kannur local

ടിപ്പര്‍ ലോറികളുടെ സമയ നിയന്ത്രണം പുനക്രമീകരിച്ചു

കണ്ണൂര്‍:   സ്‌കൂള്‍ സമയങ്ങളില്‍ നിരത്തുകളില്‍ നിയന്ത്രണമില്ലാതെ ടിപ്പര്‍ലോറികള്‍ ചീറിപ്പായുന്നതിനെതിരേ നടപടി. ടിപ്പറുകളുടെ സമയനിയന്ത്രണം രാവിലെ 8.30 മുതല്‍ 10 വരെയും വൈകീട്ട് 3.30 മുതല്‍ 5 വരെയും ആയി പുനക്രമീകരിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. നേരത്തെ രാവിലെ 8 മുതല്‍ 10 വരെയും വൈകീട്ട് 3 മുതല്‍ 4.30 വരെയും ടിപ്പര്‍ലോറികള്‍ നിരത്തിലൂടെ ഓടിക്കാന്‍ പാടില്ലെന്നായിരുന്നു സര്‍ക്കാര്‍ വ്യവസ്ഥ. എന്നാല്‍, അധ്യയനവര്‍ഷം ആരംഭിച്ചതോടെ യാതൊരു നിയന്ത്രണവും പാലിക്കാതെ ടിപ്പര്‍ലോറികളുടെ മരണപ്പാച്ചില്‍ മൂലം കടുത്ത ആശങ്കയിലാണ് രക്ഷിതാക്കള്‍.
ടിപ്പറുകളും അനുവദനീയമായ വേഗം മണിക്കൂറില്‍ 60 കിലോമീറ്ററാണ്. എന്നാല്‍, ഇതും മറികടന്നാണ് ലോറികള്‍ ചീറിപ്പായുന്നത്. ടിപ്പറുകളില്‍ സ്പീഡ് ഗവേണര്‍ ഘടിപ്പിക്കണമെന്നാണ് ചട്ടമെങ്കിലും മിക്ക ലോറികളും ഇവ വിച്ഛേദിച്ചാണ് ഓടുന്നത്. പ്രധാന റോഡുകളില്‍ പോലിസ്-മോട്ടോര്‍ വാഹനവകുപ്പുകളുടെ പരിശോധനകള്‍ ഉള്ളതിനാല്‍ ഇടറോഡുകള്‍ വഴിയാണ് സ്‌കൂള്‍ സമയങ്ങളില്‍ ടിപ്പറുകളുടെ സഞ്ചാരം.
വിദ്യാര്‍ഥികളുമായി എത്തുന്ന വാഹനങ്ങളെപ്പോലും കടത്തിവിടാതെയാണ് ഇത്തരം വാഹനങ്ങളുടെ ചീറിപ്പാച്ചില്‍. മഴക്കാലം കൂടിയായതിനാല്‍ അപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇതുസംബന്ധിച്ച് പരാതികള്‍ വ്യാപകമായതോടെയാണ് കര്‍ശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it