World

ട്രംപിനെ തള്ളി ഒപെക്കും റഷ്യയും; എണ്ണ ഉല്‍പാദനം കൂട്ടില്ല

അല്‍ജിയേഴ്‌സ്: എണ്ണവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന യുഎസ് പ്രസിഡന്റ്്് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി ഉല്‍പാദനം അടിയന്തരമായി വര്‍ധിപ്പിക്കേണ്ടതില്ലെന്ന് ഒപെക്കും റഷ്യയും തീരുമാനിച്ചു. ഒപെക് കൂട്ടായ്മയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന സൗദി അറേബ്യയും ഒപെക് ഇതര രാജ്യങ്ങളില്‍ പ്രബല ശക്തിയായ റഷ്യയും സംയുക്തമായി അല്‍ജീരിയയില്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.
ഇതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയാനുള്ള സാധ്യത മങ്ങുകയാണ്. ഡോളര്‍ ശക്തിപ്രാപിക്കുന്നതിനാല്‍ എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്കെല്ലാം നടപടി കനത്ത തിരിച്ചടിയാവും. യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഇറാനില്‍ നിന്ന് എണ്ണ കയറ്റുമതി കുറഞ്ഞതിനെ തുടര്‍ന്നാണു വിപണിയില്‍ എണ്ണവില ഉയരാനിടയാക്കിയത്. രാജ്യാന്തര വിപണിയില്‍ എണ്ണവില കുറയ്ക്കാന്‍, ഉല്‍പാദനം വര്‍ധിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം എണ്ണ വില വര്‍ധിക്കാന്‍ പ്രധാന കാരണം ഒപെക് രാജ്യങ്ങളാണെന്ന ട്രംപിന്റെ ആരോപണത്തിനെതിരേ സൗദി എണ്ണകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് ശക്തമായി തിരിച്ചടിച്ചു. യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണി വിലയെ തങ്ങള്‍ സ്വാധീനിക്കുന്നില്ല. വിപണിയില്‍ കൃത്യമായി എണ്ണ എത്തിക്കാനുള്ള നീക്കങ്ങളാണ് ഒപെക് രാജ്യങ്ങള്‍ നടത്തുന്നത്.
വിപണിയില്‍ സമ്മര്‍ദമുണ്ടാക്കി വില വര്‍ധിപ്പിക്കുക തങ്ങളുടെ ലക്ഷ്യമല്ല. മറിച്ചുള്ള എല്ലാ ആരോപണങ്ങളും തള്ളിക്കളയുന്നു. ജൂണ്‍ മുതല്‍ മതിയായ എണ്ണ എത്തിക്കാനാണു ശ്രമിക്കുന്നതെന്നും സൗദി മന്ത്രി പറഞ്ഞു.
വിപണിയില്‍ ഇറാന്റെ എണ്ണ കുറഞ്ഞിട്ടുണ്ട്. വെനസ്വേലയുടെ എണ്ണയും കുറഞ്ഞു. മെക്‌സിക്കോയുടെ എണ്ണയില്‍ ഗണ്യമായ കുറവുണ്ടായി. ഇതെല്ലാമാണു വിപണിയില്‍ ലഭ്യതയില്‍ ക്ഷാമം നേരിടാന്‍ കാരണം.
ഒപെക് രാജ്യങ്ങള്‍ മതിയായ ഉല്‍പാദനം നടത്തുന്നുണ്ട്. വില വര്‍ധിപ്പിക്കുന്നത് ഒപെക് രാജ്യങ്ങളാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും മന്ത്രി ഖാലിദ് വിശദീകരിച്ചു.
ബ്രന്‍ഡ് ക്രൂഡ് ബാരലിന് 80 ഡോളറിന് താഴെയാണ് ഇപ്പോഴത്തെ വില. നവംബര്‍ നാലിനു യുഎസ് ഉപരോധം നിലവില്‍ വരുന്നതോടെ ആഗോള വിപണിയില്‍ നിന്ന് ഇറാന്റെ എണ്ണ അപ്രത്യക്ഷമാവും. ഇതോടെ പ്രതിസന്ധി രൂക്ഷമാവും. ഇത്് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കും.

Next Story

RELATED STORIES

Share it