Idukki local

ടെന്‍ഡര്‍ പിടിച്ചിട്ടും പണി തുടങ്ങാതെ കാഞ്ഞാര്‍-മൂന്നുങ്കവയല്‍ റോഡ്

കാഞ്ഞാര്‍: നാട്ടുകാരുടെ യാത്രാദുരിതം രൂക്ഷമാക്കി രണ്ടുവര്‍ഷം പിന്നിട്ടിട്ടും റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധം ശക്തം. കാഞ്ഞാര്‍-മൂന്നുങ്കവയല്‍ റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും ജോലി തുടങ്ങാന്‍ പോലും അധികൃതര്‍ക്കായിട്ടില്ല. കഴിഞ്ഞ മാസമാണ് ടെന്‍ഡര്‍ പൂര്‍ത്തിയായത്. എന്നാല്‍ കരാറുകാരന്‍ ജോലി തുടങ്ങാന്‍ തയ്യാറാകുന്നില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ടെന്‍ഡര്‍ എടുത്തശേഷം എസ്റ്റിമേറ്റ് തുക പുതുക്കി കൂടുതല്‍ തുക തട്ടാനുള്ള കരാറുകാരന്റെ തന്ത്രമാണ് റോഡിന്റെ ശോചനീയാവസ്ഥയ്ക്കു കാരണമെന്നു പറയുന്നു. റോഡ് നന്നാക്കാന്‍ നിരവധി സമരങ്ങള്‍ നാട്ടുകാര്‍ നടത്തിയിരുന്നു. സമരം ശക്തമായതോടെ 2016 മാര്‍ച്ച് 31നുള്ളില്‍ റോഡ് പൂര്‍ണമായി ഗതാഗതയോഗ്യമാക്കുമെന്നു പറഞ്ഞു ജനപ്രതിനിധികള്‍ മടങ്ങി. എന്നാല്‍ വീണ്ടും ഒന്നരവര്‍ഷം കൂടി കഴിഞ്ഞാണ് റോഡ് നന്നാക്കാന്‍ ടെന്‍ഡര്‍ ആയത്. മേജര്‍ ഡിസ്ട്രിക്ട് റോഡായ കാഞ്ഞാര്‍-മണപ്പാടി റോഡിനെ ആശ്രയിച്ച് നൂറുകണക്കിനു കുടുംബങ്ങളാണുള്ളത്. ഇതിനിടെ ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് മൂന്നുങ്കവയലിലേക്കു മാറ്റിയതോടെ ഇതിലെ ഗതാഗതം ഇരട്ടിയായി. ഇതോടെ റോഡ് പൂര്‍ണമായി തകര്‍ന്നു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ ജനകീയ സമരങ്ങള്‍ നടത്തിയെങ്കിലും റോഡിലെ കുഴികള്‍ വലുതാകുന്നതല്ലാതെ യാതൊരു പ്രയോജനവുമില്ലെന്നു നാട്ടുകാര്‍ പറയുന്നു. പ്രതിഷേധസൂചകമായി ഗട്ടറില്‍ ചാടാതെ  ബൈക്കോടിക്കല്‍ മല്‍സരവും ഇവിടെ അരങ്ങേറിയിരുന്നു. നൂറുകണക്കിനു വാഹനങ്ങളാണ് ഇപ്പോള്‍ ഈ റോഡിലൂടെ ദിവസേന കടന്നുപോവുന്നത്. കുഴിയില്‍ ചാടാതെ വാഹനങ്ങള്‍ വെട്ടിക്കുമ്പോള്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയാവുകയാണ്.
Next Story

RELATED STORIES

Share it