ടി പി വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്

ചകണ്ണൂര്‍/കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൂടിക്കാഴ്ച നടത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട എട്ടാം പ്രതിയും സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ കെ സി രാമചന്ദ്രന്‍, നാലാം പ്രതി പാട്യം പത്തായക്കുന്നിലെ ടി കെ രജീഷ് എന്നിവരുമായാണ് ഇന്നലെ രാവിലെ ഒമ്പതോടെ കൂടിക്കാഴ്ച നടത്തിയത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് തടവുകാരുമായി കൂടിക്കാഴ്ച നടത്തിയത്. ടി പി കേസ് പ്രതികള്‍ ഉള്‍പ്പെടെ 20 തടവുകാര്‍ പരോള്‍ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്കു നല്‍കുകയും ചെയ്തു. ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാ സെക്രട്ടേറിയറ്റംഗം വല്‍സന്‍ പനോളി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാരായ കെ കെ രാഗേഷ്, പി കെ ശ്രീമതി, ജയില്‍ മേധാവി ആര്‍ ശ്രീലേഖ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. അതേസമയം, ടി പി കേസിലെ മറ്റൊരു പ്രതിയും സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി മുന്‍ അംഗവുമായ പി കെ കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല.
എന്നാല്‍, ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുന്നതിനിടെ തടവുകാര്‍ക്കിടയില്‍ നിന്നു കുഞ്ഞനന്തന്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യുകയും അദ്ദേഹം പ്രത്യഭിവാദ്യം ചെയ്യുകയും ചെയ്തു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശനത്തിനിടയില്‍ ടി പി കേസ് പ്രതികളായ കെ സി രാമചന്ദ്രന്‍, ടി കെ രജീഷ് എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയത് വഴി പ്രതികളുമായി അദ്ദേഹത്തിനുള്ള ദൃഢമായ ബന്ധം കൂടുതല്‍ വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎം ഉന്നത നേതാക്കള്‍ക്ക് ടി പി വധത്തില്‍ പങ്കുണ്ടെന്നും അതു കണ്ടെത്താന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സമയത്തെ മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഗൗരവം വര്‍ധിപ്പിക്കുകയാണ്.
കുഞ്ഞനന്തന്‍ വേണ്ടപ്പെട്ടവനാണെന്ന പരസ്യനിലപാട് സ്വീകരിക്കുകയും പിന്നീട് ശിക്ഷായിളവ് ചെയ്തു ജയിലില്‍ നിന്നു തുറന്നുവിടാനുള്ള നീക്കവും പ്രതികളുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ബന്ധത്തിന്റെ ഭാഗം തന്നെയായിരുന്നു. പാര്‍ട്ടി അന്വേഷണത്തില്‍ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനെന്നു കണ്ടെത്തുകയും പാര്‍ട്ടി പുറത്താക്കിയെന്നു പുറമേ പ്രചാരണം നടത്തുകയും ചെയ്ത രാമചന്ദ്രനുള്‍പ്പെടെയുള്ള കൊടും ക്രിമിനലുകളുമായി പ്രത്യേക ചര്‍ച്ച നടത്തിയത് പൊതുസമൂഹത്തോടുള്ള മുഖ്യമന്ത്രിയുടെ വെല്ലുവിളിയാണ്.  പ്രതികള്‍ക്ക് ചട്ടവിരുദ്ധ പരോള്‍ അനുവദിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്നും എന്‍ വേണു പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it