ടി എച്ച് പി ചെന്താരശ്ശേരി അന്തരിച്ചു

തിരുവനന്തപുരം: അയ്യങ്കാളിയുടെ ജീവചരിത്രം ഉള്‍പ്പെടെ നിരവധി കൃതികളുടെ രചയിതാവായ പ്രമുഖ ചരിത്രകാരന്‍ ടി എച്ച് പി ചെന്താരശ്ശേരി അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു രാവിലെ 10ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
കണ്ണന്‍ തിരുവന്റെയും ആനിച്ചന്‍ ആനിമയുടെയും മൂത്ത പുത്രനായി 1928 ജൂലൈ 29ന് തിരുവല്ല ഓതറയില്‍ ടി എച്ച് പി ചെന്താരശ്ശേരി എന്ന ടി ഹീരാപ്രസാദ് ജനിച്ചു. ചങ്ങനാശ്ശേരി എസ്ബി കോളജില്‍ നിന്നു പ്രീഡിഗ്രിയും തുടര്‍ന്ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജില്‍ നിന്നും എംജി കോളജില്‍ നിന്നും ബിഎ, ബികോം ഡിഗ്രികള്‍ സമ്പാദിച്ചു. അതിനുശേഷം അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ചു. 1986ല്‍ വിരമിച്ചു. 1955ല്‍ സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളുടെ ചരിത്രങ്ങളുടെ സത്യാന്വേഷണം ആരംഭിച്ചു. അതിന്റെ ഭാഗമായി പ്രമുഖ ചരിത്രകാരനായ ഇളംകുളം കുഞ്ഞന്‍പിള്ളയുടെ നിരവധി ഗ്രന്ഥങ്ങള്‍ പഠിക്കുകയും പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ഇളംകുളവും കേരള ചരിത്രവും’എന്ന പുസ്തകം രചിക്കുകയും ചെയ്തു. ഇത് ഒരുപക്ഷേ, ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ചരിത്രഗ്രന്ഥത്തെക്കുറിച്ചുള്ള ആദ്യത്തെ നിരൂപണ ഗ്രന്ഥവുമായിരിക്കും. മഹാത്മാ അയ്യങ്കാളിയുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി എഴുതിയത് ടി എച്ച് പി ചെന്താരശ്ശേരിയാണ്. തുടര്‍ന്ന്, ഡോ. അംബേദ്കര്‍, പൊയ്കയില്‍ അപ്പച്ചന്‍, പാമ്പാടി ജോണ്‍ ജോസഫ്, സ്വാമി ആനന്ദതീര്‍ത്ഥന്‍ എന്നീ മഹാന്മാരെക്കുറിച്ചും ജീവചരിത്രമെഴുതി.
2012ല്‍ സിയാന്‍സു പ്രസിദ്ധീകരിച്ച തലമുറകള്‍ എന്ന സാമൂഹിക-ചരിത്ര നോവല്‍ എഴുതി. 2014ല്‍ കോഴിക്കോട് ബഹുജന്‍ സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കേരള നവോത്ഥാന നായകന്മാര്‍  എന്ന ഗ്രന്ഥമെഴുതി. അതിന്റെ പ്രതിപാദ്യവിഷയം ദലിതരുടെ സാമൂഹിക നവോത്ഥാന നായകന്മാരെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് വെള്ളിക്കര ചോതി, തൈക്കാട് അയ്യാവു സ്വാമി, ടി ടി കേശവന്‍ ശാസ്ത്രി, കെ വി പത്രോസ്, എന്നീ മഹദ് വ്യക്തികളുടെ ജീവിതപ്രവര്‍ത്തനങ്ങളെക്കുറിച്ച് വെളിച്ചം വീശുന്നവയായിരുന്നു അത്. കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍, കേരള ചരിത്രധാര, കേരള മലര്‍വാടി (വയനാട്), ചേരനാട്ടു ചരിത്രശകലങ്ങള്‍, കേരള ചരിത്രത്തിനൊരു മുഖവുര, അയ്യങ്കാളി നടത്തിയ സ്വാതന്ത്ര്യ സമരങ്ങ ള്‍, ആദി ഇന്ത്യയുടെ ചരിത്രം, കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യങ്കാളി തുടങ്ങിയവ അദ്ദേഹത്തിന്റെ ഇതര മലയാള ഗവേഷണ പഠനങ്ങളാണ്.
ടി ഹീരാപ്രസാദ് എന്നപേരില്‍ ഇംഗ്ലീഷില്‍ എഴുതിയ പ്രൗഢഗവേഷണ പഠനഗ്രന്ഥങ്ങളാണ് അയ്യങ്കാളി പ്രഥമ ദലിത് നേതാവ്, ഇന്ത്യയിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ ചരിത്രം, അംബേദ്കറും ഇന്ത്യാ ചരിത്രവും എന്നിവ.  ഈ ഗ്രന്ഥങ്ങള്‍ കേരള ചരിത്രത്തിലെ അറിവിന്റെ ആകാശഗോപുരങ്ങളായി വര്‍ത്തിക്കുന്നു. കേരളത്തിലെ ചില പ്രദേശങ്ങളുടെ വിവരണങ്ങളാണ് കേരളത്തിലെ വിരിമാറിലൂടെ, അവന്റെ യാത്രകള്‍ തുടങ്ങിയവ. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2012ല്‍ നല്‍കി ആദരിച്ചു.
1991ല്‍ നാഷനല്‍ ദലിത് സാഹിത്യ അവാര്‍ഡും 2000ല്‍ അംബേഡ്കര്‍ ഇന്റര്‍നാഷന ല്‍ അവാര്‍ഡും ലഭിച്ചു. ടി എച്ച് പി ചെന്താരശ്ശേരി രചിച്ച 30 പുസ്തകങ്ങളെ മാനദണ്ഡമാക്കി നാലാമത് പ്രഫ. എ ശ്രീധരമേനോന്‍ മെമ്മോറിയല്‍ കേരളശ്രീ സമ്മാന്‍ അവാര്‍ഡ് 2014 ജൂലൈയില്‍ അദ്ദേഹത്തിനു ലഭിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കേരള സ്റ്റഡീസ് ഇന്ത്യയിലെ മുതിര്‍ന്ന ചരിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ആദരിച്ചു. ദലിത് ചരിത്രഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് ആദരിച്ചത്. അദ്ദേഹം നോവല്‍, നാടകം, യാത്രാവിവരണങ്ങള്‍ എന്നിവ എഴുതി മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിച്ചിട്ടുണ്ട്. വര്‍ണബാഹ്യ നവോത്ഥാന ശില്‍പ്പികളാണ് അവസാന കൃതി. കഴിഞ്ഞ ആറു പതിറ്റാണ്ട് മുഖ്യധാരാ വൈജ്ഞാനിക മേഖലയില്‍ തിളങ്ങിനിന്ന വിളക്കാണ് അണഞ്ഞത്.
Next Story

RELATED STORIES

Share it