ടീനയുടെ മരണം: ദുരൂഹതയില്‍ ഉറച്ച് ശശീന്ദ്രന്റെ കുടുംബം

പാലക്കാട്: മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ ഉറച്ച് ശശീന്ദ്രന്റെ സഹോദരനും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും. ശശീന്ദ്രന്റെ മരണവും മലബാര്‍ സിമന്റ്‌സ് അഴിമതിയും കൃത്യമായി അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിച്ച് നീതി നടപ്പാക്കിയിരുന്നുവെങ്കില്‍ ടീനയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് ശശീന്ദ്രന്റെ സഹോദരന്‍ ഡോ. വി സനല്‍ കുമാര്‍ പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയും മരണത്തിലെ ദുരൂഹത സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടും മുഖ്യമന്ത്രിയെ കാണുമെന്നും സനല്‍ കുമാര്‍ പറഞ്ഞു. ടീനയ്ക്ക് വൃക്കസംബന്ധമായ ഏതെങ്കിലും അസുഖമുള്ളതായി ആരും അറിയില്ല. ഡയാലിസിസ് പോലുള്ള ചികില്‍സയ്ക്കും ടീന വിധേയയായിരുന്നില്ല. പനിയായിട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസത്തിനകം മരണപ്പെടുകയും ചെയ്തു. അതുകൊണ്ടാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്നതെന്നും സനല്‍ കുമാര്‍ പറഞ്ഞു.
ടീനയുടെ മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കോയമ്പത്തൂര്‍ പോത്തന്നൂര്‍ പി ആന്റ് ഡി കോളനിക്ക് സമീപത്തെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിച്ചു. ടീനയുടെ ബന്ധുക്കളും ശശീന്ദ്രന്റെ സഹോദരന്‍ സനല്‍ കുമാറും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുത്തു.
Next Story

RELATED STORIES

Share it