ടോള്‍ ബൂത്തിലെ ക്രോസ് ബാര്‍ പി സി ജോര്‍ജ് തകര്‍ത്തു

തൃശൂര്‍: തൃശൂര്‍-കൊച്ചി ദേശീയപാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ പി സി ജോര്‍ജ് എംഎല്‍എയെ തടഞ്ഞതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു സംഭവം. കോഴിക്കോട് നിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയെ ടോള്‍ കൊടുക്കാതെ കടത്തിവിടില്ലെന്നു പറഞ്ഞാണ് തടഞ്ഞുവച്ചത്.
മൂന്നര മിനിറ്റോളം എംഎല്‍എയെ ടോള്‍ പ്ലാസയില്‍ തടഞ്ഞുവച്ചു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ കാറില്‍ നിന്ന് ഇറങ്ങിയ എംഎല്‍എയും സഹായികളും ടോള്‍ ബൂത്തിലെ സ്‌റ്റോപ്പ് ക്രോസ് ബാര്‍ തകര്‍ത്ത് കാറുമായി പോവുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളെയാണ് ടോള്‍ പിരിക്കുന്നതിനായി നിയോഗിച്ചിരിക്കുന്നത്. ഇതുമൂലം വാഹനം ജനപ്രതിനിധിയുടേതെന്നു തിരിച്ചറിയാന്‍ വൈകുകയായിരുന്നുവെന്നു പറയുന്നു. ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലിസില്‍ പരാതി നല്‍കി. അതേസമയം, പാലിയേക്കര ടോള്‍ പ്ലാസയിലേത് അനധികൃത പിരിവെന്നു പി സി ജോര്‍ജ് എംഎല്‍എ. ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷം മലപ്പുറം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങവെ പാലിയേക്കര ടോള്‍ പ്ലാസയില്‍ തന്റെ വാഹനമെത്തിയിട്ടും ആരും ഗേറ്റ് തുറന്നില്ല.  ഇതോടെ, പിന്നാലെ വാഹനങ്ങളില്‍ വന്നവരും പുറത്തിറങ്ങി ബഹളം വച്ചു തനിക്ക് പിന്തുണ നല്‍കിയതോടെയാണ് ഗേറ്റും മറ്റും വലിച്ചു പൊളിക്കാനിടയാക്കിയതെന്നും പി സി ജോര്‍ജ് പറഞ്ഞു.
Next Story

RELATED STORIES

Share it