World

ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിനുള്ളില്‍ രഹസ്യ അറയില്ലെന്ന് ഗവേഷകര്‍

കെയ്‌റോ: ഈജിപ്തിലെ പ്രശസ്തമായ ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിലെ രഹസ്യ അറയെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ക്ക് തിരശ്ശീല വീണു. അത്തരമൊരു അറ ശവകുടീരത്തില്‍ ഇല്ലെന്ന തീര്‍പ്പിലെത്തിയാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ ശവകുടീരത്തിലെ രഹസ്യ അറ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്.
ഈജിപ്ഷ്യന്‍ ഫറോവാ ആയിരുന്ന ടുട്ടന്‍ഖാമുന്റെ 3000 വര്‍ഷം പഴക്കമുള്ള ശവകുടീരത്തില്‍ ഒരു രഹസ്യ അറ ഒളിഞ്ഞിരിപ്പുണ്ടെന്നായിരുന്നു ഏറെക്കാലമായി വിശ്വസിക്കപ്പെട്ടിരുന്നത്. ടുട്ടന്‍ഖാമുന്റെ മാതാവ് നെഫര്‍ടിറ്റിയുടേതാണ് ഈ അറ എന്നായിരുന്നു കരുതപ്പെട്ടിരുന്നത്. ഗവേഷകരും ഇത്തരമൊരു അറയുണ്ട് എന്നുതന്നെയാണ് കരുതിയിരുന്നത്.
എന്നാല്‍, ടൂറിന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് അറ ഇല്ലെന്ന നിഗമനത്തിലെത്തിയത്. നീണ്ട ഗവേഷണത്തിനൊടുവിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. നേരത്തേ ഇംഗ്ലീഷ് പുരാവസ്തു ഗവേഷകനായ നിക്കോളസ് റീവ്‌സാണ് രഹസ്യ അറ ഉണ്ടെന്നു പ്രവചിച്ചത്.ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിന്റെ ഭിത്തികള്‍ക്കു പിന്നില്‍ രഹസ്യ അറയുണ്ടെന്നും ഇതിന്റെ സൂചനകള്‍ ഭിത്തികളില്‍ കാണാനുണ്ടെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. നെഫര്‍ടിറ്റി രാജ്ഞിക്കായി രൂപകല്‍പ്പന ചെയ്ത താരതമ്യേന ചെറിയ ശവകുടീരം ടുട്ടന്‍ഖാമുന്റെ ശവകുടീരത്തില്‍ ഉണ്ടെന്നായിരുന്നു ദ ബറിയല്‍ ഓഫ് നഫേര്‍ത്തി എന്നപേരില്‍ 2015ല്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ അദ്ദേഹം വാദിച്ചത്.
എന്നാല്‍, ഈ വിശ്വാസത്തെ തകര്‍ത്തെറിഞ്ഞാണ് ടൂറിന്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ ഗവേഷണ റിപോര്‍ട്ട് പുറത്തു വന്നത്. നിരവധി തവണ നടത്തിയ റഡാര്‍ പരിശോധനകള്‍ക്കു ശേഷമാണ് ടുട്ടന്‍ഖാമുന്‍ ശവകുടീരത്തിനുള്ളില്‍ രഹസ്യ അറ ഇല്ലെന്ന കാര്യം സ്ഥിരീകരിച്ചതെന്നു ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഡോ. ഫ്രാന്‍സിസ്‌കോ പോര്‍സെല്ലി പറഞ്ഞു.
Next Story

RELATED STORIES

Share it