World

ടെലിഗ്രാമിന് റഷ്യന്‍ കോടതിയുടെ വിലക്ക്‌

മോസ്‌കോ: റഷ്യയില്‍ മെസേജിങ് സേവന ആപ്ലിക്കേഷനായ ടെലിഗ്രാം വിലക്കണമെന്നു കോടതി. മോസ്‌കോ കോടതിയുടേതാണ് ഉത്തരവ്. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ടെലിഗ്രാം ആപ്പ് വിലക്കുന്നതിനായി സര്‍ക്കാര്‍ എന്ത് നടപടികളാണ് സ്വീകരിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
റഷ്യന്‍ സംരംഭകനായ പവേല്‍ ദുറോവ് രൂപപ്പെടുത്തിയ ടെലിഗ്രാം ആപ്പിന് 20 കോടിയിലധികം ഉപഭോക്താക്കളാണ് ലോകവ്യാപകമായിട്ടുള്ളത്. റഷ്യയിലെ ഭരണ പ്രതിപക്ഷ നേതാക്കളും ഉന്നതോദ്യോഗസ്ഥരുമടക്കമുള്ളവര്‍ ഉപയോഗിക്കുന്ന ആപ്പ് വഴി നിര്‍ണായക രഹസ്യങ്ങള്‍ ചോര്‍ന്നത് വിവാദമായിരുന്നു.
ഉപഭോക്താക്കളുടെ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സിക്ക് മുമ്പാകെ വെളിപ്പെടുത്തണമെന്ന റഷ്യയുടെ ആവശ്യം ടെലിഗ്രാം അധികൃതര്‍ നേരത്തേ നിരസിച്ചിരുന്നു. റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ എന്‍ക്രിപ്ഷന്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഉപഭോക്താക്കളുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ എഫ്എസ്ബിയെ അനുവദിക്കില്ലെന്നായിരുന്നു പവേല്‍ ദുറോവ് ഇതുസംബന്ധിച്ചു പരസ്യമായി പ്രതികരണമറിയിച്ചത്.
Next Story

RELATED STORIES

Share it