Kottayam Local

ടൈല്‍ ഫാക്ടറി അടച്ചുപൂട്ടാന്‍ ട്രിബ്യൂണല്‍ ഉത്തരവ്

ഏറ്റുമാനൂര്‍: അനധികൃത ലൈസന്‍സില്‍ പ്രവര്‍ത്തിച്ച ടൈല്‍ ഫാക്ടറി അടച്ചുപൂട്ടണമെന്നും ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ട്രിബ്യുണല്‍ ഉത്തരവിട്ടു. കാണക്കാരി പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ടൈല്‍ ഫാക്ടറിയുടെ കേസിലായിരുന്നു വിധി. 2011ലാണ് പ്രദേശവാസികളുടെ അനുമതി വാങ്ങാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഇവിടെ ഹോളോബ്രിക്‌സ് കമ്പനി ആരംഭിക്കുന്നത്.
ഇതിനെതിരേ മലിനീകരണ നിയന്ത്രണ ബോര്‍ഡിലും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അടക്കമുള്ളവര്‍ക്കും പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നെങ്കിലും പഞ്ചായത്തു കമ്പനിക്കു ലൈസന്‍സ് നല്‍കുകയായിരുന്നു.
പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും പിന്നീട് കമ്പനി അനധികൃതമായി നടത്തുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ലൈസന്‍സ് റദ്ദു ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി നിര്‍ദേശങ്ങളെ പോലും മറികടന്ന് പഞ്ചായത്ത് സെക്രട്ടറി ക്രമവിരുദ്ധമായി കമ്പനിക്കു ലൈസന്‍സ് നല്‍കി. ഇതിനെതിരേ പ്രദേശവാസികള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി 2015ല്‍ കമ്പനിക്കു നല്‍കിയ ലൈസന്‍സ് റദ്ദു  ചെയ്യാന്‍ ഉത്തരവിട്ടു. കമ്പനിയുടെ 20 മീറ്റര്‍ ചുറ്റളവില്‍ ആറോളം വീടുകളാണുള്ളത്.
60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും രോഗികളും വസിക്കുന്ന ഗാര്‍ഹിക മേഖലയിലാണു കമ്പനി പ്രവര്‍ത്തിക്കുന്നത്.
ജനവാസ മേഖലയില്‍ കമ്പനി സ്ഥാപിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ട്രിബ്യൂണല്‍ ഉത്തരവ്.
Next Story

RELATED STORIES

Share it