പിന്‍ബലവും നല്‍കിയത് സിഐഎയും പാകിസ്താന്‍ സേനാനേതൃത്വവും ഇന്റലിജന്‍സ് ഏജന്‍സിയുമായ ഐഎസ്‌ഐയും ചേര്‍ന്നായിരുന്നു. ശീതയുദ്ധത്തിന്റെ ഭാഗമായി സോവിയറ്റ് യൂനിയനെതിരേ ആഗോളതലത്തില്‍ അമേരിക്ക നടത്തുന്ന സൈനിക-രാഷ്ട്രീയനീക്കങ്ങളുടെ തുടര്‍ച്ചയായിരുന്നു ഇത്. അഫ്ഗാന്‍ അധിനിവേശത്തെ സായുധമായി പരാജയപ്പെടുത്താന്‍ പാകിസ്താന്‍, താലിബാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നും ഫലസ്തീന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുപോലും റിക്രൂട്ട് ചെയ്തതും പരിശീലിപ്പിച്ചതും ബിന്‍ലാദിന്റെ നേതൃത്വത്തിലായിരുന്നു.  മോസ്‌കോക്കെതിരായുള്ള സിഐഎ യുദ്ധത്തിലെ നിര്‍ണായക ഭാഗമായിരുന്നു അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും ഭീകരരും താവളങ്ങളും. 1992ല്‍ അഫ്ഗാന്‍ യുദ്ധം അവസാനിക്കുന്നതിനു മുമ്പുതന്നെ അല്‍ഖാഇദക്ക് ബിന്‍ലാദിന്‍ രൂപം നല്‍കിയിരുന്നു. പിന്നീട് വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കുന്നത് അടക്കമുള്ള ആഗോള ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് അല്‍ഖാഇദയെ വളര്‍ത്തിയത് അമേരിക്കയുടെ സോവിയറ്റ് വിരുദ്ധതയും സിഐഎയുടെ പാകിസ്താനുമായി സഹകരിച്ചുള്ള സാഹസിക നീക്കങ്ങളുമായിരുന്നു. ബിന്‍ലാദിന്‍ അമേരിക്കന്‍ വിരുദ്ധതയിലേക്ക് മാറുന്നത് ഇറാഖിന്റെ കുവൈത്ത് അധിനിവേശവും യുഎസിന്റെ നേതൃത്വത്തില്‍ ഇറാഖിനെതിരേ സഖ്യസേനയുടെ പ്രത്യാക്രമണവും സൃഷ്ടിച്ച രാഷ്ട്രീയ കാരണം കൊണ്ടാണ്. അതേസമയം, ഇന്ത്യയുടെ അമേരിക്കന്‍ അനുഭവങ്ങള്‍ക്ക് നാലു പതിറ്റാണ്ടിന്റെ അനുഭവമുണ്ട്. പാകിസ്താനില്‍ നിന്നുള്ള അഭയാര്‍ഥിപ്രശ്‌നവും ഭക്ഷ്യക്ഷാമവും ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള വന്‍ പ്രതിസന്ധിയുടെയും പശ്ചാത്തലത്തിലാണ് 1949ല്‍ പ്രധാനമന്ത്രി നെഹ്‌റു സഹായത്തിന് അമേരിക്കയെ സമീപിച്ചത്. ശീതയുദ്ധരാഷ്ട്രീയം അമേരിക്കയെയും സോവിയറ്റ് യൂനിയനെയും കേന്ദ്രീകരിച്ച് വലിഞ്ഞുമുറുകി നിന്നിരുന്ന സന്ദര്‍ഭം. കോളനിവാഴ്ചയില്‍ നിന്നു സ്വാതന്ത്ര്യം നേടിയ ഏഷ്യന്‍-ആഫ്രിക്കന്‍ രാഷ്ട്രങ്ങളുടെയും ചേരിചേരാ നയത്തിന്റെയും നേതാവായിത്തീര്‍ന്ന നെഹ്‌റു ഇന്ത്യയുടെ വിദേശ നയം വിശദീകരിച്ചാണ് അമേരിക്കന്‍ സഹായം ആവശ്യപ്പെട്ടത്. പ്രസിഡന്റ് ട്രൂമാന്‍ കണ്ണുതുറന്നില്ല. തന്റെ അനുഭവം നെഹ്‌റു പ്രകടിപ്പിച്ചതിങ്ങനെ: ''എന്നെ സ്വീകരിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. നന്ദിയുണ്ട്. ഞാനത് പ്രകടിപ്പിക്കുകയും ചെയ്തു. പ്രത്യുപകാരമായി അതിനേക്കാളേറെ അവര്‍ പ്രതീക്ഷിച്ചു. അത് നല്‍കുക അസാധ്യമായിരുന്നു.'' ഇന്ത്യയുടെയും അമേരിക്കയുടെയും താല്‍പര്യങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം അവിടെ ആരംഭിക്കുന്നു. 1955 മുതല്‍ പാകിസ്താന് ആയുധവും സഹായവും വാരിക്കോരിക്കൊടുത്തു അമേരിക്ക. ഇന്ത്യയുമായുള്ള യുദ്ധത്തിനു പാകിസ്താനെ തയ്യാറാക്കിയത് അമേരിക്കന്‍ പിന്തുണയും സഹായവുമാണ്. 1971ഓടെ കിഴക്കന്‍ പാകിസ്താനിലെ ജനങ്ങളും പ്രസിഡന്റ് ജനറല്‍ യഹ്‌യാ ഖാന്റെ പട്ടാളഭരണവുമായുള്ള സംഘര്‍ഷം രൂക്ഷമായി. സൈനിക പിന്‍ബലത്തോടെ കിഴക്കന്‍ പാകിസ്താനില്‍ നടത്തിയ മനുഷ്യക്കുരുതി. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ഒരു കോടിയോളം അഭയാര്‍ഥികള്‍ ഇന്ത്യയിലേക്ക് ഓടിവന്നു. കിഴക്കന്‍ പാകിസ്താനിലെ ജനങ്ങളുടെ പോരാട്ടത്തിന്റെ പ്രതീകമായ മുജീബുര്‍റഹ്മാനെതിരേയും വിമോചനസേനയായ മുക്തിബാഹിനിക്കെതിരേയും അമേരിക്കന്‍ സായുധബലം പാകിസ്താന്‍ പട്ടാളഭരണം ഉപയോഗിച്ചു. അതു തടയണമെന്ന് ഇന്ദിരാഗാന്ധി പ്രസിഡന്റ് നിക്‌സനെ ആവര്‍ത്തിച്ച് അറിയിച്ചു. ഇന്ത്യയുടെ വികാരവും നിലപാടും അവഗണിക്കുക മാത്രമല്ല, അമേരിക്കന്‍ നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തുകയാണ് നിക്‌സന്‍ ചെയ്തത്. അഭയാര്‍ഥിപ്രശ്‌നത്തെപ്പറ്റി ഒരു വാക്കു പോലും നിക്‌സന്‍ പരാമര്‍ശിച്ചില്ല. നയതന്ത്ര വഴക്കങ്ങളും മര്യാദകളും ലംഘിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്തു. വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മുക്കാല്‍ മണിക്കൂര്‍ കാത്തിരിക്കേണ്ടിവരുക പോലും ചെയ്തു. ചൈനയുമായി പാലമിടാനും സോവിയറ്റ് യൂനിയനുമായി സുരക്ഷാ കരാറില്‍ ഏര്‍പ്പെട്ട ഇന്ത്യയെ കൈകാര്യം ചെയ്യാനും കൈവശമുള്ള കരുവെന്ന നിലയിലാണ് പാകിസ്താനെ അമേരിക്ക ഉപയോഗിച്ചത്. സോവിയറ്റ് യൂനിയനും ശീതയുദ്ധവുമൊക്കെ ചരിത്രത്തിലെ ഓര്‍മയായി. ആഗോളവല്‍ക്കരണത്തെ തുടര്‍ന്ന് മാറിയ പരിതഃസ്ഥിതിയില്‍ ചൈന വന്‍ സാമ്പത്തിക-സൈനിക ശക്തിയായി. ചൈനയാണ് ഇപ്പോള്‍ അമേരിക്കയുടെ ആഗോള ശത്രു. ഇന്ത്യയോടുള്ള പഴയ നിലപാട് വിട്ട് മുമ്പ് പാകിസ്താനു നല്‍കിയതിലപ്പുറമുള്ള പരിഗണന അമേരിക്ക ഇന്ത്യക്കു നല്‍കുന്നു. യുപിഎ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും തുടര്‍ന്ന് നരേന്ദ്ര മോദിയെയും വിശ്വസ്ത സുഹൃത്തുക്കളായി അമേരിക്കന്‍ പ്രസിഡന്റുമാര്‍ സ്‌നേഹാദരം കൊണ്ടു മൂടുന്നു. അമേരിക്കയ്ക്ക് അതിന്റെ ഏഷ്യയിലെ താല്‍പര്യങ്ങള്‍ക്ക് കാവല്‍ക്കാരനായി ഇന്ത്യയെ ആവശ്യമുണ്ട്. അതിനു വേണ്ടി പുതിയ സൈനിക സുരക്ഷാ സഖ്യങ്ങള്‍ ആഗോള നയങ്ങളുടെ ഭാഗമാക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചൈനയ്‌ക്കെതിരേ ഇന്ത്യയെയും ജപ്പാനെയും ആസ്‌ത്രേലിയയെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ചതുഷ്‌കോണ സൈനിക കൂട്ടായ്മ ആരംഭിച്ചിട്ടുള്ളത്. പത്തു വര്‍ഷം മുമ്പ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ മുന്നോട്ടുവച്ച ഈ ആശയം ഇന്തോനീസ്യയുടെ നിസ്സഹകരണവും ചൈനയുടെ എതിര്‍പ്പും മൂലം അമേരിക്ക വാങ്ങിവച്ചതായിരുന്നു. ഒബാമയും ഇപ്പോള്‍ ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്ന വിദേശനയ സൈനിക കൂട്ടായ്മയില്‍ പാകിസ്താന്‍ ഒരു കല്ലുകടിയാണ്. ട്രംപിന്റെ പ്രസ്താവനയോടെ പൂര്‍ണമായി പാകിസ്താനെ അമേരിക്ക ഉപേക്ഷിച്ചെന്നോ പാകിസ്താന്റെ പ്രസക്തി തന്നെ ഇല്ലാതായെന്നോ കരുതേണ്ട. ആഭ്യന്തരമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയെയും സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള അസംതൃപ്തിയെയും സമ്മര്‍ദത്തെയും നേരിടുന്ന പാകിസ്താനു പിടിച്ചുനില്‍ക്കേണ്ടതുണ്ട്. ചൈനയുടെയും റഷ്യയുടെയും സഹായത്തിനു പാകിസ്താന്‍ പരിശ്രമിക്കുന്നത് സ്വാഭാവികം. ട്രംപിന്റെ നിലപാടില്‍ നിന്നു പുറത്തുവന്നത് മായവും മറയുമില്ലാത്ത യഥാര്‍ഥ സന്ദേശമാണ്: ഞങ്ങള്‍ തരുന്നതിനു പകരമായി നിങ്ങള്‍ എന്താണ് ഞങ്ങള്‍ക്കു തരുന്നത്? അല്ലെങ്കില്‍ നമ്മുടെ ബന്ധം എന്തിന്? രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധങ്ങളെ ട്രംപ് താരതമ്യപ്പെടുത്തുന്നത് അമേരിക്കയ്ക്ക് എന്തു ലാഭം എന്നു നോക്കിയാണ്. ലോക സമാധാനം, ജനാധിപത്യം തുടങ്ങിയ മഹദ്‌വചനങ്ങളൊക്കെ അബ്രഹാം ലിങ്കന്റെ അമേരിക്ക ഉപേക്ഷിച്ചുകഴിഞ്ഞു. അതാണ് സ്വന്തം വ്യവസായത്തിന്റെ ലാഭക്കണക്കുകളിലൂടെ രാഷ്ട്രീയത്തിലേക്ക് വേരോട്ടമുണ്ടാക്കി വളര്‍ന്ന ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. അതുകൊണ്ട് ഇന്ത്യ പാകിസ്താനെ പരിഹസിക്കുന്നതിനു പകരം, നാളെ ഈ കണക്കു പരിശോധന സ്വയം നേരിടേണ്ടിവരുമെന്ന് ഓര്‍ക്കുന്നത് നന്ന്. നെഹ്‌റു ആവിഷ്‌കരിച്ച, ഇന്ത്യ മുന്നോട്ടുകൊണ്ടുപോയ വിദേശ നയത്തിന്റെ വഴി ഇവിടെ മുറിയുകയാണെന്ന് നാം  മനസ്സിലാക്കേണ്ടതുണ്ട്.                                                    ി
Next Story

RELATED STORIES

Share it