ടൂറിസം മേഖലയില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

തിരുവനന്തപുരം: മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ അഞ്ചു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ആരംഭിച്ച കേരള എച്ച്ആര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൂറിസം രംഗത്ത് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പരിശീലനവും നല്‍കുന്നതിനൊപ്പം തൊഴില്‍ദാതാക്കളെയും തൊഴിലന്വേഷകരെയും ബന്ധിപ്പിക്കുകയും ടൂറിസം ഹോസ്പിറ്റാലിറ്റി രംഗത്തെ തൊഴിലവസരങ്ങള്‍ ഒരു കുടക്കീഴിലാക്കുകയും ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണ് ീtuൃശാെരമൃൃശലൃ.െശി എന്ന എച്ച്ആര്‍ പോര്‍ട്ടല്‍ കിറ്റ്‌സ് ആരംഭിക്കുന്നത്. സംസ്ഥാനത്ത് ടൂറിസം വളര്‍ച്ചയുടെ പാതയിലാണെന്ന് മന്ത്രി പറഞ്ഞു. ടൂറിസം വ്യവസായത്തിലുണ്ടായ മാന്ദ്യം പൂര്‍ണമായി ഇല്ലാതാക്കാനും നവീന ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും കഴിഞ്ഞു. പുതിയ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രധാനപ്പെട്ട എല്ലാ ടൂറിസം കേന്ദ്രങ്ങളും വികസിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചുവരുകയാണ്. 300 കോടിയിലധികം ചെലവു വരുന്ന റിവര്‍ ക്രൂയിസ് പദ്ധതി മലബാറിനെ ലോക ടൂറിസം ഭൂപടത്തില്‍ പ്രധാന സ്ഥാനത്തെത്തിക്കാന്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും മന്ത്രി പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ പക്ഷിശില്‍പം പ്രധാന ആകര്‍ഷണമായ ജടായുപ്പാറ ചിങ്ങം ഒന്നിന് വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കും. നിശാഗന്ധി നൃത്തോല്‍സവവും മണ്‍സൂണ്‍ സംഗീതോല്‍സവവും വിദേശ ടൂറിസ്റ്റുകളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ആവിഷ്‌കരിക്കുന്നത്. തൊഴില്‍രഹിതരായ യുവാക്കളെയും വ്യവസായികളെയും സംരംഭകരെയും ഒരുമിച്ചെത്തിക്കുന്ന പോര്‍ട്ടല്‍ ടൂറിസം രംഗത്തിന് ഗുണകരമായ മാറ്റങ്ങളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കിറ്റ്‌സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്ത്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്,  കെ ജയകുമാര്‍, വിദ്യാ മോഹന്‍, ആര്‍ രാഹുല്‍, ബേബി മാത്യു,  ഇ എം നജീബ്, ഡി ചന്ദ്രസേനന്‍ നായര്‍, പി കെ അനീഷ്‌കുമാര്‍, ഡോ. ബി രാജേന്ദ്രന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it